ഒരു ബ്രേക്അപ് സംഭവിച്ചാൽ പിന്നെ മുന്നോട്ടുള്ള ജീവിതം മുഴുവാൻ ഇരുട്ടിലായി എന്നു ചിന്തിക്കുന്ന ചിലരുണ്ട്. സ്വപ്നം കണ്ട ജീവിതം കിട്ടിയില്ലെങ്കിൽ മറ്റൊരു ജീവിതത്തിനായി സ്വപ്നം കാണുകയാണു വേണ്ടത്. അല്ലാതെ ഒരു വ്യക്തി തനിച്ചാക്കിപ്പോയി എന്നതുകൊണ്ടു മാത്രം മനോഹരമായ ഈ ജീവിതത്തെ പാഴാക്കി കളയരുത്. അത്തരമൊരു സന്ദേശമാണ് പ്രിയംവദ മംഗൾ എന്ന മുംബൈ സ്വദേശിനിക്കു പറയാനുള്ളത്. ബ്രേക്അപിൽ തളര്‍ന്നു ജീവിതമേ മടുത്തു പോയെന്നു ചിന്തിക്കുകയല്ല , യാത്രകൾ ചെയ്യുകയും തന്നെ കൂടുതൽ സ്നേഹിക്കാൻ പഠിക്കുകയുമാണ് പ്രിയംവദ ചെയ്തത്. പ്രിയംവദയുടെ വാക്കുകളിലേക്ക്...
''നിങ്ങളെയാകെ മാറ്റിമറിച്ച എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ? 2012 ല്‍ എന്റെ വിപാസന കോഴ്സിന്റെ കാലത്ത് ഞാൻ തല മുണ്ഡനം ചെയ്ത ഒരു ചൈനീസ് സ്ത്രീയെ കണ്ടുമുട്ടിയിരുന്നു. മുടിയില്ലാതെ തിളങ്ങുന്ന തലയിൽ അവള്‍ വളരെ സുന്ദരിയായിരുന്നു. അന്നു ഞാന്‍ ചിന്തിച്ചിരുന്നു, എനിക്ക് എന്നെങ്കിലും അങ്ങനെ ചെയ്യുവാൻ പറ്റുമോയെന്ന്, കാരണം ഞാനത്രത്തോളം അവളുടെ ആ ലുക്ക് ഇഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും ഞാൻ അങ്ങനെ ചെയ്താൽ എന്റെ കാമുകനും വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ പിന്നീടെന്നെ കാണുന്ന രീതിയിൽ മാറ്റമുണ്ടാകുമോയെന്ന് എനിക്ക് ഭയമുണ്ടായിരുന്നു.
2017 ആയപ്പോഴേക്കും ഞാൻ പ്രണയം തകർന്ന് ആകെ നിരാശയിലാണ്ടിരുന്നു. ആ സമയത്താണ് ഞാൻ എനിക്കെന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ചാലോചിച്ചത്. അങ്ങനെ ഞാൻ ഹിമാചലിലേക്ക് തനിച്ചൊരു യാത്ര പോകാൻ തീരുമാനിച്ചു, എന്റെയുള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടലുമായിരുന്നു ആ യാത്ര. മക്‌ലിയോഡ് ഗഞ്ചിൽ എത്തിയപ്പോൾ ഞാൻ അടുത്തുള്ളൊരു ബാർബർ ഷോപ്പിലേക്കാണ് ആദ്യം പോയത്, അവിടെ ചെന്ന് എന്റെ മുടി മുഴുവനായി വടിക്കാൻ ഞാൻ അയാളോടു പറഞ്ഞു.
അതു പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിയാതെ എന്നെ നോക്കി നില്‍ക്കുകയായിരുന്നു അയാൾ, കാരണം നല്ല കട്ടിയും നീളവുമുള്ള മനോഹരമായ മുടിയായിരുന്നു എന്റേത്. പക്ഷേ എന്റെ നിർബന്ധപ്രകാരം അദ്ദേഹം മുണ്ഡനം ചെയ്തു. പിന്നീടുള്ള കുറച്ചു ദിവസങ്ങളിൽ ഞാൻ ആ പർവതങ്ങളിൽ ധ്യാനം ചെയ്തു, അതുവരെ ലഭിച്ചിട്ടില്ലാത്തൊരു ആനന്ദമാണ് എനിക്കു ലഭിച്ചത്, ഞാൻ കൂടുതൽ സ്വതന്ത്രയായതു പോലെ തോന്നി.
അതെന്റെ ജീവിതത്തെത്തന്നെ മാറ്റുകയായിരുന്നു. ഞാൻ എന്നില്‍ത്തന്നെ സമാധാനവും ഉത്തരങ്ങളുമൊക്കെ കണ്ടെത്തിത്തുടങ്ങി. തല മുണ്ഡനം ചെയ്യുക എന്നത് ആകസ്മികമായി എടുത്ത ഒരു തീരുമാനമായിരുന്നില്ല, എനിക്കു വേണ്ടി ഞാൻ ചെയ്യാൻ ആഗ്രഹിച്ച കാര്യം തന്നെയായിരുന്നു. അത് എന്റെ പഴയ ചിന്തകളെയും വിദ്വേഷത്തെയും നെഗറ്റീവ് ചിന്തകളെയുമൊക്കെ ഉന്മൂലനം ചെയ്യുന്നതിനെ പ്രതിനിധീകരിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ആത്മാവിനെ തേടിയുള്ള ആ ദിനങ്ങൾ അമൂല്യമാണ്.
കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ എന്നെത്തന്നെ സ്നേഹിക്കാൻ പഠിച്ചു. എന്നിലെ സൗന്ദര്യത്തെ മറ്റാരും പറയാതെതന്നെ ഞാൻ കാണാൻ തുടങ്ങി. ഒരു പുതിയ വ്യക്തിയായിട്ടാണ് ഞാൻ അവിടെനിന്നു തിരിച്ചു പോന്നത്. ഞാൻ ലെസ്ബിയൻ ആയിരുന്നോ എന്നും എനിക്കു മറ്റെന്തെങ്കിലും രോഗങ്ങള്‍ ഉണ്ടായിരുന്നോ എന്നും ആരെങ്കിലും മരിച്ചു പോയോ എന്നുമൊക്കെ പലരും എന്നോടു ചോദിച്ചു. പക്ഷേ അതൊന്നും എന്നെ അലട്ടിയതേയില്ല, കാരണം ഞാൻ എന്നെ സ്നേഹിക്കുന്നതിന്റെ തിരക്കിലായിരുന്നു.
ഈ യാത്രയിൽനിന്നു നിങ്ങൾക്കു മനസ്സിലായ ഉത്തരമെന്താണ്? ചിലപ്പോഴൊക്കെ വേദനകളും സുഖപ്രദമാണ്. നമ്മൾ ഒരു പ്രത്യേക സാഹചര്യത്തിൽ നിലകൊള്ളുകയോ ഭൂതകാലത്തിൽത്തന്നെ നിലനിൽക്കുകയോ ചെയ്തേക്കാം. പക്ഷേ ഭൂതകാലത്തെത്തന്നെ പിടിച്ചു നിൽക്കുന്നത് ഒരു പിശാചിനെ കൈക്കൊള്ളുന്നതിനു തുല്യമാണ്. നാം അതു തിരഞ്ഞെടുക്കാതെ അതിനെ കാണാതിരിക്കാനും അതിനെ അതിന്റെ വഴിക്കു വിടാനും തീരുമാനിക്കണം.
എന്താണോ നമുക്കു മുന്നിലേക്കു വരുന്നത് അതിനെ സ്വീകരിക്കുക, പിന്നീട് അതിന്റെ വഴിക്കു തന്നെ വിടുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇതിനിടയിലൊക്കെ നിങ്ങളെ തീക്ഷ്ണമായി സ്നേഹിച്ചു കൊണ്ടിരിക്കുക, എന്തെന്നാൽ അതാണ് നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള കാര്യം.''
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam