ആ മുഖം നൽകുന്ന പോസിറ്റിവിറ്റി തന്നെ വാക്കുകൾക്കതീതമാണ്. മോഡലുകൾ പോലും തോൽക്കുന്ന സൗന്ദര്യവും ആത്മവിശ്വാസവും അതിലുപരി ബുദ്ധിസാമർഥ്യവുമുള്ള പെൺകുട്ടി. അവളിലുള്ള കുറവിനെ ഒരു കുറവായി കാണാതെ ലോകത്തെ വെട്ടിപ്പിടിക്കാൻ പുറപ്പെട്ടിറങ്ങിയവൾ. ചെന്നൈ സ്വദേശിനിയായ ഡോക്ടർ മാളവിക അയ്യർ ഇരുകൈകളും ഇല്ലെങ്കിലും ജീവിതം മറ്റാരേക്കാളും ആസ്വദിക്കുന്നുണ്ട്, നിരാശയുടെ പടുകുഴിയിൽ അകപ്പെടാതെ തന്റെ പരിമിതികളെ തോൽപിച്ച് മാളവിക വിജയിച്ചു കയറുന്നത്, തന്നെ നോക്കി സഹതപിക്കുന്നവർക്കെല്ലാം ഒരു പാഠം പഠിക്കാൻ കൂടിയാണ്.
സ്വപ്നങ്ങളും കളിചിരികളുമായി നടക്കുന്ന പതിമൂന്നാം വയസ്സിലാണ് മാളവികയുടെ ജീവിതത്തിൽ ആ ദുരന്തം സംഭവിക്കുന്നത്. തമിഴ്നാട്ടിലെ കുംഭകോണത്തു ജനിച്ച മാളവിക മാതാപിതാക്കൾക്കൊപ്പം രാജസ്ഥാനിലെ ബിക്കാനീറിൽ താമസിക്കുന്ന കാലത്തായിരുന്നു ആ അപകടം. മാളവികയുടെ വീടിനു സമീപത്തായി ഉണ്ടായിരുന്ന വെടിമരുന്നു ശാലയ്ക്കു തീപിടിച്ചു. ബോംബ് ഉൾപ്പെടെയുള്ള വെടിമരുന്നിന്റെ ശകലങ്ങൾ അങ്ങിങ്ങായി തെറിച്ചിരുന്നു. പതിനെട്ടു മാസത്തെ ചികിൽസയ്ക്കും നൂറോളം സർജറികൾക്കും ശേഷം മാളവികയുടെ കൈമുട്ടുകൾക്കു കീഴേക്കു മുറിച്ചു മാറ്റുകയേ നിവർത്തിയുള്ളൂ എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.
റോളർ സ്കേറ്റിങ്ങും നൃത്തവുമൊക്കെ സ്വപ്നം കണ്ടിരുന്ന പെൺകുട്ടി ഒൻപതും പത്തും ക്ലാസുകൾക്കു പോലും പോകാൻ നിവർത്തിയില്ലാത്ത അവസ്ഥയിലായി. വഴിയരികിൽ കിടന്ന വസ്തുവിനെ കൗതുകത്തോടെ കയ്യിലെടുത്തു നോക്കിയതായിരുന്നു. മറുത്തൊന്നു ചിന്തിക്കാൻ സമയം കിട്ടുംമുമ്പേ അതു െപാട്ടിത്തെറിച്ചു. പിന്നീടാണ് അതു ഗ്രനേഡ് ആയിരുന്നുവെന്നും തന്റെ കൈകൾ നഷ്ടമായെന്നും ബോധ്യമായത്. 2002ലെ ആ സംഭവത്തിനു ശേഷമാണ് മാളവിക സാധാരണ ജീവിതത്തിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചു തുടങ്ങിയത്.
ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ അവൾ ജീവിതത്തിനു മുന്നിൽ പതറാതെ നിന്നു. കൈപ്പത്തികളില്ലാത്ത മാളവിക എങ്ങനെ പഠിത്തം പൂർത്തിയാക്കുമെന്നായിരുന്നു പലരുടെയും ചിന്ത. എന്നാൽ തന്റെ കൈത്തണ്ടകളിൽ റബർബാൻഡു കൊണ്ടു പേന കെട്ടി വച്ച് വീണ്ടും അവൾ കൊച്ചുകുട്ടികളെപ്പോലെ എഴുതിപ്പഠിച്ചു. പത്താംതരം പരീക്ഷയിൽ അഞ്ഞൂറിൽ 483 മാർക്കും വാങ്ങി സഹപാഠികളെയും അധ്യാപകരെയും ഞെട്ടിച്ചു.
പിന്നീട് കഠിന ശ്രമങ്ങളുടെ ഭാഗമായി അവൾ പിഎച്ച്ഡിയും സ്വന്തമാക്കി. പിഎച്ച്ഡി കരസ്ഥമാക്കിയതിനെക്കുറിച്ച് മാളവിക ഫെയ്സ്ബുക്കിൽ നൽകിയ പോസ്റ്റും ഏറെ ചർച്ചയായിരുന്നു. ‘സ്റ്റിഗ്മറ്റൈസേഷൻ ഓഫ് പീപ്പിൾ വിത് ഡിസ്എബിലിറ്റീസ്’ എന്ന വിഷയത്തിലായിരുന്നു മാളവിക തീസിസ് തയാറാക്കിയത്. ഇതിന്റെ ഭാഗമായി അംഗവൈകല്യം ബാധിച്ചവരെ അഭിമുഖം ചെയ്തതിനൊപ്പം അവരോടുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടറിയാൻ ആയിരത്തോളം പേരെയും അഭിമുഖം ചെയ്തു.
തന്നെപ്പോലുള്ളവർ ഈ ലോകത്തിൽ പലതരം വെല്ലുവിളികൾ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നു പറയുന്നു മാളവിക. പുറത്തു പോകുമ്പോഴുള്ള തുറിച്ചു നോട്ടങ്ങളും സഹതാപ തരംഗങ്ങളുമൊക്കെ അവയില്‍ ചിലതുമാത്രം. വൈകല്യം കാഴ്ചക്കാരുടെ കണ്ണുകളിലാണ് അല്ലാതെ അനുഭവിക്കുന്നവരിലല്ല എന്നതാണ് മാളവികയുടെ വാദം.
കൃത്രിമ കൈകളുള്ള ഒരാളെ സംബന്ധിച്ചിടത്തോളം വസ്ത്രം തിരഞ്ഞെടുക്കുന്നത് ഏറ്റവും വിഷമകരമായിരുന്നു. മകൾക്കായി അവൾക്കു യോജ്യമായ രീതിയിൽ വസ്ത്രം ധരിക്കാൻ മാളവികയുടെ അമ്മ ഫാഷൻ ഡിസൈനറായത് അങ്ങനെയാണ്. അമ്മയുടെ ഡിസൈനുകളിൽ മനോഹരമായ സ്റ്റൈലിൽ പോസ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തതോടെയാണ് പലരും മാളവികയുടെ മോഡലിങ് സാധ്യതയെക്കുറിച്ചു പറയുന്നത്. അങ്ങനെ ഫാഷൻ ഷോകളിലെ ഷോ സ്റ്റോപ്പർ സാന്നിധ്യവുമായി മാറി മാളവിക. അപകടത്തിനു ശേഷം ഞരമ്പുകൾ തളർന്നതിനെത്തുടർന്ന് മാളവികയുടെ കാലുകളും സാധാരണ സ്ഥിതിയിലല്ല. പക്ഷേ അതൊന്നും റാംപിൽ ചുറുചുറുക്കോടെ ചുവടുകൾ വെക്കാന്‍ അവൾക്കൊരു തടസ്സമല്ല.
ഇന്ന് അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കറും പാചക കലാകാരിയും മോഡലുമൊക്കെയാണ് മാളവിക. നോർവെ, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ മോട്ടിവേഷണൽ സ്പീക്കറായി സംസാരിച്ചിട്ടുണ്ട്. ഏഴുവർഷക്കാലം തന്നെ അടുത്തറിയുന്നയാളെയാണ് മാളവിക വിവാഹം കഴിച്ചത്. ഇനി ഇത്രയും കരുത്തോടെ ഊർജത്തോടെ മുന്നേറാൻ മാളവികയെ പ്രേരിപ്പിക്കുന്നതെന്താണെന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയോടെ അവൾ നൽകുന്ന ഉത്തരം ഇതാണ്.
‘ഞാൻ ഒരു സ്ത്രീയാണ് എന്നതാണ് എന്റെ ഏറ്റവും വലിയ ശക്തിയായി കരുതുന്നത്. നിങ്ങളെക്കൊണ്ട് എന്തു കഴിയും എന്തൊക്കെ കഴിയില്ല എന്നു തുടരെത്തുടരെ പറഞ്ഞുകൊണ്ടിരിക്കുന്ന ലോകത്തിനു മുന്നിൽ പ്രതീക്ഷയോടെ നിൽക്കുക എന്നത് ശ്രമകരമാണ്. പക്ഷേ നമ്മളിലെല്ലാവരും വിസ്മയിപ്പിക്കുന്ന സ്ത്രീകളാണ്. നാം തന്നെ നമ്മുടെ കരുത്തുകളെ കണ്ടെടുക്കാന്‍ തയാറാകണം, ഒപ്പം പരസ്പരം ശാക്തീകരിക്കാനും’– മാളവിക പറയുന്നു.
ചെറിയൊരു പ്രതിബന്ധങ്ങൾ മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴേക്കും ഇനിയങ്ങോട്ടെന്ത് എന്ന ഭീതിയോടെ സമീപിക്കുന്നവർക്കെല്ലാം മാതൃകയാണ് മാളവിക എന്ന പെൺകുട്ടി. വൈകല്യങ്ങളൊന്നും വിജയങ്ങൾ കൊയ്യാൻ തടസ്സമല്ലെന്ന നിശ്ചയദാർഢ്യവും ചുറ്റുമുള്ളവർ എന്തു പറയുന്നു എന്നതിനപ്പുറം ആത്മാർഥതയോടെ കാര്യങ്ങളെ സമീപിച്ചാൽ വിജയം സുനിശ്ചിതമാണെന്ന ചിന്താഗതിയുമൊക്കെയാണ് മാളവികയെ ചുണക്കുട്ടിയാക്കുന്നത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam