Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇനിയൊരു പെണ്ണിനെ തൊടാൻ അവനു ധൈര്യമുണ്ടോ' ? പ‌െൺകുട്ടിക്കു പിന്തുണയുമായി ഭാഗ്യലക്ഷ്മി

Bhagyalakshmi ഭാഗ്യലക്ഷ്മി

വഞ്ചിച്ച പുരുഷന്റെ ലിംഗഛേദം നടത്തിയ നായികയെ നാം 22എഫ്കെ എന്ന സിനിമയിലൂടെയാണ് കണ്ടിട്ടുള്ളത്. സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. തന്നെ വർഷങ്ങളായി പീഡിപ്പിക്കുന്ന സ്വാമിയിൽ നിന്നും രക്ഷ നേടാനായി ഇരുപത്തിമൂന്നുകാരിയായ യുവതി അയാളുടെ ലിംഗം ഛേദിച്ചു.  വർഷങ്ങളായി ലൈംഗികചൂഷണം നടത്തിയ സ്വാമിയിൽ നിന്ന് രക്ഷപ്പെടാൻ സഹികെട്ട് ആക്രമിക്കേണ്ടിവന്നെന്നായിരുന്നു പെൺകുട്ടി അന്വേഷണ സംഘത്തിനു നൽകിയ െമാഴി. എന്തായാലും ഇതോടെ പെൺകുട്ടിയെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും പെൺകുട്ടി ചെയ്തത് ധീരവും ഉദാത്തവുമാണെന്നു പറഞ്ഞു. ഇതിനിടെ നിയമം കയ്യിലെടുത്തതു തെറ്റാണെന്നു പറഞ്ഞവരും ഉണ്ട്. എന്തായാലും പെൺകുട്ടിക്കു പൂർണ പിന്തുണയുമായി ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് പെൺകുട്ടിയുടെ പ്രവർത്തിയെ അനുകൂലിച്ച് ഭാഗ്യലക്ഷ്മി കുറിപ്പെഴുതിയത്. നിന്നെ സംരക്ഷിക്കാൻ നീ ആയുധമെടുക്കൂ എന്ന സന്ദേശമാണ് പെൺകുട്ടി സമൂഹത്തിനു പകരുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം. 

''സ്വാമി എന്ന പദം ഞാൻ ഉപയോഗിക്കുന്നില്ല. ആ വൃത്തികെട്ടവന്റെ ലിംഗം ഛേദിച്ച ആ പെൺകുട്ടിയെ ഫേസ് ബുക്കിലൂടെ ചിലർ വിചാരണ ചെയ്യുന്നു .. ഇത്രയും കാലം മിണ്ടാതിരുന്നതെന്താ,? വീട്ടിൽ താമസിപ്പിച്ചതെന്തിനാ,? ഇന്നു ചെയ്തത് അന്നേ ചെയ്തു കൂടായിരുന്നോ,? വീട്ടിൽ പറയാത്തതെന്താ,? സുഹൃത്തുക്കളോട് പറയാമായിരുന്നില്ലേ,?

പൊലീസിൽ പറയാമായിരുന്നില്ലേ,? വനിതാ കമ്മിഷനിൽ പറയാമായിരുന്നില്ലേ? 

ഹൊ എന്തൊക്കെ ചോദ്യ ശരങ്ങളാണ്. വല്ലാതെ സങ്കടം തോന്നുന്നു...എന്താണീ മനുഷ്യരിങ്ങനെ?.നിങ്ങൾ പറഞ്ഞ രീതിയിലെല്ലാം ചെയ്ത പെൺകുട്ടികളുടെ കേസുകളുടെ ഇന്നത്തെ അവസ്ഥയെന്താണ്?ഇപ്പോഴും തലയിൽ തുണിയുമിട്ട് തെളിവുകൾക്കായി തെക്കോട്ടും വടക്കോട്ടും നെട്ടോട്ടമോടുന്നു..ചിലർ മരണപ്പെടുന്നു അല്ലെങ്കിൽ കൊല്ലുന്നു. കുറ്റവാളികളോ? 

അട്ടഹാസച്ചിരിയോടെ അതുകണ്ട് രസിക്കുന്നു.  സമൂഹമോ? സഹതപിക്കുന്നു..‌‌

സൂര്യനെല്ലി പെൺകുട്ടിയോട് കോടതിയും നമ്മളും ചോദിച്ചു നിനക്ക് ഓടി രക്ഷപ്പെടാമായിരുന്നില്ലേ എന്ന്. ഡൽഹി പെൺകുട്ടിയോട് ചോദിച്ചു എന്തിന് രാത്രി കറങ്ങി നടന്നു എന്ന്

സൗമ്യയോട് ഒറ്റയ്ക്ക് ട്രെയിനിൽ ഇരുന്നതെന്തിനെന്ന് ചോദിച്ചു, ജിഷ അഹങ്കാരിയായിരുന്നു. ഇതെല്ലാം ബലാത്സംഗം ചെയ്യാനുളള കാരണവും ലൈസൻസുമാണോ?

കഷ്ടം...ഇതിങ്ങനെ കാലാകാലം ആവർത്തിച്ചു കാണാനാണ് നിയമത്തിനും സമൂഹത്തിനും താല്‍പര്യം..ഞങ്ങൾ നിന്നെ സംരക്ഷിക്കില്ല നീയും നിന്നെ സംരക്ഷിക്കണ്ട എന്നാണോ?

ഒരു പെൺകുട്ടി വെല്ലു വിളിച്ചിരിക്കുകയാണ് സ്വന്തം മാതാപിതാക്കളോട്, നിയമ സംവിധാനങ്ങളോട് സമൂഹത്തോട്..ഈ പറഞ്ഞ രീതിയിലെല്ലാം ഞാൻ ചെയ്തിരുന്നെങ്കിൽ?

എനിക്ക് നീതി കിട്ടുമെന്ന് ഉറപ്പു കൊടുക്കാൻ ആർക്കെങ്കിലും സാധിക്കുമായിരുന്നോ എന്ന്. അവളോട് കാണിച്ചുകൊണ്ടിരുന്ന ഈ അതിക്രമത്തിന് മാനസികമായും ശാരീരികമായും

തയാറെടുക്കാൻ അവൾക്കിത്രയും കാലം വേണ്ടിവന്നു.അവൾക്കു തോന്നിയിരിക്കാം പോയി പറയാനൊരിടമില്ല,പറഞ്ഞിട്ടു കാര്യവുമില്ല. എന്റെ കോടതിയിൽ ഞാൻ വിധി നടപ്പാക്കുന്നു.

എന്റെ പ്രായത്തിന്റെ, ശരീരത്തിന്റെ, സമൂഹത്തിന്റെ നിസ്സഹായാവസ്ഥ മുതലെടുത്തുകൊണ്ട്,നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചുകൊണ്ട്  എന്റെ ശരീരത്തെ ചൂഷണം ചെയ്യുന്നവന് ഞാൻ ശിക്ഷ നൽകുന്നു. അവിടെ ജനാധിപത്യമില്ല,വിചാരണയില്ല. എന്റെ സുരക്ഷിതത്വം എന്റെ കൈയിലാണ് എന്ന വിധിയേയുളളു.. നമ്മുടെ നിയമത്തിന്റെ മുമ്പിൽ ആളൂരിനെപ്പോലെ ഒരു വക്കീലിന്റെ വാദത്തിൽ നാളെ അവൾക്ക് ശിക്ഷ കിട്ടിയാലും അവൾ തളരില്ല. കാരണം അവനെ ലിംഗഛേദം ചെയ്യാതെ വെറുമൊരു ബലാത്സംഗ കേസായിരുന്നെങ്കിൽ വിചാരണയുടെ പേരിൽ അവളെ അപമാനിച്ചു ശിക്ഷിക്കുന്നതിലും എത്രയോ അഭിമാനമുണ്ട് ഈ ശിക്ഷയിൽ..

ഇനിയൊരു പെണ്ണിനെ തൊടാൻ അവനു ധൈര്യമുണ്ടോ.?  അതവൾക്കറിയാം.. അതിനായിരിക്കാം ആ പെൺകുട്ടി നിയമത്തിൽ ബിരുദമെടുക്കുന്നത്.. പ്രായ വ്യത്യാസമില്ലാതെ ദിനംപ്രതി വർധിച്ചുവരുന്ന ബലാത്സംഗം എന്തുകൊണ്ടാണ് സംഭവിക്കുന്നത്?. ഇന്നവൾ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്കു നൽകിയ ഒരു സന്ദേശമുണ്ട്, നിന്നെ സംരക്ഷിക്കാൻ നീ ആയുധമെടുക്കൂ എന്ന്. ഈയസ്ഥയിലേക്ക് നാളെ സ്ത്രീ സമൂഹമെത്തിയാൽ ഇതാവർത്തിച്ചാൽ അതിന് കുറ്റക്കാർ ആരാണെന്ന് നമ്മൾ സ്വയം ചിന്തിക്കണം...