Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കൗമാര ദശയുടെ പുള്ളിച്ചിറകുകള്‍ അരിഞ്ഞുകളഞ്ഞവനേ, ഞാനിന്ന് ആ പഴയ പെണ്‍കുട്ടിയല്ല'; ധീരമാണ് ഈ തുറന്നു പറച്ചിൽ

Arunima അരുണിമ

കുട്ടിക്കാലത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വാത്സല്യം നൽകുകയാണെന്ന വ്യാജേന എവിടെയൊക്കെയോ തഴുകുകയും തലോടുകയും ചെയ്തവനെക്കുറിച്ചും യാത്രകൾക്കിടെ പുറകിൽ നിന്നും ശരീരത്തിലേക്കു നീണ്ടുവന്നിരുന്ന കരങ്ങളെക്കുറിച്ചും ലിംഗപ്രദർശനത്തിലൂടെ ഞെട്ടിച്ചവരെക്കുറിച്ചുമൊക്കെ അവർ തുറന്നു പറയുകയാണ്. മീ ടൂ എന്ന കാംപയിൻ സമൂഹമാധ്യമങ്ങളിലൂടെ ശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലൈംഗിക സ്പർശങ്ങളെയും പരാമർശങ്ങളെയുമൊക്കെ അതിജീവിച്ചു മുന്നേറിയവർ ഒരേ സ്വരത്തോടെ പറയുകയാണ് ഞാനും അവരിൽ പെടുന്നു. 

സത്യത്തിൽ ഇത്തരം അനുഭവം നേരിടാത്ത ഒരു പെൺജീവിതം പോലുമില്ലെന്ന യാഥാർഥ്യത്തെയാണ് മീ ടൂ കാംപയിൻ തുറന്നുകാട്ടുന്നത്. അന്നു തുറന്നു പറയാൻ കഴിയാതിരുന്ന പലരും ഇന്ന് ധീരതയോടെ താൻ അതിനെ അതിജീവിച്ചുവെന്നു ഒരേസ്വരത്തിൽ പറയുന്നു. പെൺശബ്ദങ്ങളുടെ അലയൊലികൾ മുറുകുന്നതിനിടെ ശ്രദ്ധേയമാവുകയാണ് അരുണിമ ജയലക്ഷ്മി എന്ന പെൺകുട്ടിയുടെ ധീരമായൊരു ഫേസ്ബുക് പോസ്റ്റ്. വെറുതെ മീ ടൂ എന്നു മാത്രം പറഞ്ഞു പോകാൻ തോന്നുന്നില്ലെന്ന ആമുഖത്തോടെ തന്റെ ജീവിതത്തിൽ സംഭവിച്ച ആ കറുത്ത ദിനത്തെ ഓർത്തെടുക്കുകയാണ് അരുണിമ. അരുണിമയുടെ ഫേസ്ബുക് പോസ്റ്റിലേക്ക്..

തന്റെ ഒമ്പതാം ക്ലാസ് കാലത്ത് സ്കൂളിലേക്കു പോകുന്നതിനിടെ വെട്ടുവഴികളിലൊന്നിലൂടെ പോവുകയായിരുന്നു അരുണിമ. ശരീരത്തെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചുമൊന്നും വലിയ ധാരണയില്ലാത്ത അവളെ അപ്രതീക്ഷിതമായാണ് ഒരാൾ വായ പൊത്തിപ്പിടിച്ചു കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചത്. തുടർന്നുണ്ടായ പിടിവലിക്കിടെ അത്ഭുതമായാണ് അരുണിമ അയാളിൽ നിന്നും രക്ഷപ്പെട്ടത്. ശരീരവും മനസ്സും നൊന്ത് ഭീകരമായ ഇൻസെക്യൂരിറ്റി അനുഭവിച്ച കാലമായിരുന്നു പിന്നീട് അരുണിമയുടേത്. അപകർഷതാബോധവും ഭയവും വിഷാദവുമെല്ലാം അവളെ വലയം ചെയ്തിരുന്നു. ആ കാലത്തു നിന്നും മാറി ഇന്നത്തെ ആർജവമുള്ള പെൺകുട്ടിയായി മാറിയതിനു പിന്നിൽ അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും ഡോക്ടർമാരുടെയുമെല്ലാം സ്നേഹവും പിന്തുണയുമാണെന്ന് അരുണിമ പറയുന്നു. അരുണിമയുടെ ഫേസ്ബുക് പോസ്റ്റിലേക്ക്..

'' #Metoo എന്നു മാത്രം എഴുതിയിട്ടിട്ടു പോകാന്‍ മനസ്സ് സമ്മതിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ നേരിട്ട, പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ച ദുരനുഭവത്തിന്റെ ഓര്‍മ്മയാണിത്. ഭയമായും വിഷാദമായും സങ്കടമായും ഇടയ്ക്കിടെയെത്തി എന്നെ ഇപ്പോഴും ഭ്രാന്തു പിടിപ്പിക്കുന്ന ദിവസങ്ങളുണ്ട് പിറകില്‍.. സംഭവിച്ചതെല്ലാം അതിന്റെ തീവ്രതയില്‍ തുറന്നു പറയാന്‍ കഴിയാതെ ഒരു പുഴുത്ത വ്രണം പോലെ മനസ്സിലിട്ടു നീറ്റി നടന്ന ഒരു പെണ്‍കുട്ടിയുണ്ട് പിറകില്‍ ..

എന്റെ ഒമ്പതാം ക്ലാസ്സ് കാലം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ ഇന്നുള്ളതിനേക്കാള്‍ കട്ടികൂടിയ കാടുണ്ടായിരു അന്ന് .. സ്‌കൂള്‍ ഗ്രൗണ്ടിനെ ചുറ്റിയുള്ള കാട്ടിലൂടെ സ്‌കൂളിലേക്ക് ചെറിയ വെട്ടുവഴികളുണ്ട്. വീട്ടില്‍ നിന്നും വൈകിയിറങ്ങിയ ഒരുദിവസം ആ വഴികളിലൊന്നിലൂടെ ഓടിയിറങ്ങുന്ന എന്നെ ഒരാള്‍ തടഞ്ഞു നിര്‍ത്തുന്നു.. വായ പൊത്തിപ്പിടിച്ചു കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുന്നു.. എനിക്ക് ആര്‍ത്തവം ആരംഭിച്ച കാലമായിരുന്നു അത് . ശരീരത്തെ കുറിച്ചും അതു നേരിട്ടേക്കാവുന്ന അതിക്രമങ്ങളെ കുറിച്ചും വലിയ ധാരണയില്ലാത്ത പെണ്‍കുട്ടി, ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന ബോധത്തില്‍ നിന്നുകൊണ്ട് അവള്‍ക്കാവും പോലെ ചെറുത്തു..  ഉരുണ്ടു മറിഞ്ഞു നിലത്തു വീണുപോയ എനിക്ക് മുമ്പില്‍ അയാളുടെ ഉദ്ധരിച്ച ലിംഗം കണ്ടു. പ്രണയിക്കുന്ന പുരുഷന്റെയല്ലാതുള്ള ഒരു ലിംഗം എത്രത്തോളം വലിയ വൃത്തികേടാണെന്ന് ഇപ്പോഴെനിക്കറിയാം. അന്ന് ജീവിതത്തിലാദ്യമായി ഒരു പുരുഷ ലിംഗം കണ്ട്, അതിന്റെ സ്പര്‍ശത്തെ ഭയന്ന് അറപ്പോടെ പിന്നോട്ടു മറിഞ്ഞു വീണു.. മുടിക്കു കുത്തിപ്പിടിച്ച് അയാള്‍ എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു.. പിടിവലിക്കിടയില്‍ യൂണിഫോമിന്റെ തുന്നലുകള്‍ വിടുന്നതും പിന്നിപ്പോകുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്റെ കഴുത്തില്‍ പിടി മുറുകുകയാണ്.. അയാളുടെ കൈകള്‍ എന്റെ പാവാടയുടെ അടിയിലേക്ക് ഇഴയുകയാണ് (ഇതു വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയില്‍ പ്രകോപനം ഉണ്ടാവുന്നെങ്കില്‍ ക്ഷമിക്കുക. എനിക്കിതു പറയാതെ വയ്യ. പറയാനുള്ള ആര്‍ജ്ജവത്തിലേക്കു ഞാനെത്തിയത് ഇപ്പോഴാണ്)

അയാളുടെ മുതുകില്‍ ദുര്‍ബലതയുടെ അങ്ങേയറ്റത്തു നിന്നുകൊണ്ടുതന്നെ ഞാന്‍ ആഞ്ഞു കടിച്ചു. ഒരു നിമിഷം അയാള്‍ പിടിവിട്ടതും ഞാനോടി... പിടഞ്ഞോടി രക്ഷപ്പെടുകയായിരുന്നു.. ശരീരം മുഴുവന്‍ നൊന്തിരുന്നു.. രക്തം പൊടിഞ്ഞിരുന്നു..

ആരോടെങ്കിലും പറയാവുന്ന ഒരു കാര്യമല്ലെന്ന് ധരിച്ചു മനസ്സിലിട്ടു കൊണ്ടുനടന്നു... ഭീകരമായ ഇന്‍സെക്യൂരിറ്റി അനുഭവിച്ച കാലം. ഉണര്‍വ്വിലും ഉറക്കത്തിലും ഞെട്ടിക്കൊണ്ടിരുന്ന ദിവസങ്ങള്‍. ചിരിയും വര്‍ത്തമാനവും മുറിഞ്ഞും മാഞ്ഞും പോയി. മനുഷ്യരെ മുഴുവന്‍ പേടിയായി. ഒറ്റയ്ക്കിരിക്കാന്‍ മാത്രം ഇഷ്ട്ടപ്പെടുന്ന കുട്ടിയായി... പത്താം ക്ലാസ്സിന്റെ കാല്‍ ഭാഗം വരെയെ സ്‌കൂളില്‍ തുടരാനായുള്ളൂ. സഹപാഠികള്‍ക്കിടയില്‍ പോലും ഇരിക്കാന്‍ കഴിയാത്ത വിധത്തിലേക്ക് മാറിപ്പോയി. കൂട്ടുകാര്‍ ഇല്ലാണ്ടായി. തീര്‍ത്തും ഒറ്റയായി.. എന്റെ ക്ലാസ്സിന്റെ മുന്‍വാതില്‍ കടന്ന് എന്റെ ബെഞ്ച് വരെ കുട്ടികള്‍ക്കിടയിലൂടെ നടന്നെത്താന്‍ എനിക്ക് പറ്റുമായിരുന്നില്ല. അപകര്‍ഷതയും ഭയവും വിഷാദവും. ആ കൊല്ലത്തെ SSLC പരീക്ഷ എഴുതിയില്ല. ഡിപ്രഷന്റെ ഏറ്റവും മാരകമായ ഒരു വേര്‍ഷന്‍ അനുഭവിച്ചുകൊണ്ട് വീട്ടിലെ ഒരു മുറിക്കുള്ളിലായിരുന്നു ഞാന്‍. 

പിന്നീട് നിരന്തരമായ കൗണ്‍സിലിങ്ങുകള്‍.. മരുന്നുകള്‍.. എന്നെ മറികടന്നു പോകുന്നവരില്‍ ആ മനുഷ്യന്റെ മുഖം മാത്രം തിരഞ്ഞുകൊണ്ടേയിരുന്നു. കോളജ് കാലം അവസാനിക്കും വരെയും വലിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. സഭാകമ്പവും ആള്‍ക്കൂട്ടത്തോടുള്ള ഭയവും ഒരു മാറാവ്യാധിപോലെ ഈയടുത്ത കാലം വരെയും എനിക്കൊപ്പം ഉണ്ടായിരുന്നു.

പിജി ചെയ്യാന്‍ വീണ്ടും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ എത്തിയപ്പോള്‍ ആ പഴയ വഴികളിലൂടെ ഞാന്‍ നടന്നുകൊണ്ടിരുന്നു. ഇപ്പോഴും ഞാന്‍ തിരഞ്ഞെടുക്കാറ് ആ വഴിയാണ്. ആ വഴിയില്‍ അയാളെ വെട്ടിനുറുക്കുന്ന ചിലപ്പോള്‍ വെടിവെച്ചു വീഴ്ത്തുന്ന എന്നെ ഇതിനകം എത്രയോ തവണ ഞാന്‍ കണ്ടിരിക്കുന്നു ...

ഭ്രാന്തിന്റെയും വിഷാദത്തിന്റെയും ചുഴികള്‍ എന്നില്‍ തുടങ്ങിവെച്ച അജ്ഞാതാ.., എന്റെ കൗമാര ദശയുടെ പുള്ളിച്ചിറകുകള്‍ അരിഞ്ഞുകളഞ്ഞവനെ.. ഞാനിന്ന് ആ പഴയ പെണ്‍കുട്ടിയല്ല. നിന്നെയെനിക്ക് കാണുകയും വേണ്ട. പകയല്ല , പകരം പുച്ഛമാണ്. ഇനി ഭയപ്പെടുകയുമില്ല. നീയെന്നില്‍ കുത്തിനിറച്ച പേടിയും അപകര്‍ഷതയുമെല്ലാം ഞാന്‍ എന്നോടു തന്നെ പടവെട്ടി തൂത്തെറിഞ്ഞിരിക്കുന്നു.. വേദനയുടെ കാലത്ത് എന്നെ വിടാതെ ചേര്‍ത്ത് നിര്‍ത്തിയ ചുരുക്കം പേരുണ്ട് .. അച്ഛന്‍, അമ്മ, ചേച്ചി, ബാലകൃഷ്ണന്‍ ഡോക്ടര്‍, എന്റെ സഭാകമ്പം പൊടിക്കൈ മരുന്ന് തന്നു മാറ്റിയ രാജന്‍ ഡോക്ടര്‍... സ്‌നേഹത്തിന്റെ ആ കൈകള്‍ക്ക് ഒരു നൂറുമ്മകള്‍ ..''

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam