സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ പ്രിയപ്പെട്ടതാണ് മുടി. സൗന്ദര്യത്തിന്റെ പ്രതീകമായി മുടി കാണുന്നവരാണ് വലിയൊരു വിഭാഗം ആളുകളും. അതിനാൽ തന്നെ മുടി കൊഴിയുന്നതിനെ ആധിയോടെയാണ് പലരും നോക്കി കാണുന്നത്. മുടി ചീകുമ്പോഴും തല തോർത്തുമ്പോഴും മുടിയിഴകൾ ഒപ്പം പോരുമോ എന്ന് ഭയപ്പെടുന്നു. ഹെയർ ഫിക്സിങ്, മുടി കിളിർപ്പിക്കൽ തുടങ്ങിയ ആധുനിക മാർഗ്ഗങ്ങൾ ഒക്കെ ഉണ്ടെങ്കിലും നമ്മൾ തൃപ്തരല്ല. കാരണം നാച്ചുറൽ മുടിയ്ക്ക് അത്രയേറെ പ്രാധാന്യം നമ്മൾ നൽകുന്നുണ്ട്.
പല കാരണങ്ങൾകൊണ്ട് മുടി കൊഴിയാമെങ്കിലും നമ്മൾ ദിവസവും ചെയ്യുന്ന ചില കാര്യങ്ങളായിരിക്കും ഇതിനു കാരണമാകുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങൾ ഇതാ.
ആൻഡി ഡാൻട്രഫ് ഷാംപുകളുടെ ദിവസേനയുള്ള ഉപയോഗം
സോഡിയം ലോറൽ സൾഫേറ്റ് എന്ന ഡിറ്റർജന്റ് സ്വഭാവമുള്ള വസ്തുവാണ് മിക്ക ആൻഡി ഡാൻട്രഫ് ഷാംപുകളിലും അടങ്ങിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ഷാംപുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുക. മറ്റുള്ള സന്ദർഭങ്ങളിൽ വീര്യം കുറഞ്ഞ സാധരണ ഷാംപു ഉപയോഗിക്കുക. ഏറ്റവും നല്ലത് സൾഫേറ്റുകൾ ഇല്ലാത്ത ഷാംപുകൾ ഉപയോഗിക്കുന്നതാണ്.
മുടിയിലുപയോഗിക്കുന്ന ജെല്ലുകൾ, ക്രീമുകൾ
മുടിയെ ഇഷ്ടപ്പെട്ട രീതിയിൽ നിലനിർത്താനും തിളക്കം കിട്ടാനുമൊക്കെ ഉപയോഗിക്കുന്ന ക്രീമുകളിൽ കെമിക്കലുകൾ അടിങ്ങിയിട്ടുണ്ടെന്നു മനസ്സിലാക്കുക. അതിനാൽ ഇവയുടെ ഉപയോഗം പാർട്ടികൾക്കോ പരിപാടികൾക്കോ പോകുമ്പോൾ മാത്രമാക്കി കുറയ്ക്കുക. പരിപാടി കഴിഞ്ഞു വന്നാൽ തല മുടി കഴുകി വൃത്തിയാക്കണം.
സൂര്യ പ്രകാശം
ഇളം വെയിൽ കൊള്ളുന്നത് നല്ലതാണ്. എന്നാൽ അതിശക്തമായ സൂര്യപ്രകാശത്തിലൂടെ യുവി രശ്മികൾ തലയോട്ടിയിൽ പതിക്കുകയും മുടിയുടെ വളർച്ചയ്ക്കു സഹായിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഏറെ നേരം കഠിനമായ സൂര്യപ്രകാശം ഏൽക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.
അമിതമായി വിയർത്താൽ
വ്യായാമം ചെയ്യുന്നതും ശരീരം വിയർക്കുന്നതും നല്ലതാണ്, ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യവുമാണ്. എന്നാൽ വിയർപ്പ് വറ്റുമ്പോൾ ലവണാംശങ്ങൾ തലയോട്ടിയിൽ അവശേഷിക്കും. അതിനാൽ വളരെയധികം വിയർത്തു കഴിഞ്ഞാൽ തല നന്നായി കഴുകുക.
നിറങ്ങളും സ്ട്രൈറ്റനിങ്ങും
മുടിയ്ക്കു നിറം നൽകലും സ്ട്രൈറ്റൻ ചെയ്യലും ഇന്ന് യുവാക്കൾക്കിടയിൽ പതിവാണ്. ജീവിതകാലം മുഴുവൻ മുടി നിലനിൽക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നവർ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. കെമിക്കലുകൾ ചൂടാക്കി മുടിയിൽ പിടിപ്പിക്കുന്ന ഈ രീതികൾ ഇഴകളുടെ നാശത്തിലേക്കാണ് നയിക്കുക.
ആഹാരം, ജീവിതരീതികൾ
ആവശ്യത്തിന് വെള്ളം ദിവസവും കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന വെള്ളം ശരിയായി ശരീരത്തിലെത്തണം. മതിയായ അളവിൽ പ്രോട്ടീനും ശരീരത്തിലെത്തണം. ഇതോടൊപ്പം പച്ചക്കറികളും പഴങ്ങളും ആവശ്യത്തിന് കഴിക്കണം. ഭക്ഷണത്തിനും ജീവിതരീതിക്കും ചർമ്മത്തിന്റെയും മുടിയുടെയും സ്വാഭാവികത നിലനിർത്തുന്നതിൽ വലിയ പങ്കാണുള്ളത്.