Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറും തോറ്റു പോയി ജീതികയുടെ ബുള്ളറ്റ് പ്രേമത്തിനു മുന്നിൽ

Geetika

24–ാം വയസ്സിൽ നട്ടെല്ലിനു കാൻസർ ബാധിച്ചു. ജീവിതയാത്രയ്ക്കു ഫുൾസ്റ്റോപ് വീണുപോകുന്ന വാർത്ത കേട്ടിട്ടും കുലുങ്ങാതെ അവൾ ബുള്ളറ്റ് യാത്ര തുടങ്ങി. യാത്രയ്ക്കു പണം കണ്ടെത്താൻ പഠനത്തിനൊപ്പം കോൾസെന്റർ ആരംഭിച്ചു. പ്രതിസന്ധികളുടെ ഗോദയിൽ തളർന്നുവീണു പോകുന്നവർക്കു കണ്ടുപഠിക്കാം, ജീതിക കതൂരിയ എന്ന പഞ്ചാബി പെൺകുട്ടിയെ. ഇന്നിതാ ആദ്യമായി കേരളത്തിന്റെ ഹൃദയത്തിലൂടെ ബുള്ളറ്റോടിച്ചെത്തുകയാണവൾ. 

നിനച്ചിരിക്കാത്ത നേരത്താണ് കാൻസർ തിരിച്ചറിയുന്നത്. കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ സങ്കടക്കടലിലായി. ഒരു വർഷത്തോളം കീമോ തെറപ്പി ചെയ്തു. മുടിയാകെ കൊഴിഞ്ഞു. പ്രശ്നം ഇതൊന്നുമായിരുന്നില്ല. അസ്ഥി നുറുങ്ങുന്ന വേദന. അരമണിക്കൂർ പോലും തികച്ചൊരിടത്തു സ്വസ്ഥമായി ഇരിക്കാൻ അനുവദിക്കാത്ത ആ വിധിയിൽനിന്നാണവൾ ഉയിർത്തെഴുന്നേറ്റതും ബുള്ളറ്റോടിച്ചതും. 

കേരളത്തിൽ ഇതാദ്യമാണെങ്കിലും രണ്ടുവർഷമായി ബുള്ളറ്റിലേറിയുള്ള ഇന്ത്യൻ യാത്ര തുടങ്ങിയിട്ട്. യാത്രയ്ക്കുള്ള പണം കണ്ടെത്താൻ വീടിനടുത്തു തന്നെ സ്വന്തമായി കോൾ സെന്റർ നടത്തുന്നു. യാത്രാ ഗ്രൂപ്പുകൾക്കൊപ്പം ചേരാൻ താൽപര്യമില്ല. വലിയ ഹോട്ടലുകളിലും മറ്റും മുറിയെടുത്തു താമസിക്കുന്ന ശീലവുമില്ല. ചെറിയ സൗകര്യങ്ങളിൽ താമസിച്ച്, ഒറ്റയ്ക്ക് യാത്ര ചെയ്തു പരമാവധി പേരോടു സംസാരിക്കുകയാണു ലക്ഷ്യം. പഞ്ചാബ് സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയാണ് ജീതിക. 

കഴി‍ഞ്ഞ മൂന്നിനാണ് ഈ യാത്ര തുടങ്ങിയത്. ചണ്ഡീഗഡിൽനിന്നു ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടാണു കേരളത്തിലെത്തിയത്. കാസർകോട് ബേക്കൽ കോട്ടയുടെയും ബീച്ചിന്റെയും ഭംഗിയാസ്വദിച്ച് കൊച്ചിയിലേക്കു വച്ചുപിടിച്ചിരിക്കുകയാണ്. തിരുവനന്തപുരവും കന്യാകുമാരിയും കടന്നു ചെന്നെയിലേക്ക്. ജീതികയ്ക്കിപ്പോൾ ഒരു സ്വപ്നം കൂടിയുണ്ട്. മറ്റു രാജ്യങ്ങളിലേക്കും ബുള്ളറ്റിൽ യാത്ര ചെയ്യുക. കാൻസറിനെ തോൽപിച്ച മനക്കരുത്തിനു മുന്നിൽ ഇതൊക്കെ എന്ത്..! 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam