മലയാളിയുടെ കപടസദാചാരത്തിനേറ്റ ഊക്കനൊരടിയായിരുന്നു സണ്ണി ലിയോണിന്റെ വരവും അവരെ കാണാൻ തടിച്ചു കൂടിയ പുരുഷാരവും. എന്തിനേയും ഏതിനെയും ഒളിഞ്ഞു നോക്കി മാത്രം ശീലിച്ച നമുക്ക് ഇതൊരു പുത്തൻ അനുഭവമായി. ഒളിക്യാമറയും സദാചാര പൊലീസിങ്ങും ആണല്ലോ നമുക്ക് വഴങ്ങിയിരുന്നത്. ഒരാണും പെണ്ണും ഒന്നിച്ചിരുന്നാൽ വടിയും കൊണ്ട് ചാടി വീണ് ആക്രോശിച്ച് ഓടിച്ചാണല്ലോ നമുക്കു ശീലം. മലയാളി മാറി ചിന്തിച്ചു തുടങ്ങിയെന്ന് കരുതേണ്ടിയിരിക്കുന്നു.
ഭൂതകാലത്തെകുറിച്ചോർത്തു വിലപിക്കുകയോ കള്ളക്കണ്ണീരൊഴുക്കുകയോ ചെയ്യാതെ നിവർന്നു നിന്ന് 'അതേ,അതൊക്കെ കൂടെയാണ് എന്നെ ഈ കാണുന്ന ഞാനാക്കിയത്' 'എന്നു പ്രഖ്യാപിച്ച ആത്മവിശ്വാസത്തിന്റെ നേർരൂപമാണ് സണ്ണി. അവൾക്ക് നിലപാടുകളുണ്ട്, ശരീരത്തിന്റെ കെട്ടുപാടുകളിൽ നിന്നു സ്വയം മോചിപ്പിച്ച സ്ത്രീയാണ് അവർ. ഉടലാഴങ്ങൾക്ക് അപ്പുറത്ത് നിന്ന് ചിന്തിക്കാൻ സാധിക്കുമ്പോൾ സത്യത്തിൽ സ്ത്രീ സ്വതന്ത്രയാക്കപ്പെടുകയല്ലേ? പുരുഷന് ഇല്ലാത്തതും സ്ത്രീക്ക് മാത്രം ഉള്ളതുമായ മാനം തനിക്കു വേണ്ടന്ന് വെക്കാൻ മാത്രം സ്വതന്ത്രമായി ചിന്തിക്കാൻ അവരെ പഠിപ്പിച്ചത് തീർച്ചയായും വിദേശവാസം ആയിരിക്കണം. കാരണം വാത്സ്യായനൻ കാമസൂത്രം എഴുതിയ നാട്ടിൽ ജീവിക്കുന്ന പെണ്ണുങ്ങൾക്ക് ലൈംഗികത എന്ന ചിന്ത പോലും പലപ്പോഴും പാപം ആണെന്നാണല്ലോ വെപ്പ്. കുലസ്ത്രീകൾ സ്ത്രീസമത്വത്തെ പറ്റി പോലും വായ തുറക്കാൻ പാടില്ല എന്ന് വിളിച്ചു പറയുന്ന നാട്ടിൽ സണ്ണി അസാമാന്യ ധൈര്യത്തിന്റെയും, ആത്മാവിശ്വാസത്തിന്റെയും കൂടി പ്രതീകമാണ്.
ലെഗിങ്സ് ഇട്ട കാലുകൾ കാണുമ്പോൾ ഉദ്ധാരണവും പിഞ്ചുകുട്ടികളെ കാണുമ്പോൾ പോലും സ്ഖലനവും സംഭവിക്കാൻ സാധ്യത ഉള്ള ജൈവഘടന ഉള്ളത്ര ലോലന്മാരാണ് പുരുഷന്മാർ എന്ന് ന്യായീകരിയ്ക്കുന്നവരുടെ വായടപ്പിക്കാൻ ഒരുപരിധിവരെ ആ ആൾക്കൂട്ടത്തിനു കഴിഞ്ഞു എന്നു തന്നെ പറയണം. സ്വന്തം മൊബൈലിലും ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും ഒളിച്ചു സൂക്ഷിച്ചിരുന്ന നിശാസുന്ദരിയെ നേരിട്ട് കണ്ടുകളയാം എന്നതൊഴിച്ച്, അവർ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനത്തിലോ, സ്ത്രീയെന്ന നിലയിൽ അവർ ഉയർത്തുന്ന മൂല്യങ്ങൾക്കോ വില കൽപിച്ചല്ല ആൾക്കൂട്ടം അവിടെ ഓടിക്കൂടിയത് എന്നത് സുവ്യക്തമാണ്. എന്നിരിക്കിലും ആൾക്കൂട്ട മര്യാദയും സദാചാര പൊലീസിങ്ങും വഴങ്ങുന്ന മലയാളി സണ്ണിക്കു കൊടുത്ത വരവേൽപ്പ് ചില പ്രതീക്ഷകൾ കൂടി മുൻപോട്ട് വെക്കുന്നുണ്ട്.
അറിഞ്ഞു കൊണ്ട് പോൺ സ്റ്റാർ ആയ പെണ്ണിന് നിങ്ങൾ കൊടുത്ത വരവേൽപ്പ് വെറും വങ്കത്തരവും ലൈംഗിക ദാരിദ്ര്യത്തിന്റെ പ്രഖ്യാപനവും അല്ല എന്നു തന്നെ കരുതാനാണ് എനിക്കിഷ്ടം. കാരണം, ചതിയിൽ പെട്ട് ക്യാമറയിൽ പതിഞ്ഞ പെണ്ണുടലുകളോട് നിങ്ങൾ ഈ ആദരവ് കാണിക്കുമോ?പീഡനത്തിനിരയായവരോട്, ഇരയെന്നു മുദ്ര കുത്തി മാറ്റി നിർത്തിയവരോട്, ചതിച്ചും വഞ്ചിച്ചും മാംസക്കച്ചവടത്തിനു വിധേയരായവരോട് നിങ്ങൾ ഈ ആൾകൂട്ട മര്യാദ കാണിക്കാൻ തയാറുണ്ടാവണം. ആർത്തു വിളിച്ചില്ലെങ്കിലും ആട്ടിപ്പായിക്കാതിരിക്കണം.
മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും വരുമ്പോൾ കള്ളും കാശും കൊടുത്ത് ആളെ കൂട്ടേണ്ട ഗതികേടുള്ള കൊച്ചുകേരളത്തിൽ സണ്ണിയെ വരവേൽക്കാൻ നിങ്ങൾ കാണിച്ച ശുഷ്‌കാന്തി കണ്ടിട്ട് എനിക്ക് അല്‍പം പോലും കുരു പൊട്ടുന്നില്ല. കാരണം സാംസ്കാരിക പ്രമുഖർ 'സെക്ഷ്വൽ പെവേർട്ട്' എന്ന് വിളിച്ചു സംബോധന ചെയ്ത സണ്ണി ലിയോൺ ഇന്ന് മുഖ്യധാരാ ബോളിവുഡ് സിനിമകളുടെ ഭാഗമാണ്, അവർ അംഗീകരിക്കുന്ന താരം. ഭൂതകാലം മാത്രം ചികഞ്ഞു പുണ്ണും പഴുപ്പും കുത്താതെ അവരുടെ നന്മകളിലേക്ക് ഒന്ന് കണ്ണു പായിച്ചാട്ടെ.
ചാനലിൽ വിളിച്ചു വരുത്തി അപമാന ശരങ്ങൾ കൊണ്ട് കീറി മുറിക്കാൻ നമ്മൾ തയാറായ ഷക്കീല, അന്ന് ആ ഷോ കഴിഞ്ഞപ്പോൾ നമ്മുടെ മനസ്സിൽ വാനോളം ഉയർന്നില്ലേ? അവരുടെ ഇക്കിളി സീനുകളെക്കാൾ നമ്മുടെ മനസ്സിൽ അവർ വളർത്തുന്ന കുട്ടിയുടെ 'അമ്മെ' എന്ന വിളി പ്രകമ്പനം കൊള്ളുന്നില്ലേ? മനസ്സാക്ഷി ഉണ്ടെങ്കിൽ ചിന്തിച്ചു നോക്കണം. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ ദത്തെടുത്തു വളർത്താൻ തയാറായ സണ്ണി ലിയോൺ മറ്റൊരു പ്രതീകമാണ്.
പെണ്ണിന് തൊഴിലിടങ്ങളിലോ, സ്ഥാനമാനങ്ങളിലോ ഉണ്ടായ ഉയർച്ചകളെ അവളുടെ സ്വാഭാവശുദ്ധിയുമായി കൂട്ടിക്കെട്ടാൻ വ്യഗ്രതയുള്ള സാക്ഷര സമൂഹമാണ് നമ്മുടേത്. പ്രതികരിക്കുന്ന സ്ത്രീകളുടെ വായടയ്ക്കാൻ നാം നിർമ്മിച്ചു വെച്ചിരിക്കുന്ന ചില പദപ്രയോഗങ്ങൾ പോലുമുണ്ട്. അത്തരം മലയാളി പൊതു ബോധം എത്തരത്തിലാണ് സണ്ണിയുടെ വരവിനെ കണ്ടത് എന്നത് ചിന്തിക്കേണ്ട വസ്തുത തന്നെയാണ്
മലയാളിയുടെ ചിന്താഗതിയിലുണ്ടായ പുരോഗതിയാണ് അന്ന് അവിടെ കണ്ട ജനക്കൂട്ടം എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. തലയിൽ മുണ്ടിടാതെ, ഒളിഞ്ഞു നോക്കാതെ, മലയാളി ഒരു പോൺസ്റ്റാറിനെ നോക്കാൻ പഠിച്ചെങ്കിൽ അത് നല്ലൊരു മാറ്റം തന്നെയാണ്. കമിതാക്കൾ ഒന്നിച്ചിരുന്നാൽ വടിയെടുത്ത് ഓടിക്കാൻ ആളുകൾ പാഞ്ഞെത്തുന്ന കൊച്ചിയിൽ തന്നെ സണ്ണിയെ കാണാൻ ജനം തിങ്ങി കൂടിയത് കാലം കാത്തു വച്ചൊരു മധുരപ്രതികാരവും.
Read more: Malayalam Lifestyle Magazine