ബോളിവുഡ് ബ്യൂട്ടി അനുഷ്ക ശർമയും ക്രിക്കറ്റ്താരം വിരാട് കോഹ്‌ലിയും പ്രണയത്തിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. പ്രണയത്തിലാണെന്ന് പരസ്യമായി അംഗീകരിച്ചിട്ടില്ലെങ്കിലും പാർട്ടികളിലും മറ്റു പൊതുപരിപാടികളിലുമൊക്കെ കഴിവതും ഒന്നിച്ചു പങ്കെടുക്കാന്‍ ശ്രമിക്കുന്നതിനൊപ്പം സമൂഹമാധ്യമത്തിലൂടെ പരസ്പരമുള്ള ഇഷ്ടങ്ങൾ പ്രകടിപ്പിക്കാറുമുണ്ട് വിരാടും അനുഷ്കയും. പുതിയ വിശേഷം എന്താണെന്നോ? അനുഷ്കയിൽ തനിക്ക് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ ചില കാര്യങ്ങൾ ഇപ്പോള്‍ ഉറക്കെ പറഞ്ഞിരിക്കുകയാണ് കോഹ്‌ലി.
ദീപാവലിയോട് അനുബന്ധിച്ച് വിരാട് കോഹ്‌ലിയും ആമിർ ഖാനും ഒന്നിച്ചു പങ്കെടുത്ത പരിപാടിക്കിടെയാണ് കാമുകി അനുഷ്കയെക്കുറിച്ച് വിരാട് പരാമർശിച്ചത്. അനുഷ്കയിലെ സത്യസന്ധതയും കെയറിങ് മനോഭാവവുമാണ് വിരാടിന് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങൾ. താനൊരിക്കലും അനുഷ്കയിലെ ഒരു സ്വഭാവവും വെറുക്കുന്നില്ലെങ്കിലും ചെറിയൊരു കാര്യം മാത്രം തീരെ ഇഷ്ടപ്പെടുന്നില്ല, മറ്റൊന്നുമല്ല എപ്പോഴും വൈകി എത്തുന്ന സ്വഭാവമാണത്. തനിക്കൊപ്പം എപ്പോഴും അനുഷ്ക കൂടെയുണ്ട്, തങ്ങൾക്കിടയിലെ അണ്ടർസ്റ്റാൻഡിങും വളരെ വലുതാണ്. കഴിഞ്ഞ മൂന്നുനാലു വർഷത്തിനിടെ ഒരു വ്യക്തി എന്ന നിലയ്ക്ക് അനുഷ്ക തന്നെ ഒരുപാടു മാറ്റിയിട്ടുണ്ടെന്നും കോഹ്‌ലി പറഞ്ഞു.
നേരത്തെ ഇരുവരും പിരിയുകയാണെന്ന വാർത്തകൾ പരന്നിരുന്നു. അന്നും വിഷയത്തിൽ വ്യക്തമായി പ്രതികരിക്കാൻ അനുഷ്കയും വിരാടും തയ്യാറായിരുന്നില്ല. മാത്രമല്ല ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വിരാട് അനുഷ്കയെ അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ വർഷം അനുഷ്കയുടെ പിറന്നാൾ ദിനത്തിലാണ് വിരാട് വീണ്ടും ഫോളോ ചെയ്തു തുടങ്ങിയത്, അനുഷ്കയ്ക്കുള്ള വിരാടിന്റെ പിറന്നാൾ സമ്മാനമായിരുന്നു അതെന്നും അന്നു പ്രചരിച്ചിരുന്നു.
തിരക്കുകള്‍ക്കിടയിലും പരസ്പരം സമയം കണ്ടെത്താൻ വിരാടും അനുഷ്കയും ശ്രമിക്കാറുണ്ട്. വാലന്റൈൻസ് ദിനത്തിലും വിമൻസ് ഡേയിലുമെല്ലാം അനുഷ്കയ്ക്കു വേണ്ടി സ്പെഷൽ പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യാൻ വിരാട് മറക്കാറില്ല. എന്തായാലും അധികം വൈകാതെ മറ്റൊരു സിനിമാ–ക്രിക്കറ്റ് താരവിവാഹത്തിനായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.
Read more: Lifestyle Malayalam Magazine