കുടുംബപ്രേക്ഷകർ ഇഷ്ടമെന്നല്ല, പൊന്നിഷ്ടമെന്നു വിധിയെഴുതിയ സീരിയലാണു മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തുവരുന്ന ‘ആത്മസഖി’, അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ സീരിയലിന്റെ സംവിധാനം മോഹൻ കുപ്ലേരിയാണ്. കഥയും തിരക്കഥയും സംഭാഷണവും പ്രശസ്ത നടി സംഗീത മോഹന്റേത്.
മുപ്പതു വർഷത്തിനുശേഷം അച്ഛനെതേടി കൊൽക്കത്തയിൽനിന്നു വരുന്ന മകൾ ചാരുലത കുടുംബസദസ്സുകളിലാകെ ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. വേറിട്ട ആ അഭിനയ മികവിനെ എത്ര പ്രകീർത്തിച്ചിട്ടും അവർക്കു മതിയാവുന്നില്ല. അതുകൊണ്ട് ചാരുലതയെ ഇത്രയ്ക്കും സ്വാഭാവികതയോടെ അവതരിപ്പിച്ച നടി ചിലങ്കയെ ഒരിക്കൽകൂടി അഭിനന്ദിക്കാം. ചാരുലതയെ പ്രേക്ഷകരെല്ലാം ഇഷ്ടപ്പെടുന്നതുപോലെ ഈ കഥാപാത്രത്തെ മറ്റാരെക്കാളും ഇഷ്ടപ്പെടുന്ന ഒരാളുണ്ട് – അതു ആരാണെന്നല്ലേ, നടി ചിലങ്ക തന്നെ. പ്രേക്ഷകരുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും ലാളിത്യം കൈവിടാതെ ചിലങ്ക പറയുന്നു: ‘ഇത് സംവിധായകനടക്കമുള്ളവരുടെ കഴിവാണ്. ഒാരോരുത്തർക്കും നന്ദി !

ചിലങ്ക എന്ന പേര് ആരുടെ ബുദ്ധിയിൽനിന്നു ഉരുത്തിരിഞ്ഞതാണ്? അങ്ങനെ ചോദിക്കുന്നവർക്കു ചിലങ്കയുടെ മറുപടി: ‘തഹസിൽദാരായിരുന്ന എന്റെ അച്ഛന്റെ അച്ഛൻ വാസുക്കുട്ടിയാണു ഈ പേരിട്ടത്. മുത്തച്ഛൻ കലാസ്വാദകനായിരുന്നു. എന്നെ ഒരു നർത്തകിയാക്കണമെന്നായിരുന്നു മോഹം. അതുകൊണ്ടായിരിക്കണം ചിലങ്ക എന്നു പേരു വിളിച്ചത്.’’
ഏതായാലും കുഞ്ഞുനാളിലേ ചിലങ്ക ചിലങ്കയണിഞ്ഞു. റിഗാറ്റ ഗിരിജാ ചന്ദ്രന്റെ ശിക്ഷണത്തിൽ രണ്ടു വർഷം മുൻപു വരെ ചിലങ്ക ഭരതനാട്യം അഭ്യസിച്ചിരുന്നു.
വിനയൻ സംവിധാനം ചെയ്ത ‘ലിറ്റിൽ സൂപ്പർമാൻ’ എന്ന സിനിമയിലൂടെയാണു ചിലങ്ക അഭിനയജീവിതത്തിലേക്കു ചുവടുവച്ചത്. അതിൽ അധ്യാപികയുടെ വേഷമായിരുന്നു. മുൻപു ചെയ്ത ആൽബം കണ്ടാണ് അച്ഛന്റെ കൂട്ടുകാരൻ വഴി സിനിമയിൽ അവസരം ലഭിച്ചത്. അതിനുശേഷം ‘വില്ലാളിവീരൻ’ എന്ന ദിലീപ് ചിത്രത്തിൽ അഭിനയിച്ചു. ‘കിഡ്നി ബിരിയാണി’ യാണു ചിലങ്ക അഭിനയിച്ച മറ്റൊരു സിനിമ.
ആദ്യമായി നായികാവേഷം ലഭിച്ചത് തമിഴ് സിനിമയിലായിരുന്നു. ‘ഇരണ്ടു മനം വേണ്ടും’ എന്ന ചിത്രത്തിൽ പൊന്നി എന്ന ബോൾഡായ കഥാപാത്രത്തെയാണു ചിലങ്ക അവതരിപ്പിച്ചത്. മുറുക്കു വിൽപനക്കാരിയായ ഈ ദാവണിക്കാരി പെൺകുട്ടിയെ തമിഴകത്തിനു ഇഷ്ടമായി. ആദ്യ നായികയെക്കുറിച്ച് ചിലങ്ക:

‘തമിഴ്നാട്ടിലെ പെരുമണൽ കടലോര ഗ്രാമത്തിൽ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. സുനാമി വന്ന് വൻ ദുരന്തം സംഭവിച്ച പ്രദേശമാണിത്. സുനാമി പശ്ചാത്തലമാണു ഈ സിനിമയിലും. പൊന്നിയുടെ പ്രിയപ്പെട്ടവരെല്ലാം സുനാമിത്തിരയിൽ ഒഴുകിപ്പോകുകയാണ്. ഇഷ്ടപ്പെട്ട പുരുഷൻ മറ്റൊരുവളെ വിവാഹം കഴിക്കുന്നതു നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടിവരുന്ന പൊന്നിയുടെ സങ്കടങ്ങളാണു ചിത്രത്തിൽ. പൊന്നിയുടെ വേഷം ഞാൻ നന്നായി ചെയ്തുവെന്ന് സംവിധായകനടക്കമുള്ള എല്ലാവരും പറഞ്ഞു.’ ഈ സിനിമ ചെയ്യുമ്പോൾ കന്യാകുമാരി കടലോരത്തെ തിരമാലകൾ ആശ്ലേഷിക്കാൻ ഒാടിയെത്തിയ കഥയും ചിലങ്കയ്ക്കു പറയാനുണ്ട്. ഏതാനും നിമിഷം എല്ലാവരെയും ആധിയുടെ മുൾമുനയിൽ നിർത്തിയ ആ സംഭവം:
‘ഞാൻ കടലിലേക്കു ഇറങ്ങിപ്പോകുന്ന രംഗമായിരുന്നു അന്ന് ചിത്രീകരിക്കേണ്ടിയിരുന്നത്. കടൽ ശാന്തമായിരുന്നു. ചെറിയ തിരയിളക്കം മാത്രം. സംവിധായകന്റെ നിർദേശപ്രകാരം ഞാൻ കടലിലേക്കിറങ്ങി. ഒാർക്കാപ്പുറത്തായിരുന്നു കടലിന്റെ ഭാവം മാറിയത്. ഒരു വലിയ തിര വന്ന് എന്നെ പൊക്കിയെറിഞ്ഞു. കരയിൽനിന്നു കുറച്ചു ഉള്ളിലേക്കു മാറിയാണു ഞാന്‍ ചെന്നുവീണത്. മണൽ മൂടി എഴുന്നേൽക്കാൻ കഴിയാതിരുന്ന എന്നെ അച്ഛനടക്കമുള്ളവൽ ഒാടിവന്നാണു രക്ഷപ്പെടുത്തിയത്’. ‘മായാമോഹിനി’യാണു ചിലങ്കയുടെ ആദ്യ സീരിയൽ. ജന്മനാ അന്ധയായ പെൺകുട്ടിയുടെ റോളിൽ മികവാർന്ന അഭിനയമാണു ചിലങ്ക കാഴ്ചവച്ചത്. തുടർന്ന് ‘അമൃതവർഷിണി’യിൽ നടി സീമയുടെ മകളായി അഭിനയിച്ചു.

ഇപ്പോൾ ധാരാളം ഒാഫറുകൾ വന്നുകൊണ്ടിരിക്കുന്നു. പത്തനംതിട്ട കോന്നിയിൽ മേലേവടക്കേതിൽ ദീദു – ഷൈനി ദമ്പതികളുടെ മകളാണു ചിലങ്ക എന്ന ഈ കലാകാരി. ചാർട്ടേഡ് അക്കൗണ്ടൻസിക്കു പഠിക്കുന്ന ചിലങ്കയ്ക്കു ഒരനുജനുണ്ട്. പത്തിൽ പഠിക്കുന്ന ദേവദേവൻ. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലാണു ചിലങ്ക പ്ലസ് ടു വരെ പഠിച്ചത്. കേരള യൂണിവേഴ്സിറ്റിയിൽനിന്നു ഡിഗ്രിയെടുത്തു.
പാട്ടു കേൾക്കാനും സിനിമ കാണാനും ഇഷ്ടപ്പെടുന്ന ചിലങ്കയ്ക്കു സീരിയൽ – സിനിമാ രംഗത്തു തുടരണമെന്നാണു ആഗ്രഹം. ഗ്ലാമറസ്സല്ലാത്ത ഏതു റോളും ചെയ്യും. നല്ല കഥാപാത്രങ്ങൾ കിട്ടണേയെന്നു ചിലങ്ക ഈശ്വരനോടു പ്രാർഥിക്കുന്നു.