പള്ളിപ്രത്തുശേരി സെന്റ് ജോസഫ്സ് അഥവാ മഠത്തി സ്കൂൾ എന്നറിയപ്പെടുന്ന എൽപി സ്കൂളിന്റെ മുറ്റത്തുനിന്നാണ് ആഘോഷങ്ങളില്ലാത്ത ക്രിസ്മസ് ഓർമ ആരംഭിക്കുന്നത്. കന്യാസ്ത്രീ മഠത്തിനോടു ചേർന്നാണ് സ്കൂൾ. അങ്ങനെയാണ് അതിന് മഠത്തിസ്കൂൾ എന്ന പേരുവന്നതും. അക്കാലത്ത് സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചിരുന്നോ? ഉണ്ടെങ്കിൽത്തന്നെ ആ ആഘോഷങ്ങളൊന്നും ഓർമയിലില്ല. എന്നാൽ, നിറം മങ്ങാത്ത ബാല്യത്തിന്റെ ഓർമകളിൽ ഇന്നലെ കണ്ടപോലൊരു പുൽക്കൂടുണ്ട്. മഠത്തിൽ സിസ്റ്റർമാർ ഒരുക്കുന്ന പുൽക്കൂടാണത്. പുൽക്കൂട്ടിലെ ഉണ്ണീശോയുടെയും മാതാവിന്റെയും ഔസേഫ് പിതാവിന്റെയും ആടിന്റെയും ആട്ടിടയൻമാരുടെയുമൊക്കെ രൂപങ്ങൾ ഇന്നും ചായപ്പെൻസിലാൽ വരഞ്ഞതുപോലെ കിടപ്പുണ്ട്. പുൽക്കൂടിന് ഇരുവശത്തുമായി നെൽപ്പാടം. അതിന് നടുവിലൂടെ വഴി. വഴിയിലൂടെ സഞ്ചിയുമായി പോകുന്ന പുരുഷന്റെയും സ്ത്രീയുടെയും രൂപങ്ങൾ. നെല്ല് ട്രേയിൽ മുളപ്പിച്ചാണ് നെൽപ്പാടം ഒരുക്കിയിരുന്നത്. എല്‍പി സ്കൂളുകാരിയുടെ കണ്ണുകൾക്ക് കൗതുകം പകർന്ന് ഒത്തിരി രൂപങ്ങൾ ആ പുൽക്കൂട്ടിൽ നിറഞ്ഞു നിന്നു. പുൽക്കൂട് കാണാൻ ക്ലാസിന്റെ ഇടവേളകളില്‍ ഞങ്ങൾ മഠത്തിലേക്കോടുമായിരുന്നു.
ഡിസംബർ പകുതിയോടെ പരീക്ഷ തുടങ്ങും. ക്രിസ്മസിന് രണ്ടോ മൂന്നോ ദിവസം മുൻപ് സ്കൂൾ അടയ്ക്കും. പിന്നെയുള്ള ദിവസങ്ങൾ ക്രിസ്മസ് കേക്കിന്റേതാണ്. അച്ഛന് ബേക്കറിയാണ്. തിരക്കിട്ട് കേക്ക് തയാറാക്കുന്ന സമയം. ബേക്കറിയിലെ ചില്ലലമാര പലതരത്തിലുള്ള കേക്കുകൾ കൊണ്ട് നിറയുന്ന ദിവസങ്ങൾ. ഞാനും അനിയനും ബേക്കറിയിൽ പോകാൻ തയാറായി നിൽക്കും. അച്ഛന് ഒഴിവ് കിട്ടുന്ന സമയം ഞങ്ങളെ കൊണ്ടുപോകും. പോകുമ്പോൾ അച്ഛൻ ഒരുപദേശം തരും. അവിടെച്ചെന്ന് എല്ലാം നോക്കിക്കണ്ടാൽ മാത്രം മതി, ഒന്നിനെക്കുറിച്ചും അഭിപ്രായം പറയരുത്. ആഹാരസാധനമല്ലേ, അഭിപ്രായം പറഞ്ഞാൽ അതു നന്നാകില്ല എന്ന വിശ്വസമാകാം അച്ഛന്റെ ഉപദേശത്തിനു പിന്നിൽ.
അന്ന് ഇന്നത്തെ പോലെ മെഷീനുകൾ ഒന്നും ഇല്ല. മാവുകുഴയ്ക്കുന്നതും മുട്ട അടിയ്ക്കുന്നതുമെല്ലാം കൈകൊണ്ടാണ്. ഞങ്ങൾക്കതിൽ കാണാൻ ഇഷ്ടം കേക്കിൽ ഐസിങ് ചെയ്യുന്നതാണ്. കേക്കിന്റെ മുകളിൽ പൂമ്പാറ്റയും റോസാപ്പൂവുമെല്ലാം വിരിഞ്ഞു നിൽക്കും. അച്ഛനും കൊച്ചച്ചനുമൊന്നും ഈ പണിയറിയില്ല. എല്ലാവരും കുണ്ടറ അഥവാ കുണ്ടറ രാജു എന്നു വിളിക്കുന്ന രാജു ചേട്ടന്റെ കരവിരുതിലാണ് ഇവയെല്ലാം വിരിയുന്നത്. ഇഷ്ടം പോലെ ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ഈന്തപ്പഴവുമെല്ലാം കിട്ടും. ആ മധുരത്തോടൊന്നും ഞങ്ങൾക്ക് താൽപര്യമുണ്ടായിരുന്നില്ല. കളിക്കാൻ പറ്റിയ എന്തെങ്കിലും അവിടെ കിട്ടുമോ എന്നാണ് പിന്നെ ഞങ്ങളുടെ അന്വേഷണം.
തകരപ്പാത്രത്തിൽ വച്ച് ബോർമ്മയിൽ കയറ്റി കേക്ക് വേവിച്ചെടുക്കും. അപ്പോൾ വരുന്ന മണമുണ്ടല്ലോ, നമ്മളെ മത്ത് പിടിപ്പിക്കും. ആ ദിവസങ്ങളിൽ രാത്രിയെന്നും പകലെന്നുമില്ലാതെ കേക്ക് തയാറാക്കിക്കൊണ്ടേയിരിക്കും. ബേക്കറിയുടെ പരിസരം മുഴുവൻ കേക്കിന്റെ മണം പരക്കും. ക്രിസ്മസ് രാത്രിയിലും കേക്കുണ്ടാക്കും. അപ്പോഴേക്കും പരിസരത്തുള്ള മറ്റു കടകളൊക്കെ അടച്ചിട്ടുണ്ടാകും. കൂടുതലും പ്ലം കേക്കാണ്. ഞങ്ങൾക്കിഷ്ടവും പ്ലം കേക്കിനോടായിരുന്നു.
സാന്താക്ലോസ് ക്രിസ്മസ് അപ്പൂപ്പനും കാരൾ കരോളും മെറി ക്രിസ്മസ് മേരി ക്രിസ്മസുമായിരുന്ന കാലം... ഇത്തവണയും പരിസരമാകെ മത്തുപിടിപ്പിച്ച് കൊച്ചച്ചന്റെയും വല്ല്യച്ചന്റെയും ബേക്കറികളിലെ ബോർമയിൽ കേക്ക് വേവുന്നുണ്ടാകും.
പക്ഷേ അച്ഛൻ....
ഒരു ഡിസംബറിൽ അച്ഛനൊരു നക്ഷത്രമായി മാറി. ബേക്കറിയിൽ അവസാനമായി കയറിയത് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. അന്നെന്നെ ബോർമയുടെ ചൂടിനെക്കാൾ പൊള്ളിച്ചത്, ഡാൽഡയുടെയും എസൻസിന്റെയുമെല്ലാം ഗന്ധത്തേക്കാൾ വീർപ്പുമുട്ടിച്ചത് ആ നഷ്ടപ്പെടലിന്റെ ഓർമകളായിരുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam