Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോചനമില്ല, മകൾക്കു വേണ്ടി ആ നടനും ഭാര്യയും വീണ്ടും ഒന്നിച്ചു !

Kichcha Sudeep കിച്ച സുദീപ് ഭാര്യ പ്രിയയ്ക്കും മകൾ സാൻവിക്കും ഒപ്പം

താരങ്ങൾക്കിടയിൽ വിവാഹ മോചന വാർത്തകൾ സർവസാധാരണമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പക്ഷേ ഒന്നിച്ചു പോകാൻ കഴിയില്ലെന്നു േബാധ്യം വന്നാൽ താരങ്ങൾ മാത്രമല്ല സാധാരണക്കാരും വിവാഹമോചിതരാകുന്നുണ്ട്, എന്നാൽ വാർത്തകളിലിടം നേടുന്നത് സെലിബ്രിറ്റി ഡിവോഴ്സുകൾ ആണെന്നു മാത്രം. ഇത്തവണ വിവാഹ മോചന വാർത്തയല്ല മറിച്ച് വിവാഹ മോചനത്തിൽ നിന്നും പിൻവാങ്ങി വീണ്ടും ഒരുമിക്കാൻ തീരുമാനിച്ച താരകുടുംബത്തിന്റ വാർത്തയാണ് സാമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മറ്റാരുമല്ല കന്നട സൂപ്പർ സ്റ്റാർ കിച്ച സുദീപും ഭാര്യ പ്രിയയും ആണത്. 

മകൾക്കു വേണ്ടിയാണത്രേ ഇരുവരും ഒരിക്കൽക്കൂടി ഒന്നിക്കാൻ തീരുമാനിച്ചത്. രണ്ടുവർഷം മുമ്പായിരുന്നു സുദീപും ഭാര്യയും വിവാഹ മോചനത്തിനായി നിയമപരമായി നീങ്ങിയത്. എന്നാൽ മകൾ സാൻവിയുടെ ഭാവി കണക്കിലെ‌ടുത്ത് വിവാഹ മോചനക്കേസ് പിൻവലിച്ചിരിക്കുകയാണ് സുദീപും ഭാര്യയും. മകളെ ജീവനുതുല്യം സ്നേഹിക്കുന്ന താരം അവൾക്കു വേണ്ടിയാണ് പിരിയേണ്ടതില്ലെന്ന തീരുമാനം എടുത്തതെന്ന് സുദീപിന്റെ വക്കീൽ പറഞ്ഞു. 

നേരത്തെ പലതവണയും കേസിൽ വാദം കേൾക്കലിനായി സുദീപിനെയും പ്രിയയെയും കോടതി വിളിപ്പിച്ചുവെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. അക്കാലത്തു തന്നെ സുദീപും പത്നിയും വീണ്ടും ഒന്നിക്കുകയാണെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. അടുത്തിടെ പുതിയൊരു ചിത്രത്തിന്റെ ഓഡിയോ റിലീസിനും മറ്റു ചില പൊതുപരിപാടികൾക്കുമൊപ്പെ സുദീപ് ഭാര്യക്കും മകൾക്കുമൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നതും ഈ പ്രചരണങ്ങളുടെ ആക്കം കൂട്ടിയിരുന്നു. എന്തായാലും സുദീപ് ഫാന്‍സിനെ സന്തോഷിപ്പിക്കുന്ന വാർത്തയാണിതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

Read more: Lifestyle Malayalam Magazine