മുഖം തീരുമാനിക്കട്ടെ ഹെയർസ്റ്റൈൽ

മുടി വെട്ടാൻ ബ്യൂട്ടിപാര്‍ലറിലേക്കു പോകുമ്പോൾ സിനിമയില്‍ കണ്ട നടിയുടെ ഹെയർസ്റ്റൈൽ വേണോ അതോ ഷോപ്പിങ് മാളിൽ കണ്ട സുന്ദരിയുടെ ഹെയർസ്റ്റൈൽ വേണോ എന്ന് ആലോചിച്ചു തല പുണ്ണാക്കേണ്ട. ഒരോരുത്തരുടേയും മുഖത്തിന്റെ ആകൃതിക്കനുസരിച്ചാണു ഹെയർസ്റ്റൈൽ. മുഖാകൃതിക്കനുസരിച്ചുള്ള ഹെയർസ്റ്റൈലാണെങ്കിൽ മേക്കപ്പിടുമ്പോൾ മുഖത്തിന്റെ പ്രത്യേകതകൾ എടുത്തു കാണിക്കുന്നതിനു സഹായിക്കും. വണ്ണം കൂടുന്നതിനും പ്രായം കൂടുന്നതിനും അനുസരിച്ചു മുഖത്തിനു വ്യത്യാസം ഉണ്ടാകും. അണ്ഡാകൃതി, വട്ടമുഖം, ചതുരാകൃതി, ഹൃദയാകൃതി എന്നിവയാണു പ്രധാനപ്പെട്ട ആകൃതികൾ. അധികം പ്രചാരമില്ലാത്ത പിയർ, ഡയമണ്ട്, ത്രികോണാകൃതി എന്നിവയുമുണ്ട്.

അറിയാം ആകൃതി

മുഖത്തിന്റെ ആകൃതി തിരിച്ചറിയാൻ വളരെ എളുപ്പമാണ്. ആദ്യം മുടി പോണിടെയിൽ സ്റ്റെയിൽ കെട്ടുക. ഇനി മെഷറിങ് ടേപ്പ് എടുത്തു മുഖത്തിന്റെ ഒാരോ ഭാഗത്തും അളന്ന് ഒരു പേപ്പറിൽ കുറിച്ചിടുക. കവിളെല്ലുകളുടെ ഏറ്റവും വീതിയുള്ള ഭാഗം, നെറ്റിയുടെ ഏറ്റവും വീതിയുള്ള ഭാഗം എന്നിവയുടെ അളവെടുക്കുക. താടിയുടെ അറ്റത്തു നിന്നു നെറ്റിയുടെ മുകൾഭാഗത്ത് ഹെയർലൈൻ തുടങ്ങുന്ന ഭാഗത്തെയും അളവെടുക്കണം.

താടിയെല്ലിന്റെ ഭാഗത്തു വീതി കുറഞ്ഞ് ഇടുങ്ങിയതും കവിളെല്ലിന്റെ ഭാഗത്ത് വീതിയുമുള്ളതെങ്കിൽ മുഖത്തിനു ഹൃദയാകൃതിയെന്ന് അർഥം. താടിയെല്ല്, കവിളെല്ല്, നെറ്റി ഇവ ഏകദേശം ഒരേ വീതിയാണെങ്കിൽ ചതുരാകൃതിയാണ്. മുഖത്തിന്റെ വീതിയേക്കാൾ ഒന്നര മടങ്ങ് കൂടുതലാണു നീളമെങ്കില്‍ അണ്ഡാകൃതി. മുഖത്തിന്റെ നീളവും വീതിയും ഏകദേശം ഒരേ അളവാണെങ്കിൽ വട്ടമുഖമെന്നു കണക്കാക്കാം.

വീതിയുള്ള നെറ്റിത്തടവും പോയ്ന്റഡ് ആയതോ ഉരുണ്ടതോ ആയ താടിയുടെ ഭാഗത്തേക്കു വരുന്തോറും ഇടുങ്ങിയ ഭാഗവുമാണെങ്കിൽ മുഖത്തിനു ത്രികോണാകൃതിയാണ്. ഇടുങ്ങിയ നെറ്റിത്തടവും വീതിയുള്ള താടിയുമാണെങ്കിൽ പിയർ ആകൃതി. വീതിയുള്ള കവിളെല്ലിന്റെ ഭാഗവും ഇടുങ്ങിയ നെറ്റിത്തടവും താടിയുമാണെങ്കിൽ മുഖത്തിനു ഡയമണ്ട് ആകൃതിയാണ്.