ഒരു കുഞ്ഞിനെ ദത്തെടുത്ത്, അനാഥത്വത്തിൽ നിന്നും അതിനെ മുക്തമാക്കി പുത്തൻ ജീവിതം പകർന്നു നൽകുന്നത് എത്രത്തോളം അഭിനന്ദനാർഹമായ കാര്യമാണെന്നോ. പക്ഷേ പലരും പറയാറുണ്ട്, ദത്തെടുക്കുന്ന കുട്ടികളോട് ഒരിക്കലും ജന്മം നൽകിയ കുട്ടികളെപ്പോല്‍ സ്നേഹം തോന്നുകയില്ലെന്ന്. എന്നാൽ അതൊട്ടും ശരിയല്ലെന്ന് സ്വന്തം അനുഭവത്തിലൂടെ പറഞ്ഞു വെക്കുകയാണ് ഷെറിലിൻ എന്ന യുവതി. നിങ്ങള്‍ ഒരു കുഞ്ഞിനു ജന്മം നൽകിക്കഴിഞ്ഞാല്‍ മുമ്പു ദത്തെടുത്ത കുഞ്ഞിനോടുള്ള ഇഷ്ടം കുറയുമോ എന്ന് സമൂഹമാധ്യമമായ ക്വോറയിൽ ഉയർന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഷെറിലിൻ. ഷെറിലിന്റെ വാക്കുകളിലേക്ക്...
'' ഞാൻ എന്റെ ദത്തുപുത്രിയെ ആദ്യമായി കാണുന്നത് അവൾക്ക് ഒമ്പതു മാസം പ്രായമുള്ളപ്പോഴാണ്. അന്നുമുതലാണ് അവൾ ഞങ്ങളുടെ കുടുംബത്തോടൊപ്പം ചേരുന്നത്. 10 മാസത്തിനു ശേഷം ഞാനവൾക്കു വേണ്ടി ഒരു കുഞ്ഞു സഹോദരിക്കു ജന്മം നൽകി, പിന്നീടു രണ്ടു പെൺകുട്ടികളെയും ഒരാൺകുട്ടിയെയും ഞാൻ പ്രസവിച്ചു.
ഞാന്‍ ജന്മം നൽകിയ കുട്ടികളിൽ നിന്ന് ദത്തെടുത്ത അവളോട് എനിക്കു തോന്നിയ വ്യത്യാസം ഇതൊക്കെയാണ്... ഞാനവളെ എന്നത്തേക്കാളും അധികം സ്നേഹിക്കുന്നു. എന്റെ ആകെയുള്ള വിഷമം അവള്‍ക്ക് ഒമ്പതു മാസം പ്രായമായപ്പോഴാണല്ലോ എനിക്കു കിട്ടിയത് എന്നതാണ്. അവളുടെ കാലിലെ ആ കുഞ്ഞുമുറിവ് ഉണ്ടായ സമയത്ത് അവിടെ ഒന്നു ചുംബിക്കാൻ ഞാന്‍ അന്ന് കൂടെയുണ്ടായിരുന്നില്ലല്ലോ എന്ന് സങ്കടമുണ്ട്.
അവള്‍ക്കു ജന്മം നൽകിയ സ്ത്രീയോടും എനിക്ക് അടുപ്പം തോന്നാറുണ്ട്. എന്തു കാരണത്തിനു വേണ്ടിയായാലും എത്രത്തോളം ഹൃദയവേദന അനുഭവിച്ചായിരിക്കും അവർ അവളെ ഉപേക്ഷിച്ചിട്ടുണ്ടാകുക. അവർ തന്റെ മകളെക്കുറിച്ച് സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യേണ്ട കാര്യങ്ങളാണ് ഞാൻ ആസ്വദിക്കുന്നത്. അവളുടെ അമ്മ എന്ന ആ പദവി എനിക്കാണ്.
എന്റെ അഞ്ചു മക്കളിൽ കാഴ്ചയിൽ വ്യത്യസ്ത അവൾ മാത്രമാണ്, പക്ഷേ ഉള്ളിന്റെയുള്ളിൽ അവരെല്ലാം ഒരുപോലെ ചിന്തിക്കുന്നവരാണ്. ദൈവമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, അവൾ ഇല്ലാത്തൊരു ജീവിതത്തെക്കുറിച്ച് എനിക്കു ചിന്തിക്കാൻ പോലും കഴിയില്ല. എനിക്ക് ഓരോ കുഞ്ഞു ജനിക്കുമ്പോഴും അവൾ സഹോദരങ്ങളോടു പറയുമായിരുന്നു തനിക്കു ജന്മം നൽകിയത് വേറൊരു അമ്മയാണ് ഞാന്‍ അല്ല എന്ന്. അതും പറഞ്ഞ് അവർ പരസ്പരം വഴക്കിടാറുണ്ട്.
ജീവിതം ഒരുപാടു മാറിയിട്ടുണ്ട്, അത് അവൾ ദത്തുപുത്രി ആയതുകൊണ്ടും മറ്റുള്ളവർ ഞാൻ ജന്മം നൽകിയവർ ആയതിനാലുമല്ല. കൂടുതൽ പേരാകും തോറും ജൂവിതത്തിൽ കൂടുതൽ അഡ്ജസ്റ്റ് ചെയ്യാൻ പഠിക്കും എന്നാണ് എനിക്കു തോന്നുന്നത്. ഇനി ജീവിതം നല്ല രീതിയിലാണോ അതോ മോശമായാണോ മാറിയതെന്നു േചാദിച്ചാല്‍ രണ്ടാമതൊന്നു ചിന്തിക്കാതെ എനിക്കു പറയാൻ കഴിയും എന്റെ ജീവിതം അവൾ വന്നതോടെ നല്ല രീതിയിൽ മാത്രമേ നീങ്ങിയിട്ടുള്ളു.
രക്തബന്ധത്തിന്റെ പിന്‍താങ്ങില്ലെങ്കിലും തന്റെ ദത്തുപുത്രിയും മറ്റു മക്കളും യാതൊരു വ്യത്യാസങ്ങളുമില്ലാതെ ഉള്ളാലെ ഒന്നായി ജീവിക്കുന്നവരാണെന്നു പറഞ്ഞു വെക്കുകയാണ് ഷെറിലിൻ. ഇതുപോലുള്ള അമ്മമാരാണ് ഓരോ അനാഥബാല്യങ്ങളെയും ഇരുണ്ട ജീവിതത്തിൽ നിന്നു നീക്കി പ്രകാശപൂരിതമാക്കുന്നത്.
Read more: Lifestyle Malayalam Magazine