മോണകാട്ടിയുള്ള നിഷ്കളങ്കമായ ചിരി, അസ്സൽ പാലക്കാടൻ ശൈലിയിലുള്ള കൂസലില്ലാത്ത വർത്തമാനം , പ്രായത്തിന്റെ അലട്ടലുകളൊട്ടുമില്ലാതെ നാണിയമ്മൂമ്മ ഉരുളയ്ക്കുപ്പേരിയെന്ന പോൽ മാത്തുക്കുട്ടിക്കും കലേഷിനുമൊപ്പം മൽസരിച്ചു നിന്നു. സന്തോഷം നിറയ്ക്കുന്ന ഒരു എപ്പിസോഡുമായാണ് ഇത്തവണത്തെ ഉടൻ പണം പ്രേക്ഷകർക്കു മുന്നിലേക്കെത്തിയത്. വയനാട്ടിലെ ചൂരൽമല നിവാസികൾക്കൊപ്പമുള്ള ഉടൻ പണത്തിൽ തിളങ്ങി നിന്നത് നാടിന്റെ അമ്മക്കുട്ടിയായ നാണിയമ്മയാണ്.
വയനാട്ടിൽ വന്നിട്ട് പത്തെഴുപതു വർഷം പിന്നിട്ടെങ്കിലും തനിക്കിപ്പോഴും പ്രിയം പാലക്കാടിനോടാണെന്നു പറയുന്നു നാണിയമ്മ. അച്ഛനും അമ്മയും പണ്ട് പണിയന്വേഷിച്ച് എത്തിയതായിരുന്നു വയനാട്ടിൽ. മൂന്നു പെൺമക്കളും ആറ് ആൺമക്കളും അടക്കം ഒമ്പതു മക്കളുള്ള നാണിയമ്മ സ്വതസിദ്ധമായ നാടൻ ശൈലിയിൽ സംസാരിച്ചു തുടങ്ങിയപ്പോള്‍ ചൂരൽമല വാസികളെല്ലാം ആഹ്ലാദാരവം മുഴക്കി.
ഉടൻ പണത്തിലെ ആദ്യചോദ്യമായി ഒരു നടന്റെ ശബ്ദം നൽകി ആരാണെന്നു ചോദിച്ചപ്പോൾ തെല്ലും ആലോചിക്കാതെ പ്രേംനസീർ എന്നു നാണിയമ്മ ഉത്തരം നൽകി. സിനിമകളൊക്കെ കാണാറുള്ള നാണിയമ്മയുടെ പ്രിയനടൻ മമ്മൂട്ടിയാണ്. സേതു രാമയ്യർ സിബിഐ ആണ് ഇഷ്ടപ്പെട്ട സിനിമ. മലയാള സിനിമയിലെ ഏറ്റവും സുന്ദരനാണ് മമ്മൂട്ടിയെന്നും നാണിയമ്മയുടെ വക കമന്റ്.
ഊർജസ്വലയായി സംസാരിക്കുന്ന നാണിയമ്മൂമ്മയുടെ ഭൂതകാലം അത്ര സുന്ദരമായിരുന്നില്ല. ഇരുപത്തിനാലാം വയസ്സിലാണ് ഭർത്താവ് വാസു മരിക്കുന്നത്, അതിനിടയിൽ ഒമ്പതു മക്കളായിരുന്നു. പിന്നീടു കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്. ആരെയും ഒരുപാടു പഠിപ്പിക്കാൻ കഴിഞ്ഞില്ല. നല്ല വസ്ത്രങ്ങൾ പോലും മക്കൾക്കുണ്ടായിരുന്നില്ല. അവർക്കുള്ള ഭക്ഷണം മാത്രമേ കൊടുക്കാൻ കഴിഞ്ഞിരുന്നുള്ളു.
അവർക്കു ചോറും കറികളും കൊടുത്ത് താൻ കഞ്ഞിവെള്ളം മാത്രം കുടിച്ചു കിടന്നിട്ടുണ്ട്. പിന്നെ മക്കൾ പണിക്കു പോകാറായപ്പോ കുറേശ്ശേ കഷ്ടപ്പാടു മാറിത്തുടങ്ങി. ഒന്നാംക്ലാസു പോലും പഠിച്ചിട്ടില്ലാത്തയാളാണ് താനെന്നും തെല്ലും മടിയില്ലാതെ പറയുന്നു നാണിയമ്മ.
1964ൽ ഭർത്താവു പെണ്ണുകാണാൻ വന്നതുതൊട്ടുള്ള ഓർമകളും നാണിയമ്മ പങ്കുവച്ചു. അന്നു പ്രേമവിവാഹമൊന്നുമില്ല, വീട്ടുകാർ ആരെ പറയുന്നോ അവരെ കെട്ടണമായിരുന്നു. ആളു കറുത്തതായാലും ഉള്ളിൽ വെളുപ്പാണെന്ന് അച്ഛൻ പറഞ്ഞിരുന്നു. പുറമെ കറുത്തതായിരുന്നുവെങ്കിലും 24 വർഷമുള്ള ജീവിതത്തിനിടെ പവൻ പോലെ സ്വഭാവമായിരുന്നു ഭർത്താവിന്റേതെന്നു പറയുമ്പോൾ നാണിയമ്മ വിതുമ്പുന്നു.
ഡേയ് എന്ന ഭർത്താവിന്റെ വിളിയും മരിക്കുംവരെ മറക്കാനാവില്ലെന്നു നാണിയമ്മ പറയുന്നു. തുടർന്ന് തനിക്ക് അമ്പതിനായിരം രൂപ കിട്ടിയതിന്റെ സന്തോഷം മാത്തുക്കുട്ടിക്കും കലേഷിനുമൊപ്പം ചുവടുകൾവച്ചു പങ്കിടുകയും ചെയ്തു നാണിയമ്മ. ഷുഗറു കാരണം കാഴ്ച കുറഞ്ഞ കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി കിട്ടുന്ന പണം ഉപയോഗിക്കുമെന്നാണ് നാണിയമ്മ പറയുന്നത്. ഉടൻ പണത്തിന്റെ പ്രേക്ഷകർക്കായി പാടാനും നാണിയമ്മ തയാറായി.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam