പ്രണയത്തിലായാലും ജീവിതത്തിലേക്കായാലും പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സൗന്ദര്യമാണോ വ്യക്തിത്വമാണോ ഒരാളിലേക്ക് എല്ലാവരെയും ആകര്‍ഷിക്കുന്നതെന്ന ചോദ്യത്തിന് ഒരു പക്ഷെ മനുഷ്യകുലത്തോളം തന്നെ പഴക്കമുണ്ടാകും. ഏതായാലും ഈ തര്‍ക്കത്തിന് ഉത്തരം കണ്ടെത്താൻ ഒടുവിൽ ഒരു പഠനം തന്നെ വേണ്ടി വന്നിരിക്കുകയാണ്. യുഗവ് എന്ന സംഘടന നടത്തിയ ഈ പഠനത്തിലാണ് ഏറെനാൾ കാത്തിരുന്ന ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ സൗന്ദര്യം ഏറെ പ്രധാനപ്പെട്ടതാണെങ്കിലും വ്യക്തിത്വം തന്നെയാണ് അന്തിമ ഫലം തീരുമാനിക്കുന്നത് എന്നാണ് പഠനത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. ലോകത്തിലെ ഇരുപതോളം രാജ്യങ്ങളില്‍ നിന്നായി സ്ത്രീകളും പുരുഷന്‍മാരും അടക്കം ലക്ഷക്കണക്കിന് പേരാണ് ഈ പഠനത്തിന്റെ ഭാഗമായുള്ള സര്‍വേയില്‍ പങ്കെടുത്തത്. സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് അവര്‍ പങ്കാളിയായി വരണമെന്ന് ആഗ്രഹിക്കുന്നവരില്‍ വേണ്ട ഗുണങ്ങളുടെ ഒരു പട്ടിക നല്‍കി. ഇതിനുശേഷം അവര്‍ ഏറ്റവും അധികം ആഗ്രഹിക്കുന്ന ഗുണം ആദ്യം എന്ന രീതിയില്‍ പട്ടികയെ പുനക്രമീകരിക്കാന്‍ ആവശ്യപ്പെട്ടു.
വ്യക്തിത്വം, ബുദ്ധി, സൗന്ദര്യം, ഹ്യൂമര്‍ സെന്‍സ്, ഒരേ താല്‍പ്പര്യങ്ങള്‍, പണം എന്നിവയായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നവ. സര്‍വേക്കൊടുവില്‍ ഏറ്റവുമധികം പേര്‍ ആദ്യമെഴുതിയത് വ്യക്തിത്വം എന്നതാണ്. രാജ്യങ്ങള്‍ തിരിച്ചു കണക്കെടുത്തപ്പോഴും ഇന്ത്യ ഉള്‍പ്പടെയുള്ള മിക്ക പ്രദേശങ്ങളിലും ആദ്യമെത്തിയത് വ്യക്തിത്വമാണ്. സൗദി അറേബ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ വേറിട്ടുനിന്നത്. ഈ രണ്ടു രാജ്യങ്ങളിലും വ്യക്തിത്വത്തിനു മേല്‍ സൗന്ദര്യമാണ് പങ്കാളിയിലേക്കു തങ്ങളെ ആകര്‍ഷിക്കുക നല്‍കിയ ഉത്തരം.
പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയിലും സൗന്ദര്യത്തെയും വ്യക്തിത്വത്തെയും സംബന്ധിച്ചു വലിയ തര്‍ക്കമില്ല. മിക്ക പുരുഷന്‍മാരും മിക്ക സ്ത്രീകളും സൗന്ദര്യത്തിനു മേല്‍ പങ്കാളിയുടെ വ്യക്തിത്വത്തിനാണ് പ്രാധാന്യം നല്‍കിയത്. എങ്കിലും സ്ത്രീകള്‍ ഇക്കാര്യത്തില്‍ പുരുഷന്‍മാരേക്കാള്‍ അല്‍പ്പം മുന്‍പിലാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 78 ശതമാനം സ്ത്രീകളും വ്യക്തിത്വമാണ് ഏറ്റവും പ്രധാനമെന്നാണ് അഭിപ്രായപ്പെട്ടത് . പുരുഷന്‍മാരില്‍ 62 ശതമാനം പേര്‍ മാത്രമാണ് ഈ അഭിപ്രായം പങ്കുവച്ചത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam