പത്തു വർഷത്തിലേറെയായി പിണറായി; ആവനാഴിയിൽ വേറെയും അമ്പുകൾ

മുഖ്യമന്ത്രിയുടെ വേഷത്തിലെത്തി തകർപ്പൻ കോമഡി മിമിക്രി മഹാമേളയുടെ വേദിയിൽ കാണികളെ കോരിത്തരിപ്പിച്ച് പ്രകടനം. പത്തു വർഷത്തിലധികമായി പിണറായി വിജയന്റെ രൂപത്തിലും ഭാവത്തിലും വേദികളിൽ പ്രത്യക്ഷപ്പെടുന്ന കലാകാരൻ അപ്പു ജോസാണ് ഗംഭീര പ്രകടനവുമായി വേദിയിലെത്തിയത്.

പരിപാടിയിലെ താരങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയനായി നൽകിയ മറുപടികൾ വേദിയിൽ ചിരിപ്പൂരം തീർത്തു. കണ്ണൂരിലെ കോളജിൽ പഠിക്കുമ്പോൾ ഊരിപ്പിടിച്ച വാളുകൾക്കും ഉയർത്തിപ്പിടിച്ച വടിവാളുകൾക്കും ഇടയിലൂടെ നടന്നുപോയ തന്നെ ഇത്തരത്തിലുള്ള ഭാഷ കാണിച്ചു ഭയപ്പെടുത്താനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ കടക്ക് പുറത്ത് എന്ന മിമിക്രിതാരം ജാബിറിന് നൽകിയ മറുപടി സുരാജിനെ പൊട്ടിച്ചിരിപ്പിച്ചു. സാറിനെ ചിരിച്ചുകണ്ടിട്ടില്ലല്ലോ എന്ന ചോദ്യത്തിനും കിടിലൻ മറുപടിയെത്തി.

ഇൗ പരിപാടി കണ്ടുകണ്ടു താനും മിമിക്രി പരിശീലിക്കുകയായിരുന്നെന്നും വിമാനത്തിൽ പറക്കുന്ന സമയത്ത് സ്പോട്ട് ഡബ്ബ് ചെയ്തു പഠിച്ചത് ഇവിടെ അവതരിപ്പിക്കാം എന്നു പറഞ്ഞായിരുന്നു ഗംഭീരപ്രകടനം. മുഖ്യമന്ത്രിയുടെ ‘ഇന്ദ്രനും ചന്ദ്രനും തടയാനാവില്ല’ എന്ന പ്രസംഗം സ്പോട്ട് ഡബ്ബ് ചെയ്തു തുടങ്ങിയ ഇദ്ദേഹം പിന്നീട് ജനാർദ്ദൻ, ബാലചന്ദ്രമേനോൻ, വിനയ് ഫോർട്ട്, സുനിൽ സുഗുത, തിലകൻ, വിനായകൻ എന്നിവരുടെ ശബ്ദം അനുകരിച്ചു. 

പല വേദികളിലും ഒരുമിച്ച് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയേറെ കഴിവുകളുള്ള മനുഷ്യനായിരുന്നുവെന്ന് അറിയില്ലെന്നായിരുന്നുവെന്നാണ് സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചത്. അപ്പു അവതരിപ്പിച്ച ശബ്ദങ്ങളുടെ പൂർണകൊണ്ടു തന്റെ രോമം കോരിത്തരിച്ചുവെന്നന്നും സുരാജ് പറഞ്ഞു.‍ ഇത്രയേറെ വർഷങ്ങൾ പിണറായിയുടെ രൂപം അവതരിപ്പിച്ചതുകൊണ്ട് അതുമാത്രമേ ചെയ്യൂവെന്ന ധാരണയാണ് പലർക്കുമുള്ളതെന്ന് അപ്പു പറഞ്ഞു.