പ്രണയബന്ധം തകരുന്നത് പലരെയും സംബന്ധിച്ച് ഇരുട്ടിലേക്ക് വീഴുന്നതിനു തുല്യമാണ്. പലപ്പോഴും പെണ്‍കുട്ടികളാണ് ഒരു ബ്രേക്കപ്പില്‍ ഏറ്റവും ഭയാനകമായ സാഹചര്യത്തിലൂടെ കടന്നുപോകാറുള്ളത്. ഒരു 'സഡ്ഡന്‍ ഡെത്ത്' ഫീല്‍ ആയിരിക്കും പലര്‍ക്കും ബ്രേക്കപ്പ് സമ്മാനിക്കുക. ഒരു ബ്രേക്കപ്പ് പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹായകമാകുന്ന അഞ്ച് കാര്യങ്ങള്‍ ഇതാ...
സ്വയം ദുഖിക്കാന്‍ അനുമതി നല്‍കുക
ദുഖം വരും, തീര്‍ച്ചയാണ്. അല്ലെങ്കില്‍ പിന്നെന്തു പ്രണയം. അതുകൊണ്ടു നിങ്ങളെ ദുഖിക്കാന്‍ അനുവദിക്കുക. തോന്നും വരെ കരയുക. സുഹൃത്തുക്കള്‍ പറയും, സാരമില്ല. ഓവര്‍കം ഇറ്റ്, ഓവര്‍കം ഇറ്റ് എന്നെല്ലാം...പക്ഷേ തല്‍ക്കാലം ആ ദുഖത്തില്‍ ആഴാന്‍ നിങ്ങളെ അനുവദിക്കുക എന്നതാണു പ്രധാനം. എനിക്കു വിഷമമില്ലെന്നു കാണിക്കാന്‍ യാന്ത്രികതയ്‌ക്കൊന്നും നില്‍ക്കാതിരിക്കുകയാണ് നല്ലത്. ഇമോഷണല്‍ എനര്‍ജി വെറുതെ കളയുകയാണ് അതിലൂടെ. വെറുതെ പാര്‍ട്ടികള്‍ക്കോ, എന്‍ഗേജ്‌മെന്റുകള്‍ക്കോ എല്ലാം പോയി മൂഡ് ശരിയാക്കാമെന്ന് നോക്കുന്നതു വിപരീത ഫലം ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ബ്രേക്ക്അപ്പിന് ശേഷമുള്ള കുറച്ച് നാള്‍ സ്വസ്ഥമായി, നിങ്ങളുടെ ലോകത്തു, നിങ്ങളെ തിരിച്ചറിഞ്ഞു, നിങ്ങളെ സ്‌നേഹിച്ചു കഴിയുക.
മാറ്റം അംഗീകരിക്കുക
ബ്രേക്കപ്പ് എന്തുകൊണ്ടു സംഭവിച്ചുവെന്നോ എന്താണു കാരണമെന്നോ വല്ലാതെ തല പുകയ്ക്കാതെ അതിനെ അംഗീകരിക്കുക, മനുഷ്യര്‍ മാറും. എല്ലായ്‌പ്പോഴും നമ്മുടെ ചിന്തകള്‍ക്കനുസരിച്ചായിരിക്കില്ല അത്. തീര്‍ത്തും ആരോഗ്യകരമായ റിലേഷന്‍ഷിപ്പും ചിലപ്പോള്‍ ബ്രേക്കപ്പില്‍ കലാശിക്കാറുണ്ട്. അതിനെ സ്വാഭാവികരീതിയില്‍ കാണുകയാണു നല്ലത്. ഒന്നും ഒന്നിന്റെയും അവസാനമല്ല, എല്ലാം തുടര്‍ച്ചയാണ് എന്ന മനോഭാവമാണ് വളര്‍ത്തിയെടുക്കേണ്ടത്.
റിലേഷന്‍ഷിപ്പില്‍ അഭിമാനിക്കുക
ബ്രേക്കപ്പ് ആയ റിലേഷന്‍ഷിപ്പിനെ പാടേ മറന്നുകളയുക എന്നെല്ലാം പറയുന്നത് അത്ര നല്ല ചിന്തയല്ലെന്നാണ് ഇപ്പോള്‍ മനശാസ്ത്രജ്ഞരുടെ പക്ഷം. പഴയ ബന്ധത്തില്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കിയ, ഊര്‍ജ്ജം നല്‍കിയ നിരവധി സംഭവങ്ങളും നിമിഷങ്ങളും ഉണ്ടാകും. അതിന്റെ ആ നന്മയും ഊര്‍ജ്ജവും മനസില്‍ കാത്തു സൂക്ഷിക്കുന്നതു തന്നെയാണു നല്ലത്. മറക്കേണ്ട കാര്യങ്ങള്‍ മറന്ന്, ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍ത്തു വേണം ജീവിതം തുടരാന്‍.
സ്വയം ഒരു കത്തെഴുതാം
വളരെ സങ്കീര്‍ണമായ അവസ്ഥയിലൂടെയായിരിക്കും ബ്രേക്കപ്പ് കാലത്ത് മനസ്സ് കടന്നുപോകുക. തുടരെ തുടരെ ചിന്തകളുടെ പ്രവാഹമായിരിക്കും സംഭവിക്കുക. മനസ്സ് ആകെ ആശയക്കുഴപ്പത്തിന്റെ വക്കിലായിരിക്കും. മുന്‍ അനുഭവങ്ങള്‍ അലട്ടും. അപ്പോള്‍ സ്വയം ഒരു കത്തെഴുതാന്‍ സാധിച്ചാല്‍ അതു വളരെ നന്നാകും. അപ്പോള്‍ നിങ്ങള്‍ക്കു തോന്നുന്ന എല്ലാ കാര്യങ്ങളും ആ കത്തില്‍ എഴുതുക. കരച്ചിലും സങ്കടവും വേദനയും എല്ലാം പ്രതിഫലിച്ചേക്കാം അതില്‍. പക്ഷേ മനസ്സിനെ സ്ഥിരതയോടെ നിലനിര്‍ത്താന്‍ വല്ലാതെ സഹായിക്കും അത്തരമൊരു കത്ത്.
രാജ്ഞിയാണ് ഞാന്‍
ബ്രേക്കപ്പോ വിവാഹമോചനമോ ഒന്നും അത്ര മോശം കാര്യമല്ല. അയ്യോ എല്ലാം പോയി എന്നുള്ള ചിന്തയൊന്നും അരുത്. ബ്രേക്കപ്പ് സംഭവിച്ചത് ആരുടെ ഭാഗത്തുനിന്നുള്ള തെറ്റുകൊണ്ടായാലും ശരി, നിങ്ങളെക്കുറിച്ചുള്ള സ്വയം അഭിമാനം കളയാതിരിക്കുക. നിങ്ങളൊരു മാജിക്കല്‍ പേഴ്‌സണ്‍ ആണ്. നിങ്ങളുടെ വ്യക്തിപ്രഭാവത്തില്‍ ജീവിതം ശോഭിക്കും. ആ മനോഭാവത്തില്‍ വേണം തുടര്‍ന്നുള്ള ജീവിതം. അല്ലാതെ എന്റെ തെറ്റുകൊണ്ടല്ലോ, മുന്‍ബന്ധത്തില്‍ അങ്ങനെ സംഭവിച്ചത്, ഇനി അടുത്തതില്‍ എന്താവും എന്ന തരത്തിലുള്ള അബദ്ധ ധാരണകള്‍ എല്ലാം പാടേ ഒഴിവാക്കിയേക്കുക.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam