സ്വന്തമായി നിലപാടെടുക്കാനുള്ള കാലം വരെയും ഇഷ്ടമുള്ള ജെൻഡറിലും വ്യക്തിത്വത്തിലും ജീവിക്കാൻ കഴിയാത്ത അവസ്ഥയെക്കുറിച്ച് ആലോചിച്ചൂ നോക്കിയിട്ടുണ്ടോ? ട്രാൻസ്ജെൻഡേഴ്സിൽ ഏറെയും അത്തരത്തിൽ അനുഭവിക്കുന്നവരാണ്. കുട്ടിക്കാലം തൊട്ട് പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങി നടന്നാലോ അവരെപ്പോലെ ചിന്തിച്ചാലോ ശകാരിക്കാനും മർദ്ദിക്കാനും മുതിരുന്നവരാണ് കൂടുതലും. ഒരു കൗതുകത്തിന്റെയോ ആവേശത്തിന്റെയോ പുറത്ത് ട്രാൻസ്ജെൻഡേഴ്സ് ആവാൻ തീരുമാനിക്കുന്നതല്ല അവർ എന്ന് ആരും മനസ്സിലാക്കുന്നുമില്ല. കാഠ്മണ്ഡു സ്വദേശിനിയായ റിന ലിംബുവിനും സമാനമായ അനുഭവമാണ് പങ്കുവെക്കാനുള്ളത്.
സ്കൂളിൽ അവതരിപ്പിച്ച നൃത്തത്തിൽ പെൺവേഷം കെട്ടിയപ്പോഴാണ് റിന ആദ്യമായി തന്റെ വ്യക്തിത്വത്തിന്റെ പേരിൽ മർദ്ദനത്തിനിരയാകുന്നത്. പിന്നീടും എത്രയോ കാലം പുറമേക്ക് ആൺകുട്ടിയായും ഉള്ളിൽ പെൺകുട്ടിയായും ജീവിച്ചു. ഒറ്റപ്പെടലിന്റെ ആഴം കൂടുകയും തന്റെ ജെൻഡർ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രവും ഇല്ലാതാവുകയും ചെയ്തപ്പോഴാണ് റിന ലഹരികളുടെ ലോകത്തേക്കു തിരിയുന്നത്. കാലമേറെ കഴിഞ്ഞിട്ടും റിനയുടെ പെരുമാറ്റത്തിൽ മാറ്റമൊന്നും വരുന്നില്ലെന്നു ബോധ്യം വന്ന വീട്ടുകാർ പതിനാറാം വയസ്സിൽ റിനയെ വീട്ടിൽ നിന്നും പുറംതള്ളി. റിനയുടെ വാക്കുകളിലേക്ക്....
''സ്കൂളിലെ ഡാൻസ് കോംപറ്റീഷന് ഫീമെയിൽ ലീഡ് ആയി നിന്നിരുന്നത് ഞാനാണ്, പക്ഷേ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും സമൂഹത്തിലെ അച്ഛന്റെ പേരു കളഞ്ഞുവെന്നു പറഞ്ഞ് എന്നെ ശിക്ഷിച്ചു. തലകീഴായി തൂക്കി നിർത്തി നിർത്താതെ അടിച്ചിട്ടുണ്ട്. അന്ന് എനിക്ക് എട്ടോ ഒമ്പതോ വയസ്സേ ആയിട്ടുള്ളു. ഞാൻ ഒരു പെൺകുട്ടിയെപ്പോലെ പെരുമാറുന്നു എന്നതായിരുന്നു അവരുടെ പ്രശ്നം. കുടുംബത്തിലെ മൂത്ത പുത്രനുമായിരുന്നു ഞാൻ. വളർന്നു വലുതായപ്പോഴും എന്റെ ജെൻഡറിനു വിപരീതമായ ഇഷ്ടങ്ങൾക്കു പുറകെയായിരുന്നു. സ്വന്തം ശരീരം നോക്കി ആശയക്കുഴപ്പത്തിൽ നിന്നിട്ടുണ്ട്. ബാല്യകാലത്തിന്റെ ഏറിയ പങ്കും ഈ ആശയക്കുഴപ്പത്തിലൂടെയായിരുന്നു നീങ്ങിയിരുന്നത്. കുടുംബത്തിലെ പരിപാടികളിൽ നിന്നും മറ്റ് ആഘോഷവേളകളിൽ നിന്നുമൊക്കെ മാറ്റിനിർത്തപ്പെട്ട ഞാൻ മിക്കവാറും എന്റെ മുറിയിൽ തനിച്ചായിരുന്നു.
മികച്ച വിദ്യാർഥി കൂടിയായിരുന്നിട്ടും സ്കൂളിലും ഞാൻ പ്രശ്നങ്ങൾക്കിരയായി. എന്റെ ബാഗിൽ നിന്നും കൺമഷിയും ലിപ്സ്റ്റിക്കും കണ്ടെത്തിയ ടീച്ചർ സ്കൂൾ അസംബ്ലിയിൽ രാവിലെയും വൈകീട്ടുമൊക്കെ എല്ലാ കുട്ടികളുടെയും മുന്നിൽ വച്ച് അപമാനിച്ചിരുന്നത് ഇന്നും ഓര്‍ക്കുന്നു. അന്നെല്ലാം തനിച്ചാവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ കാര്യമായിരുന്നു. പതിയെ ഞാൻ എന്നെപ്പോലെ ചിന്തിക്കുന്നവരുമായി കൂട്ടുകൂടാന്‍ ആരംഭിച്ചു. തനിച്ചാവലിൽ നിന്നും രക്ഷപ്പെടാൻ മയക്കുമരുന്നിന്റെയും ലഹരിയുടെയും പിന്നാലെ പോയിത്തുടങ്ങി. ഹൈസ്കൂള്‍ കഴിഞ്ഞപ്പോഴേക്കും ഞാൻ അവയ്ക്കെല്ലാം അടിമപ്പെട്ടിരുന്നു. എന്റെ വ്യക്തിത്വം സംബന്ധിച്ചുള്ള പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചിരുന്നത് ലഹരിയായിരുന്നു.
അപ്പോഴും ഉള്ളിൽ സ്ത്രീയായും പുറമേക്ക് പുരുഷനായും ജീവിക്കുകയായിരുന്നു ഞാൻ. ജീവിതത്തെക്കുറിച്ച് ഒട്ടും ആശങ്കപ്പെടാതെ ഞാൻ തോന്നിയതുപോലെ ജീവിച്ചു. മയക്കുമരുന്നു മാത്രമായിരുന്നു എന്റെ ഏകസാന്ത്വനം, പതിയെ ഞാൻ അവ വിൽക്കാനും തുടങ്ങി. ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനേക്കാൾ അവർ പ്രശ്നമായി കണ്ടത് സ്ത്രീയെപ്പോലുള്ള പെരുമാറ്റമായിരുന്നു. ആൺകുട്ടിയെപ്പോലെ പെരുമാറൂ എന്ന് അവർ എത്ര പറഞ്ഞിട്ടും കഴിയാതെ വന്നപ്പോൾ പതിനാറാം വയസ്സിൽ ഞാൻ ആ വീട്ടിൽ നിന്നും പുറംതള്ളപ്പെട്ടു, അന്ന് അനാഥനായതാണ്.
കാഠ്മണ്ഡുവിൽ എത്തിയപ്പോൾ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള കുറച്ചുപേരെ പരിചയപ്പെട്ടു. പക്ഷേ ലഹരിക്കടിമയായതുകൊണ്ട് അവർക്കിടയിലും ഞാൻ ഒറ്റപ്പെട്ടു. അങ്ങനെ വീണ്ടും ഞാൻ അനാഥനായി. പണത്തിനായി ഞാൻ ലൈംഗികവൃത്തി ആരംഭിച്ചു. മയക്കുമരുന്നുകൾക്കായി പണം കണ്ടെത്താൻ എന്തു തൊഴിലും ചെയ്യാൻ തയാറായിരുന്നു. പക്ഷേ അമിതമായ ലഹരി ഉപയോഗം എന്റെ ആരോഗ്യാവസ്ഥ മോസമാക്കി. നിസ്സഹായനായി പെരുവഴിയിലൂടെ ഞാൻ അലഞ്ഞു തിരിഞ്ഞു. ഭ്രാന്തമായ അവസ്ഥയിലൂടെ പോകുന്നതിനിടെയാണ് റീഹാബിലിറ്റേഷൻ സെന്ററിൽ എത്തിപ്പെടുന്നത്.
അവിടെ ജീവിച്ചു തുടങ്ങിയതോടെ ലഹരി ഉപയോഗം ഉപേക്ഷിക്കുകയും ഞാൻ ഇഷ്ടപ്പെടുന്നതു പോലെ തന്നെ പുറത്തേക്കിറങ്ങാൻ കരുത്തു ലഭിക്കുകയും ചെയ്തു. ജീവിതത്തിൽ ആദ്യമായി സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കുകയും ഒരുങ്ങുകയും ചെയ്യുന്നത് അവിടെ ചെന്നതിനു ശേഷമാണ്. അക്ഷരാർഥത്തിൽ ഞാൻ ഒരു ട്രാൻസ്ജെൻഡർ സ്ത്രീയായി മാറുകയായിരുന്നു, എനിക്കു സ്വാതന്ത്രം ലഭിക്കുകയായിരുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam