Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അടിയാണ് യഥാർഥ അവാർഡ്!

Anoop അനൂപ്

മൂകാംബികയിൽ വച്ച് മുതുകത്തു കിട്ടിയ ആ അടിയുണ്ടല്ലോ, അനൂപിനെ സംബന്ധിച്ച് അതൊരു ഒന്നൊന്നര അവാർഡിന്റെ ഫലം ചെയ്തിരിക്കും. അടിച്ച സ്ത്രീ മലയാളിയാണെന്നും എന്തിനാണ് അടിച്ചതെന്നും അടിയുടെ ചൂടു മാറും മുൻപേ നടൻ മനസ്സിലാക്കി.

അടി കിട്ടിയത് അനൂപിനായിരുന്നില്ല, അനൂപ് വേഷമിട്ട ‘നിലവിളക്കി’ലെ വില്ലൻ കഥാപാത്രം പ്രവീണിനായിരുന്നു. ജീവിക്കാൻ വേണ്ടി എന്തു തോന്ന്യാസവും കാണിക്കാൻ മടിയില്ലാത്ത ‘വില്ലനെ’ വഴിയോരത്തു കണ്ടുമുട്ടിയപ്പോൾ ഒരു സാധാരണ പ്രേക്ഷകയുടെ കൈ തരിച്ചതാണു കാരണം. അടിയും കൊടുത്ത് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് കൈയും വീശി നടന്നകന്ന ആ സ്ത്രീയെ ജീവിതകാലം മുഴുവൻ അനൂപ് ഓർക്കുമെന്നു തീർച്ച.

ഇരുപത്തിരണ്ടു വർഷത്തെ അഭിനയജീവിതത്തിനിടയിൽ അവാർഡുകളൊന്നും ഈ കലാകാരനെ തേടിയെത്തിയില്ല. എന്നാൽ ഒരു യഥാർഥ പ്രേക്ഷകയുടെ പ്രതികരണം അനൂപിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി കരുതാം. താൻ ചെയ്ത വില്ലൻ വേഷം നൂറു ശതമാനവും വിജയിച്ചുവെന്നതിനു വേറെന്തു തെളിവ്?

Anoop അനൂപ്

നായകനായും പ്രതിനായകനായും നൂറിലധികം സീരിയലുകളിൽ അനൂപ് അഭിനയിച്ചു കഴിഞ്ഞു. അഭിനയത്തിലെ സ്വാഭാവികതയാണ് ഈ നടന്റെ എക്കാലത്തേയും മുഖമുദ്ര. ‘ഇവിടെ എല്ലാവർക്കും സുഖം.’ ‘ബന്ധുവാര് ശത്രുവാര്’ എന്നീ സീരിയലുകളാണ് അനൂപ് ഏറ്റവും ഒടുവിൽ ചെയ്തത്. ‘ഇവിടെ എല്ലാവർക്കും സുഖ’ത്തിലെ മലയോര കോൺഗ്രസ് നേതാവ് മോനിച്ചൻ മികച്ച കഥാപാത്രമായി പ്രേക്ഷക മനസ്സിൽ വളരെ പെട്ടെന്ന് ഇടം തേടി. വലിയ സ്വപ്നങ്ങൾ കാണുന്ന ചെറിയ രാഷ്ട്രീയക്കാരനാണു മോനിച്ചൻ പക്ഷേ, വീട്ടിലെ പ്രശ്നങ്ങൾ തീർക്കുന്നതിനിടയിൽ നാട്ടുകാര്യങ്ങൾക്കായി എങ്ങനെ സമയം കിട്ടാനാണ്? അങ്ങനെ ത്രിശങ്കുവില്‍പെട്ടുഴലുന്ന കഥാപാത്രത്തെയാണ് അനൂപ് ഉജ്വലമാക്കിയത്.

‘അപ്പൂസ് അഥവാ അപ്പുക്കുട്ട’നാണു അനൂപ് ആദ്യമായി നായകനായ സീരിയൽ. ‘പകിട പമ്പരം’, ‘അങ്കപ്പുറപ്പാട്’, മഹാത്മാ ഗാന്ധി കോളനി, ‘കുടുംബ പൊലീസ്’ ആർ ഗോപിനാഥിന്റെ ‘മനസ്സു പറയുന്ന കാര്യങ്ങള്‍’ തുടങ്ങിയ സീരിയലുകളിലും അനൂപിനു ശ്രദ്ധിക്കുന്ന വേഷങ്ങൾ കിട്ടി. അമച്വർ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അനൂപിനു സീരിയലുകളിലേക്ക് അവസരം ലഭിക്കുന്നത്. ഈ ഭാഗ്യത്തിന് ക്യാമറാമാൻ അഴകപ്പനും സംവിധായകൻ ആനയറ ഷാജിക്കും അനൂപ് നന്ദി പറയുന്നു. ‘കുട വേണോ കുട’, ‘വേരുകൾ’, ‘അങ്കപ്പുറപ്പാട്’ എന്നീ സീരിയലുകളിലാണ്. ആദ്യ കാലങ്ങളിൽ അഭിനയിച്ചത്. ‘നോവൽ’, ‘നാട്ടുരാജാവ്’. ‘മുല്ലശ്ശേരി മാധവൻകുട്ടി’ തുടങ്ങിയ സിനിമകളിലും അനൂപ് ശ്രദ്ധിക്കുന്ന വേഷങ്ങൾ ചെയ്തു. വിവിധ ചാനലുകളിൽ അവതാരകനായും തിളങ്ങിയ കലാകാരനാണ് അനൂപ്. ദൂരദര്‍ശനിലെ അവതരണത്തിന് അവാർഡും ലഭിച്ചു.

സ്ക്രിപ്റ്റ് റൈറ്റർ കൂടിയാണ് അനൂപ്. ‘സെക്കൻഡ്സ്’ എന്ന സിനിമയ്ക്കു കഥ, തിരക്കഥ, സംഭാഷണം രചിച്ചത് അനൂപ് ആണ്. സിനിമയിലേക്ക് ഇനിയും അവസരങ്ങള്‍ അനൂപിനെ കാത്തുകിടക്കുന്നു.

Anoop അനൂപ് കുടുംബത്തിനൊപ്പം

ഉടനെ വരാനിരിക്കുന്ന സീരിയലാണ് ‘അനിയൻ ബാവ, ചേട്ടൻ ബാവ’. രഞ്ജിത് സംവിധാനം ചെയ്യുന്ന സീരിയലിൽ ചേട്ടനായി ജയകുമാർ (തട്ടീം മുട്ടീം) വേഷമിടുന്നു. അനിയൻ‌ ബാവയുടെ റോളിലാണ് അനൂപ് എത്തുക. ഹാസ്യരസപ്രധാനമായ ഈ സീരിയലിനെക്കുറിച്ച് അനൂപ്:

‘‘ചേട്ടൻ ബാവയുടെയും അനിയൻബാവയുടെയും അമ്മയായി അഭിനയിക്കുന്നത് കലാരഞ്ജിനിച്ചേച്ചിയാണ്. ചേട്ടൻ ബാവയുടെ ഭാര്യയായി സ്നേഹയും (മറിമായം) അനിയൻ ബാവയു ടെ ഭാര്യയായി ഷാലു കുര്യനും അഭിനയിക്കുന്നു. വീട്ടിലെ കാര്യസ്ഥനെ അവതരിപ്പിക്കുന്നത് ഇപ്പോൾ മലയാള സിനിമയിലും സീരിയലിലും നിറഞ്ഞു നിൽക്കുന്ന നസീർ സംക്രാ ന്തിയാണ്.’’

തിരുവനന്തപുരം പേരൂർക്കട സിത്താരയിൽ ശിവസേവന്റെയും നളിനിയുടെയും മകനാണ് അനൂപ്. അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനും അമ്മ ഹൈസ്കൂൾ ടീച്ചറായും റിട്ടയർ ചെയ്തു. ഗുഡ്ഷെപ്പേർഡ് സ്കൂളിലെ അധ്യാപിക റൂണിയാണ് അനൂപിന്റെ ഭാര്യ. രണ്ടു മക്കൾ– രണ്ടിൽ പഠിക്കുന്ന ദിയയും യുകെജിയിൽ പഠിക്കുന്ന ആദിത്യയും

Your Rating: