Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'താങ്കളുടെ പ്രണയം പൂവണിയട്ടെ' ശ്രീജിത്തിന് ചാക്കോച്ചന്റെ സ്നേഹാശംസകൾ

Kunchako Boban കുഞ്ചാക്കോ ബോബൻ, ശ്രീജിത്ത്

പ്രണയത്തിന് അതിർവരമ്പുകളില്ലെന്നു പറയുന്നത് എത്ര ശരിയാണ്, ജാതിയുടെയോ മതത്തിന്റെയോ ശാരീരിക വൈകല്യങ്ങളുടെയോ ത‌ടസ്സങ്ങളില്ലാതെ ഒരാൾക്ക് മനസ്സു തുറന്ന് മറ്റൊരാളെ സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനേക്കാളും മഹത്തരമായി മറ്റൊന്നുമില്ല. സമൂഹമാധ്യമത്തിൽ ഇന്നു താരമായിരിക്കുന്ന ശ്രീജിത്ത് എന്ന യുവാവിനും പറയാനുള്ളത് ഒരു ആത്മാർഥ പ്രണയത്തെക്കുറിച്ചാണ്. മഴവിൽ മനോരമയിലെ ഉടൻ പണം എന്ന പരിപാടിയിൽ മൽസരിക്കുന്നതിനിടെയാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ ശ്രീജിത്ത് തന്റെ പ്രണയകഥ തുറന്നു പറയുന്നത്. 

മെക്കാനിക്കൽ ഇലക്ട്രിക്ക്, പംബ്ലിങ് ജോലികൾ ചെയ്യുന്ന ശ്രീജിത്ത് തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞതാണ് അവതാരകരായ മാത്തുക്കുട്ടിയുടെയും കലേഷിന്റെയും കാണികളുടെയുമൊക്കെ ഹൃദയം തൊട്ടത്. താൻ കഴിഞ്ഞ ഏഴു വർഷമായി ഒരു കുട്ടിയെ പ്രണയിക്കുന്നുണ്ടെങ്കിലും അവൾ തന്നോട് ഇതുവരെയും അനുകൂല മറുപടി നൽകിയിട്ടില്ല. അതിനു കാരണമായി ശ്രീജിത്ത് പറഞ്ഞ കാര്യമാണ് ഏവരെയും സ്പർശിച്ചത്.

ഏഴുവർഷമായിട്ട് അറിയുന്ന കുട്ടിയാണ് അവൾ, തങ്ങൾ ആദ്യം മുതലേ നല്ല സുഹൃത്തുക്കളാണ്. തന്നേക്കാൾ നാലഞ്ചു മാസം മൂത്തയാളാണ്. ഇഷ്ടം താനൊരുപാടു തവണ അറിയിച്ചെങ്കിലും ഇപ്പോഴും വൺവേയാണ്. അതിനു കാരണം താൻ സ്നേഹിക്കുന്ന പെൺകുട്ടി അരയ്ക്കു താഴെ തളർന്ന കുട്ടിയാണ് എന്നതാണ്. ആ കാര്യം പറഞ്ഞാണ് അവൾ തന്റെ പ്രണയത്തെ നിരസിക്കുന്നത്. നാലു വർഷത്തിനു മുമ്പുള്ള ഒരു ശസ്ത്രക്രിയയ്ക്കു ശേഷമാണ് അങ്ങനെ തളർന്നത്. 

പരിപാടി സംപ്രേക്ഷണം ചെയ്തതോടെ ശ്രീജിത്തിനോട് സ്നേഹം പ്രകടിപ്പിച്ച് ഒരുപാട് പേർ മഴവിൽ മനോരമയുടെ ഒഫീഷ്യൽ പേജിലേക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. അതിലേക്ക് പ്രണയനായകൻ സാക്ഷാൽ കുഞ്ചാക്കോ ബോബന്റെ സന്ദേശവും ഉണ്ടായിരുന്നു. എപിസോഡ് കണ്ട കുഞ്ചാക്കോ ബോബന്റെ സന്ദേശമാണ് താഴെ കാണുന്നത്

നമസ്ക്കാരം...

If am texting Mr. Sreejith, this is to let you know that your are the real HERO

താങ്കളുടെ പ്രണയം... അത് പ്രായത്തിൽ കവിഞ്ഞ പക്വതയോടെ മുൻപോട്ടു കൊണ്ട് പോകുവാനും പൂവണിയാനും ആശംസിക്കുന്നു !!

പ്രാർഥനകളോടെ...

ഒരുപാടു സ്നേഹത്തോടെ....കുഞ്ചാക്കോ ബോബൻ

 Read more: Lifestyle Malayalam Magazine, Beauty Tips in Malayalam