വാക്കുകൊണ്ടോ നോട്ടം കൊണ്ടോ പ്രവർത്തി െകാണ്ടോ ഒക്കെ തങ്ങൾ നേരിട്ട പീഡനങ്ങളെക്കുറിച്ചു സ്ത്രീകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞ മീ ടൂ ക്യാംപയിൻ സമൂഹമാധ്യമത്തിൽ നിറയുകയാണ്. ഞാനും അവളെപ്പോലെ ആ സാഹചര്യങ്ങളെ അതിജീവിച്ചവളാണെന്നു പറയാൻ ലോകം മുഴുവനുമുള്ള സ്ത്രീകൾ മുന്നോട്ടുവന്നു. സത്യത്തിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകാത്ത സ്ത്രീകളില്ല എന്ന സന്ദേശമാണ് മീ ടൂ ക്യാംപയിൻ നമുക്കു മുന്നിൽ തുറന്നുവെക്കുന്നത്. ഇത്തരം സാഹചര്യത്തിൽ പ്രസക്തമാവുകയാണ് ദിപേഷ് തങ്ക് എന്ന ബോംബെ സ്വദേശിയുടെ പ്രവർത്തനം. സ്ത്രീസുരക്ഷയ്ക്കായി ദിപേഷ് മുന്നോട്ടുവച്ച ആശയം അവർക്കേറെ സഹായമാവുകയാണ്.
യാത്രകള്‍ക്കിടെ സ്ത്രീകള്‍ ഏറ്റവുമധികം പീഡനങ്ങൾക്കിരയാകുന്നു എന്ന സത്യം മനസ്സിലാക്കിയതോടെയാണ് ദിപേഷ് സ്ത്രീസുരക്ഷയ്ക്കായി തനിക്കെന്തു ചെയ്യാം എന്നു ചിന്തിക്കുന്നത്. ഓരോ യാത്രകളിലും സ്ത്രീകൾ ശല്യപ്പെടുത്തലുകൾക്ക് ഇരയാകുമ്പോൾ ദിപേഷിന്റെ മനസ്സിൽ തെളിഞ്ഞത് അമ്മയുടെ മുഖമായിരുന്നു. സമൂഹത്തിൽ ഇത്തരത്തിൽ പെരുമാറുന്ന ക്രൂരന്മാർക്കെതിരെ എങ്ങനെ പോരാടാം എന്ന അന്വേഷണം എത്തിച്ചത് കാമറ ധരിച്ച ഒരു സൺഗ്ലാസിലാണ്. ദിപേഷിന്റെ വാക്കുകളിലേക്ക്.
'' ബോംബെയിലെ ഒരു ചേരിയിലാണ് എന്റെ ജനനം. കുട്ടിക്കാലം തൊട്ടേ അമ്മ വീടു പുലർത്താൻ കഷ്ടപ്പെടുന്നതു കണ്ടാണ് ഞാൻ വളർന്നത്. കാറ്ററിങ് സർവീസ് തുടങ്ങിയ അമ്മ ദിവസത്തിൽ പന്ത്രണ്ടു മണിക്കൂറോളം ജോലി ചെയ്തിരുന്നു. നേരം വൈകിയൊക്കെ അമ്മ വീട്ടിൽ വന്നിരുന്ന സമയത്ത് ചേരിയിലെ ആളുകളിൽ പലരും അമ്മയെ കുറ്റപ്പെടുത്തുന്നതു ഞാൻ കണ്ടിരുന്നു, പക്ഷേ ഇതെല്ലാം അമ്മയോടുള്ള എന്റെ ബഹുമാനം വർധിപ്പിച്ചതേയുള്ളു.
എനിക്കു പതിനാറു വയസ്സുള്ളപ്പോൾ ഞാൻ പഠനം ഉപേക്ഷിച്ച് അമ്മയെ സഹായിക്കാൻ തുടങ്ങി. ആദ്യം ഒരു ഓഫീസില്‍ കംപ്യൂട്ടറുകൾ ശരിയാക്കുന്ന ജോലിയായിരുന്നു, ഓഫീസിൽ ആദ്യം എത്തുന്നയാളും അവസാനം ഇറങ്ങുന്നയാളും ഞാനായിരുന്നു. കൂടുതൽ കാര്യങ്ങളെക്കുറിച്ചു പഠിക്കാൻ ഞാൻ എന്നും ശ്രമിച്ചിരുന്നു. പിന്നീട് ഞാൻ സെയിൽസ് വിഭാഗത്തിലേക്ക് ഉയർന്നു. കുറച്ചു വർഷങ്ങൾക്കുള്ളിൽ എനിക്കു നല്ലൊരു പരസ്യ ഏജൻസിയിൽ ജോലി ലഭിച്ചു.
ഈ കാലത്തു കാണാനിടയായ ഒരു സംഭവമാണ് എന്നെ മാറ്റിമറിച്ചത്. റെയിൽവേ സ്റ്റേഷനിലെത്തിയ ഞാൻ കണ്ട ആ കാഴ്ച, ലേഡീസ് കംപാർട്ട്മെന്റിൽ കയറാൻ ശ്രമിക്കുന്ന ഒരു യുവതിയെ ഒരുകൂട്ടം പുരുഷന്മാർ ചേർന്ന് ശല്യം ചെയ്യുന്നതായിരുന്നു. അവരോട് ഒറ്റയ്ക്കു ചെന്നു പോരാടാൻ എനിക്കു കഴിയുമായിരുന്നില്ല. അങ്ങനെ ഞാൻ പൊലീസ് ഉദ്യോഗസ്ഥരുടെ അടുക്കലേക്കു ചെന്നു, ആദ്യം അവർ എന്നെ പിന്തിരിപ്പിക്കുകയാണ് ചെയ്തത്. കുറേ പറഞ്ഞതിനു ശേഷം അവരിലൊരാൾ എനിക്കൊപ്പം വരാൻ തയാറായി, പക്ഷേ അപ്പോഴേക്കും ആ യുവാക്കൾ സ്ഥലം വിട്ടിരുന്നു.
എന്നെ ഈ സംഭവം ശരിക്കും അലട്ടി, ജോലി കഴിഞ്ഞു വൈകി വരുന്ന എന്റെ അമ്മയും ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടാവുമെന്നു ചിന്തിച്ചു. അങ്ങനെ ചിന്തിച്ചപ്പോൾ ഈ കാര്യം വെറുതെ വിടാൻ കഴിഞ്ഞില്ല. ഞാനും എന്റെ ഒരു സുഹൃത്തും ചേർന്ന് വിഷയത്തിൽ ഒരന്വേഷണം തന്നെ നടത്തി. ഏതാണ്ട് 85ശതമാനത്തോളം സ്ത്രീകൾ ഇത്തരത്തിൽ യാത്രയ്ക്കിടെ ഉപദ്രവങ്ങൾ സഹിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നുണ്ടെന്നു ഞങ്ങൾ മനസ്സിലാക്കി.
അങ്ങനെ ഞാൻ എച്ച്ഡി കാമറ ഘടിപ്പിച്ചിട്ടുള്ള ഒരു സൺഗ്ലാസ് വാങ്ങി. ശേഷം ലേഡീസ് കംപാർട്ട്മെന്റിനു സമീപത്തു നിന്ന് ഈ വിധത്തിലുള്ള സംഭവങ്ങളെല്ലാം റെക്കോർഡ് ചെയ്തു. സത്യത്തിൽ അവർ നേരിടുന്ന പീഡനങ്ങൾ എന്നെ ഞെട്ടിക്കുന്നതായിരുന്നു. ഈ തെളിവുകളെല്ലാം കാഴ്ചവച്ച് ഞങ്ങൾ ഇൻസ്പെക്ടർക്കു പരാതി നൽകി, ഭാഗ്യംകൊണ്ട് അദ്ദേഹം കാര്യം മനസ്സിലാക്കുകയും ചെയ്തു.
തുടർന്ന് നാൽപതോളം പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ഞങ്ങൾക്കൊപ്പം നിൽക്കാൻ തുടങ്ങി. എല്ലാ ദിവസവും ഞാനും ഈ പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനുകളിൽ പോയി നിൽക്കാൻ തുടങ്ങി. എന്റെ കാമറയിൽ കുറ്റങ്ങളെല്ലാം ലൈവ് ആയി റെക്കോർഡ് ചെയ്യുന്ന മുറയ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ തൊട്ടടുത്ത സ്റ്റേഷനിൽ വച്ച് അവരെ പിടിക്കും. ആറുമാസത്തിനുള്ളിൽ 140ഓളം പേരെ പിടിച്ച് അഴിക്കുള്ളിലാക്കി. ഇപ്പോഴും ഞങ്ങളുടെ പോരാട്ടം തുടരുകയാണ്.
ഇന്ന് വീടിനകങ്ങളിലും പുറത്തുമൊക്കെ സുരക്ഷിതരല്ലാത്ത സ്ത്രീകളുടെ കേസുകളും ഞങ്ങൾ ഏറ്റെടുക്കുന്നുണ്ട്, എന്നെക്കൊണ്ടാവുന്നത്ര അവരെ സഹായിക്കുകയാണു ലക്ഷ്യം. സ്ത്രീകളോട് എനിക്ക് അത്രയും ബഹുമാനമുണ്ട്. അത് എന്നെ അമ്മ പഠിപ്പിച്ച ശീലമാണ്. അമ്മയോളം ഞാൻ മറ്റാരെയും ബഹുമാനിക്കുന്നില്ല. അതാണ് ഞങ്ങൾക്കും നൽകാനുള്ള സന്ദേശം. ആൺകുട്ടികളിൽ നല്ല ശീലം വളർത്തിയെടുക്കേണ്ടത് വീട്ടിൽ നിന്നു തന്നെയാണ്..''
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam