Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മാർഥത കൂടി, ഒടുവിൽ കമ്പനി പറഞ്ഞുവിട്ടു !!

Job Representative Image

സമയത്തിന് ഓഫിസിലെത്താതിരിക്കുകയും നേരത്തെ ഇറങ്ങുകയും ചെയ്യുകയെന്ന സുന്ദര മനോജ്ഞ രാജ്യത്തിൽ ജീവിക്കുന്നയാളായിരുന്നില്ല അദ്ദേഹം. തന്നാലാവും വിധം ജോലിയെടുക്കാൻ, അതിരാവിലെയെത്തി ഇരുട്ടുവോളം കഷ്ടപ്പെടുന്നവനായിരുന്നു ആ സാധു. എന്നിട്ടെന്തായി ഒടുവിൽ പണി തെറിച്ചു. സ്‌പെയിനിലെ ലിഡ്ൽ സൂപ്പർമാർക്കറ്റ് ശൃംഖലയിലെ ജോലിക്കാരനാണ് ഇര. ജീൻ പി എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം പുറത്താക്കിയതിന് സ്ഥാപനത്തിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്.

സൂപ്പർമാർക്കറ്റിലെ മാനേജർ ആയിരുന്നു ജീൻ പി. ബാഴ്‌സലോണ ബ്രാഞ്ചിലായിരുന്നു ജോലി. സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനായി ദിവസവും പുലർച്ചെ അഞ്ചിന് എത്തുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ശീലം. മറ്റു ജീവനക്കാർ എത്തുന്നതിനു മുൻപ് സാധനങ്ങൾ അതാതിന്റെ സ്ഥാനത്ത് വൃത്തിക്ക് എടുത്തു വയ്ക്കുന്നതിലായിരുന്നു ജീനിന്റെ ശ്രദ്ധ. ഇങ്ങനെ മണിക്കൂറുകൾ മുമ്പേ ജോലിക്കെത്തുന്നതിനു ഓവർ ടൈം ശമ്പളം പറ്റുന്നെന്നു കരുതിയെങ്കിൽ അതുതെറ്റി. അതുതന്നെയാണ് ഒടുവിൽ വിനയായതും.

കമ്പനിയുടെ ഓവർടൈം നിയമങ്ങൾ തെറ്റിച്ചെന്നും ഒറ്റയ്ക്ക് ഷോപ്പിൽ മണിക്കൂറുകൾ ചെലവഴിച്ചെന്നും ചൂണ്ടിക്കാട്ടി, ഇത് കടുത്ത നിയമലംഘനമാണെന്നു സൂചിപ്പിച്ചാണ് പിരിച്ചുവിട്ടത്.

എംപ്ലോയ്‌മെന്റ് കോടതിയെ സമീപിച്ചിരിക്കുകയാണ് ജീൻ. 12 വർഷമായി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നു, നേരത്തേ വരുന്നത് കുറ്റമാണെന്നും അങ്ങനെ ചെയ്യരുതെന്ന് പുറത്താക്കുംവരെ ആരും നിർദേശിച്ചിട്ടില്ലെന്നും ജീനിന്റെ അഭിഭാഷകൻ ജുവാൻ ഗേര വാദിച്ചു.

ജോലി സമ്മർദവും ടാർഗെറ്റ് നേടിയെടുക്കാനുള്ള തത്രപ്പാടും കാരണമാണ് തന്റെ കക്ഷി ഇങ്ങനെ ചെയ്തതെന്നും വാദിച്ചു. ജീൻ നേരത്തേ വന്ന് കഠിനാധ്വാനം ചെയ്യുന്നതിന്റെ നേട്ടമെടുക്കുന്നത് കമ്പനിയാണെന്നും അഭിഭാഷകൻ ഓർമിപ്പിച്ചു. കേസിൽ വാദം നടന്നു കൊണ്ടിരിക്കുകയാണ്. കോടതിക്കു വേണമെങ്കിൽ ജീനിനെ തിരിച്ചെടുക്കണമെന്നു നിർദേശിക്കാവുന്നതേയുള്ളൂ. എന്തായാലും അഭിനന്ദനം കൊതിച്ചിരിക്കുന്ന നേരത്തു കൊടുത്ത പിരിച്ചുവിടൽ നോട്ടിസ് വല്ലാത്ത ചെയ്തായിപ്പോയി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam