സാധാരണ ഗതിയിൽ പ്രായമേറുന്നതിന്റെ അടയാളമാണ് വെളുത്തമുടി. ശരീരപ്രകൃതിയ്ക്കും ജീവിതരീതികൾക്കുമനുസരിച്ചു ചെറിയ മാറ്റങ്ങളുണ്ടാകാറുണ്ടെങ്കിലും 40നും 45നും വയസ്സിനിടയിലാണ് നമ്മുടെ മുൻതലമുറയെ നര കീഴടക്കിയിരുന്നത്. എന്നാൽ കാലം മാറി, മുടി നരയ്ക്കാൻ ഇന്നു പ്രത്യേക പ്രായമൊന്നുമില്ല.
കോളേജ് വിദ്യാർഥികൾ പോലും ഇന്ന് അകാലനരയെ പേടിക്കുകയാണ്. കെമിക്കലുകൾ നിറഞ്ഞ ഡൈയുകളാണ് ഇതിന്റെ അവസാന പോംവഴിയായി മലയാളികൾ സ്വീകരിച്ചു വരുന്നത്. ‘ഒാ മുടി നരച്ചാലെന്താ?’ എന്നൊക്കെ ചിലർ ചോദിക്കുമെങ്കിലും കാര്യം അത്ര സിംപിളല്ല. അകാല നര ഉറക്കം കെടുത്തുന്ന ധാരാളംപേർ നമുക്കിടയിലുണ്ട്. അകാലനര നിങ്ങളെ പേടിപ്പെടുത്തുന്നുണ്ടോ? എങ്കിലിതാ പ്രകൃതിദത്തമായ ചില സൂത്രങ്ങൾ
സവാള കറിക്ക് മാത്രമല്ല
സവാള നീരെടുത്ത് വെളിച്ചെണ്ണയുമായി ചേർത്ത് മിശ്രിതമുണ്ടാക്കുക. ഇത് മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. സവാളയിലുള്ള കറ്റാലിസ് മുടിയുടെ സ്വാഭാവിക നിറം തിരിച്ചുകിട്ടാൻ സഹായിക്കും. ഇതിലുള്ള വിറ്റാമിൻ സി യും ഫോലിക് ആസിഡും മുടി നരയ്ക്കുന്നത് തടയും.
നെല്ലിക്ക ജ്യൂസായാലോ
ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് ഇത്. നെല്ലിക്കയുടെ നീര് കുടുക്കുന്നത് മുടി വളരാന്‍ സഹായിക്കുന്നു. അകാല നരയുടെ പ്രധാന കാരണങ്ങളിലൊന്നായ ശരീര ഊഷ്മാവിലെ വ്യതിയാനം നിയന്ത്രിക്കാനും നെല്ലിക്കാ നീര് കുടിക്കുന്നതിലൂടെ സാധിക്കുന്നു.
കടുപ്പത്തിലൊരു ചായ
കടും ചായയിൽ മുടി കഴുകുന്നത് സ്വാഭാവിക തിളക്കവും നിറവും നിലനിർത്താൻ സഹായിക്കും. ഷാംപു ഉപയോഗിച്ചശേഷം കടും ചായയിൽ മുടി കഴുകാം. ചായയിലുള്ള കഫീൻ പദാർത്ഥങ്ങൾക്ക് മുടി കൊഴിച്ചിലിനു കാരണമാകുന്ന ഹോർമോണുകളെ തടഞ്ഞുനിർത്താനുള്ള കഴിവുണ്ട്.
ഇഞ്ചി മാഹാത്മ്യം
തൊലികളഞ്ഞ ഇഞ്ചി പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ തേച്ചുപിടിപ്പിക്കുക. ധാരാളം വിറ്റാമിനുകളും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഇഞ്ചി പൊട്ടിയ മുടിയിഴകളെ നന്നാക്കാനും അകാലനരയെ തടയാനും സഹായിക്കുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam