Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യർ തൊടാതെ മാറി നിന്നു, ദൈവം തൊട്ടനുഗ്രഹിച്ചു

Christmas Memory Representative Image

‘ഇന്നു ഞങ്ങൾ ധന്യരാണ്. നിങ്ങൾ ഞങ്ങൾക്കു തന്ന പുതു പുത്തൻ വസ്ത്രങ്ങളണിഞ്ഞ്, രുചിയൂറും ഭക്ഷണവും കഴിച്ച്, മധുരമനോഹര ഗാനങ്ങൾ ആസ്വദിച്ച്, നിങ്ങളോടൊപ്പം ഒരു പകൽ ചിലവിടാൻ ലഭിച്ച അവസരം എത്ര സന്തോഷകരം ആണന്നോ? ആരും പരിഗണിക്കാത്ത ഞങ്ങളെ, കണ്ടാൽ ഒഴിഞ്ഞു മാറി പോകുന്ന അവസരത്തിൽ, അവജ്ഞയോടെ നോക്കുന്ന സാഹചര്യത്തിൽ, നിങ്ങൾ ഞങ്ങളോടു കാട്ടിയ സ്നേഹം, അവർണ്ണനീയം തന്നെ’, ഒരു മുതിർന്ന പൗരൻ ഉറക്കെ പറഞ്ഞു.

‘ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കണം’ എന്ന പുതിയൊരു കൽപന തന്ന ഒരു ദൈവം ഉണ്ട്. ആ ദൈവസ്നേഹത്താൽ പ്രേരിതരായി, സമസൃഷ്ടങ്ങളായ നിങ്ങളെ വന്നുകണ്ട് സ്നേഹം പങ്കിടുവാൻ ലഭിച്ച അവസരം ഞങ്ങൾക്കൊരു മുതൽ കൂട്ടാണ്, പങ്കിടാത്ത സ്നേഹം അപൂര്‍ണ്ണമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.’ സന്ദർശകരിലൊരാൾ പ്രതിവചിച്ചു.

എന്നോടൊപ്പം കേരളത്തിന്റെ തലസ്ഥാനനഗരിയിൽ നിന്ന്, ഒരു പിടി ആളുകള്‍ ക്രിസ്തുമസ് സന്ദേശം പങ്കിടുവാനായി നൂറനാട്ടുള്ള ലപ്രസി സാനട്ടോറിയത്തിലെത്തിയതായിരുന്നു സന്ദർഭം. കഴിഞ്ഞ 37 സംവത്സരങ്ങളിലെ എന്റെ അജപാലന ശുശ്രൂഷക്കിടയിലെ അവിസ്മരണീയമായ ഒരു ദിവസം. 

‘അസുഖം സമ്പൂര്‍ണ്ണമായി മാറി. ഡോക്ടർ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും, എന്റെ കൂടപ്പിറപ്പുകൾക്ക് എന്നെ വേണ്ട. സ്വഭവനത്തിലേക്കുള്ള എന്റെ മടങ്ങിപ്പോക്ക് നിഷിദ്ധവും, അസാധ്യവുമാണ്. ഇവിടെ വസിച്ച്, ഒടുവിൽ ഈ മണ്ണിൽ തന്നെ ലയിച്ചു ചേരുക, അതാണ് എന്റെ വിധി.’ അന്തേവാസികളിലൊരാൾ പറഞ്ഞു. കവിളിലൂടെ കണ്ണുനീർ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. ഈറനണിഞ്ഞ ആ കണ്ണുകളിൽ എന്റെ ദൃഷ്ടി പതിഞ്ഞു. 

തണുപ്പുള്ള രാവിൽ അജഗണങ്ങളെ കാത്ത്, പുറംപറമ്പിൽ കഴിഞ്ഞിരുന്ന ആട്ടിടയര്‍ക്കു ലഭിച്ചു, മാലാഖമാരുടെ സ്വർഗ്ഗീയ സന്ദേശം ‘ഇന്ന് നിങ്ങൾക്കായി ഒരു രക്ഷകൻ ജനിച്ചിരി ക്കുന്നു’–എത്ര അർത്ഥസമ്പുഷ്ടമാണന്ന്, ആ രക്ഷകനെ അന്വേഷിച്ച് കണ്ടു മുട്ടിയ മാത്രയിൽ ആട്ടിടയർ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് ആണ് ക്രിസ്തുമസിന്റെ സാരസംഗ്രഹം. ഇന്നിന്റെ ആവശ്യവും അതു തന്നെ.  അശരണരെയും, ഏകാന്തപഥികരേയും അന്വേഷിച്ചു വരുന്നതാണ് സാക്ഷാൽ ദൈവസ്നേഹമെങ്കിൽ, സമാനതകളില്ലാത്ത ആ സ്നേഹം ഒഴുകിയിറങ്ങുന്ന ചാലകങ്ങളാക്കി നമ്മെ തന്നെ രൂപപ്പെടുത്താം, രൂപാന്തരപ്പെടുത്താം. 

ഏവർക്കും അർത്ഥവത്തായ ഒരു ക്രിസ്മസും സമാധാന സംപൂർണ്ണമായ ഒരു നവവത്സരവും ആശംസിച്ചു കൊള്ളുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam