Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവിനെ രക്ഷിക്കാന്‍ മുത്തശ്ശി ഒാടിയത് മാരത്തൺ ഓട്ടം

lata-bhagavan-kare-3

ലതയുടെ മനസ്സില്‍ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുളളൂ ആ ലക്ഷ്യം നേടാൻ എത്ര ദൂരം വേണമെങ്കിലും ഒാടാൻ അവർ തയാറായിരുന്നു. ആ ഒാട്ടം ആരംഭിച്ചത് മഹാരാഷ്ട്രയിലെ ബാരാമതിയിൽ.

വർഷം 2013

ഹൃദ്രോഗത്തെത്തുടർന്ന് ആശുപത്രിയിലായ ഭര്‍ത്താവിന്റെ തുടർചികിൽസയ്ക്ക് നല്ലൊരു തുക ചെലവാകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ കൂലിപ്പണിക്കാരിയായ ലത ഭഗവാന്‍ കാരെ എന്ന അറുപത്താറുകാരിയുടെ മുമ്പിൽ ആശ്രയിക്കാൻ മാർഗങ്ങളൊന്നുമില്ലായിരുന്നു. വല്ലപ്പോഴും മാത്രമുളള കൂലിപ്പണിയിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം നാലു മക്കളും ഭർത്താവുമടങ്ങുന്ന കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പോലും തികയാതിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ഭർത്താവിന്റെ ചികിത്സയും കടന്നുവരുന്നത്. മധ്യവർഗത്തിന് നിസാരമെന്നു തോന്നാവുന്ന തുകയെങ്കിലും ദരിദ്രരായ കുടുംബത്തിന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായ ഭർത്താവ് സെക്യൂരിറ്റി ഗാർഡായി ജോലിചെയ്തു കിട്ടുന്ന തുച്ഛമായ തുക കൊണ്ടു കൂടിയായിരുന്നു കുടുംബം രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നത്. ഏക ആശ്രയം തന്നെ ആശുപത്രിക്കിടക്കയിലായപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ആകുലപ്പെട്ട ലതയോട് അയൽക്കാരനായ സുധീർ സകത്താണ് മാരത്തോണിനേക്കുറിച്ചു പറയുന്നത്.

lata-bhagavan-kare-4

ദീര്‍ഘദൂര ഒാട്ട മൽസരത്തിൽ വിജയിച്ചാല്‍ ഒരു തുക സമ്മാനമായി ലഭിക്കും. ഭർത്താവിന്റെ ചികിൽസയ്ക്കായി ഒാടാനും തയാറായി ലത. അതിനു മുൻപൊരിക്കലും ഒരു മൽസരത്തിൽ പോലും പങ്കെടുത്തിട്ടില്ലാത്ത തനി നാട്ടിൻപുറത്തുകാരിയായ ലതയ്ക്ക് ആളുകൾ എന്തു കരുതുമെന്നോ തന്റെ പ്രായമോ ആരോഗ്യമോ ഒന്നും ഒരു തടസ്സമായി തോന്നിയില്ല. അങ്ങനെ ബാരാമതിയിൽ നടക്കാൻ പോകുന്ന മാരത്തണിനായി പേരു രജിസ്റ്റർ ചെയ്യാനായി ലതയും ചെന്നു. മുഷിഞ്ഞ സാരിയുമുടുത്ത്, പ്രായത്തിന്റെ ആകുലതകൾ വിരിഞ്ഞുനിൽക്കുന്ന മുഖവുമായി ചെന്ന മെലിഞ്ഞ മധ്യവയസ്കയെ കണ്ടതും സംഘാടകര്‍ക്ക് സംശയം. പക്ഷേ നിർബന്ധത്തിനൊടുവിൽ മൽസരത്തിൽ പങ്കെടുക്കാൻ അവർ അനുവദിച്ചു. 

കൊടുംചൂടിലാണ് ഒാട്ടമൽസരം. മാത്രമല്ല അമ്മയുെട ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് മകൻ സുനിൽ മൽസരിക്കുന്നതിൽ നിന്നും ലതയെ തടഞ്ഞു.  പക്ഷേ തന്റെ ഭർത്താവിനു വേണ്ടി താന്‍ ഒാടുകതന്നെ ചെയ്യുമെന്ന ദൃഡനിശ്ചയത്തിൽ ലത ഉറച്ചുനിന്നു. ദിവസവും രാവിലെ പാലുകൊടുക്കാനും മറ്റും വളരെ ദൂരം നടന്നു പോകുന്നതല്ലാതെ പ്രത്യേക തയാറെടുപ്പുകളൊന്നും ലത എടുത്തിരുന്നില്ല.

lata-with-her-husband ലത ഭഗവാന്‍ കാരെ ഭർത്താവിനൊപ്പം

ഗ്രാമവാസിയായ താൻ ഒടുന്നത് കണ്ടാൽ മറ്റുളളവർക്ക് പരിഹസിച്ചുചിരിക്കാന്‍ ഒരു കാരണമാകേണ്ടെന്ന് കരുതിയാണ് ഒാട്ടം പരിശീലിക്കാത്തത്. എല്ലാ തടസ്സങ്ങളെയും മറികടന്ന് മൽസരത്തിന്റെ തലേ ദിവസമെത്തിയപ്പോഴേക്കും വീണ്ടും തടസ്സം പനിയുടെ രൂപത്തിൽ. ഒടുവിൽ ഒരു ഗുളികയും കഴിച്ച് മൽസരസ്ഥലത്തെത്തി.

മറ്റുളളവരെല്ലാം ട്രാക്ക് സ്യൂട്ടും സ്പോർട്സ് ഷൂസുകളുമണിഞ്ഞെത്തിയപ്പോൾ പഴയൊരു സാരിയും വാരിപ്പുതച്ച് ചെരിപ്പു പോലുമില്ലാതെയാണ് ലത എത്തിയത്. ബാരാമതി മാരത്തണിൽ സീനിയർ സിറ്റിസൻസ് വിഭാഗത്തിലാണ് ലത മാറ്റുരക്കുന്നത്. മൂന്നു കിലോമീറ്റർ ദൂരം ആദ്യം പിന്നിടുന്നവർക്കാണ് സമ്മാനം.

വൈകാതെ മൽസരത്തിന് വിസിൽ മുഴങ്ങിയതും മറ്റുളളവർ അതിവേഗത്തിൽ മുന്നോട്ടുകുതിച്ചു. തന്റെ സാരി മുട്ടൊപ്പം പൊക്കിയെടുത്ത്, ചുട്ടുപഴുത്ത മണ്ണിൽ ചെരിപ്പുപോലുമില്ലാതെ ലത ഒാടി. മനസിൽ ഭർത്താവിന്റെ രൂപം മാത്രം. ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഈ പണം അത്യാവശ്യമാണെന്ന ചിന്തയിൽ കാലുകൾ വേദനകള്‍ മറന്നു. ശരീരം ക്ഷീണം പരിഗണിച്ചില്ല.

ഒടുവിൽ ഒന്നാമതായി ഫിനിഷിംഗ് പോയിന്റിലെത്തിയ ലത തന്റെ ഭർത്താവിന്റെ ചികിൽസയ്ക്കായി സമ്മാനത്തുക ഏറ്റുവാങ്ങി. 2015 ല്‍ വീണ്ടും ഭർത്താവിന്റെ തുടർചികിൽസയ്ക്കായി മാരത്തണിൽ മൽസരിച്ച ലത കഴിഞ്ഞ വർഷം വീണ്ടും മൽസരത്തിനെത്തിയത് തല ചായ്ക്കാൻ ഒരു വീടു നിർമ്മിക്കാനുളള പണം സ്വരുക്കൂട്ടാൻ. തന്റെ കുടുംബത്തിനു വേണ്ടി ഒാടിക്കൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിലെ പിംപ്ലി സ്വദേശിനിയായ ഈ മുത്തശ്ശിക്ക് എഴുപതാം വയസ്സിലും വിശ്രമമില്ല.

lata-with-family ലത ഭഗവാന്‍ കാരെ കുടുംബത്തോടൊപ്പം

ഒാരോ മൽസരങ്ങളിൽ പങ്കെടുക്കുമ്പോഴും തന്റെ ഇല്ലായ്മയെ മറ്റുളളവരുമായി താരതമ്യപ്പെടുത്തി അപകർഷതാബോധത്തോടെയല്ല ലത മുന്നേറുന്നത്. ട്രാക്ക് സ്യൂട്ടും സ്പോർട്സ് ഷൂവുമൊന്നും വാങ്ങിക്കാൻ പണമില്ലാത്ത അവസ്ഥയിൽ വെറും സാരി വാരിപ്പുതച്ച് ചെരിപ്പുപോലുമില്ലാതെ ഒാടുമ്പോഴും ഇവരുടെ മനസ്സിൽ തന്റെ പ്രിയപ്പെട്ട ഭർത്താവും കുടുംബാംഗങ്ങളും മാത്രമാണ്. അതോടെ എങ്ങനെയും വിജയിക്കണമെന്ന നിശ്ചയദാർഢ്യം മനസ്സിൽ നിറയുന്നു.

മറ്റുളളവർ ഒാടുന്നത് ഫിറ്റ്നസ് കാണിക്കാനും വ്യായാമത്തിനും വേണ്ടിയാണെങ്കിൽ ലത ഒാടുന്നത് അവരുടെ കുടുംബത്തിന് താങ്ങാവാനായാണ്. അതാണ് ലതയുടെ ലക്ഷ്യത്തിന്റെ തീവ്രതയും. നാം ഏതു കാര്യം ചെയ്യുമ്പോഴും അത് തീവ്രമായ ആഗ്രഹമായി മാറണമെങ്കിൽ ലക്ഷ്യത്തെക്കുറിച്ചുളള ചിന്തയും അത്രത്തോളം ഉറച്ചതാവണം. വെറുതെ ഒരു കൈ നോക്കാം എന്നു ചിന്തിക്കുന്നയാളിന്റെ ലക്ഷ്യപ്രാപ്തിയും എനിക്കു വിജയിച്ചേ പറ്റൂ എന്നു ചിന്തിച്ചുകൊണ്ട് പ്രവർത്തിക്കുന്നയാളിന്റെ ലക്ഷ്യപ്രാപ്തിയും വ്യത്യാസപ്പെട്ടിരിക്കുന്നു. എവിടെയും വിജയിക്കണമെങ്കിൽ, ലക്ഷ്യം നേടണമെങ്കിൽ അതിശക്തമായ കാരണം വേണം. അതല്ലാതെ അലസമട്ടിൽ, പ്രയത്നിക്കാനുളള മടിയുമായി പ്രവർത്തിച്ചാൽ അവിടെ വിജയം അകന്നു നിൽക്കും. 

മറ്റൊന്ന് നിശ്ചയദാർഢ്യമാണ്. ശരീരത്തിന്റെ ക്ഷീണവും ഒാട്ടമൽസരത്തിൽ മുൻപ് പങ്കെടുത്തിട്ടില്ലാത്തതും, ട്രാക്ക് സ്യൂട്ടോ, സ്പോർട്സ് ഷൂവോ ഒന്നുമില്ലാത്തതും പ്രായവും മകന്റെ എതിർപ്പുമൊന്നും ലതയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ തടസ്സമായില്ല. ഏതു ലക്ഷ്യത്തെയും നേരിടാനുളള ശക്തമായ നിശ്ചയദാർഢ്യം മനസിലുണ്ടെങ്കിൽ മറ്റുളളവരുടെ നിഷേധാത്മകമായ വാക്കുകളോ, അപ്രതീക്ഷിത പരാജയങ്ങളോ, എതിർപ്പുകളോ, കുറവുകളോ ഒന്നും ഒരു തടസ്സമാവുകയില്ല. അവയെ അതിജീവിച്ചുകൊണ്ട് നാം മുന്നേറും.

lata-2

മറ്റൊന്ന് താരതമ്യമാണ്. തന്റെ ഒപ്പം ഒടുന്നവരുടെ വിലകൂടിയ വസ്ത്രങ്ങളും ഷൂസുമൊന്നും തനിക്കില്ലല്ലോ, അവരെപ്പോലെ താൻ പരിശീലനമൊന്നും നേടിയിട്ടില്ലല്ലോ അതുകൊണ്ട് ഞാനെങ്ങും ജയിക്കാന്‍ പോകുന്നില്ല എന്ന് മറ്റുളളവരുമായി താരതമ്യപ്പെടുത്തി സ്വയം താഴ്ത്തിക്കെട്ടിയില്ല ലത. കാരണം ലത മറ്റുളളവരെയല്ല നോക്കിയത് മറിച്ച് തന്റെ ലക്ഷ്യത്തെയാണ്. നമ്മുടെ ജീവിതത്തിലും നാം മറ്റുളളവരുടെ നേട്ടങ്ങളെ നമ്മുടെ ജീവിതാവസ്ഥയുമായി താരതമ്യപ്പെടുത്തി ഒാരോ സമയവും ചിന്തിച്ചാൽ അത് നമ്മിൽ അസംതൃപ്തി നിറയ്ക്കുകയും നേട്ടങ്ങൾ ലഭിച്ചവരോട് കാരണമില്ലാതെ അസൂയയും അതൃപ്തിയും നിറയുകയും ചെയ്യും.

എന്തിനാണ് നാം പ്രാധാന്യം കൊടുക്കുന്നതെന്ന് ആദ്യം മനസിൽ കണ്ടെത്തുക. പണം , പ്രശസ്തി, അംഗീകാരം, പദവി, വിദേശയാത്രകൾ, മനഃസമാധാനം, സാമൂഹികാന്തസ്സ്, അഭിരുചി, ഇഷ്ടങ്ങൾ, കുടുംബം, വിദ്യാഭ്യാസം, ദൈവം.

പണമുളളയാൾക്ക് പ്രശസ്തിയും അംഗീകാരവുമില്ലല്ലോ എന്ന ചിന്തയാകും, പദവിയുളളയാൾക്ക് പണമില്ലല്ലോ എന്ന ചിന്തയാകും പണവും പ്രശസ്തിയും പദവിയുമുളളയാൾക്ക് സമാധാനമില്ലല്ലോ എന്ന ചിന്തയാകും ചിലപ്പോൾ ഉളളത്. അതിനാൽ പണം, പ്രശസ്തി, അംഗീകാരങ്ങൾ പദവി,  വിദ്യാഭ്യാസം, സാമൂഹികാന്തസ് എന്നിവയൊക്കെ നമുക്കാവശ്യമാണെങ്കിലും അവ മാത്രമുളളതുകൊണ്ട് നമ്മുടെ ജീവിതത്തിൽ സംതൃപ്തി നിറയില്ല എന്നു മനസിലാക്കുക. കാരണം എത്ര ഉയരത്തിലെത്തിയില്ല എത്ര കിട്ടിയില്ല അതിലും ഉയരത്തിലേക്ക് നോക്കി പലരും അസംതൃപ്തിയിൽ ജീവിക്കും. നമ്മുടെ ജീവിതത്തിന് പൂർണത കൈവരിക്കാനുളള ഒരേയൊരു വഴി ഈശ്വരചിന്തയാണ്. ഈശ്വരനോട് ചേർന്ന് നാം നിൽക്കുമ്പോൾ ജീവിതത്തിൽ നമുക്കാവശ്യമുളളത് വേണ്ടസമയത്ത് അവിടുന്ന് ഒരുക്കിത്തരും. അവിടെ സമാധാനം നിറയും. അവിടെ താരതമ്യപ്പെടുത്തലോ അസൂയയോ ഉണ്ടാകില്ല. അവിടെ നാം നമ്മുടെ മേഖല ഏതാണെന്ന് മനസിലാക്കി അവിടെ ഫോക്കസ് ചെയ്ത് ഉയരങ്ങൾ കീഴടക്കാം. അതല്ലാതെ ഒാരോരുത്തരും ഒാരോ മേഖലയില്‍ വിജയിക്കുന്നത് കണ്ട് അതിനു പിന്നാലെ ഒാടി, ഒടുവിൽ പലതിനു പിന്നാലെ ഒാടി ഒരിടത്തും ലക്ഷ്യത്തിലെത്താതെ അസംതൃപ്തരായി മാറുകയില്ല. അതിനാൽ നമ്മുടെ അഭിരുചിക്കും ഇഷ്ടത്തിനും കഴിവുകൾക്കും അനുസരിച്ചുളള മേഖലയിൽ ക്ഷമയോടുകൂടി പ്രവർത്തിക്കുക. ഈശ്വരനിലാശ്രയിക്കാം. വലിയ വിജയങ്ങളും സന്തോഷവും സമാധാനവും അവിടുന്ന് നേടിത്തരും. അതിനു കഴിയട്ടെയെന്നാശംസിക്കുന്നു. വിജയാശംസകൾ

ധീരതയ്ക്കുളള ഇന്ത്യൻ പ്രസിഡന്റിന്റെ മെഡലും ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകനുളള ഭാരതസർക്കാരിന്റെ പരമോന്നത ബഹുമതിയും നേടിയിട്ടുളള പ്രശസ്ത ഇന്റർനാഷണൽ മോട്ടിവേഷനൽ സ്പീക്കറും സൈബര്‍ സൈക്കോളജിസ്റ്റും വിവിധ ഭാഷകളിലായി  ഇരുപത്തഞ്ചോളം പ്രചോജനാത്മക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ.

ഫോൺ: 9497216019

Read more: Lifestyle Malayalam MagazineBeauty Tips in Malayalam