'മകളെ മാനഭംഗപ്പെടുത്തുമെന്നു പറഞ്ഞപ്പോൾ പലതും സമ്മതിക്കേണ്ടി വന്നു'

രണ്ടാമത്തെ ഭർത്താവ് ഇബ്രാഹിം ഹംദിയും ഫൗസിയയും

പഴയ കഥകളൊക്കെ ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുമോ എന്ന ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം ഫൗസിയ നിശബ്ദയായി. തീയതികളൊന്നും കൃത്യമായി ഓർമയില്ലെന്നും അത് ഡയറി നോക്കി പറഞ്ഞു തരാമെന്നും ഉറപ്പു നൽകി.

''  അന്നു നടന്ന സംഭവങ്ങളൊക്കെ നല്ല ഓർമ്മയുണ്ട്. അത് അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്നതല്ലല്ലോ. നിങ്ങൾക്കറിയാമോ, മൂന്നു വർഷം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ, സ്വന്തം വീടിരിക്കുന്ന സ്ഥലം പോലും എനിക്കു തിരിച്ചറിയാൻ പറ്റാത്ത വിധം മാറിയിരുന്നു.ചുറ്റും പുതിയ കെട്ടിടങ്ങൾ വന്നു നിറഞ്ഞു. മറ്റെവിടേക്കോ ആണ് ഞാൻ വന്നിരിക്കുന്നത് എന്നു പോലും തോന്നിപ്പോയി. മാലെയിൽ ഹുവാസ് എന്നൊരു പത്രമുണ്ടായിരുന്നു. കുറച്ചു വർഷം മുൻപ് അതു പൂട്ടിപ്പോയി. ആ പത്രത്തിൽ ജയിലിൽ നിന്ന് തിരിച്ചു വന്ന ഉടനെ ഞാൻ അനുഭവക്കുറിപ്പുകൾ എഴുതിയിരുന്നു. തിരിച്ചു വന്നപ്പോൾ ജനങ്ങളിൽ നിന്നു കിട്ടിയ സ്വീകരണം വളരെ വലുതായിരുന്നു. അനുഭവക്കുറിപ്പുകൾ കൂടി വായിച്ചതോടെ അവരുടെ സ്‌നേഹം കൂടി.''

'ഫുറേത്ത' എന്ന ചിത്രത്തിൽ പ്രേതമായി ഫൗസിയ

ഫൗസിയ പഴയ ഒാർമകളിലേയ്ക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങി

ഞാൻ ആദ്യമായി ഇന്ത്യയിൽ വന്ന കാര്യം പറഞ്ഞല്ലോ, രണ്ടാമതു വന്നത് ഇളയ മകൾ ജിലയുടെ സ്‌കൂൾ അഡ്മിഷനു വേണ്ടിയായിരുന്നു. എന്റെ മകൻ നാസിഫിന്റെ അടുത്ത സുഹൃത്താണ് മാലെയിലെ മുൻ പ്രസിഡന്റായിരുന്ന ഇബ്രാഹിം നാസിറിന്റെ മകൻ അലി നാസിർ. അലി നാസിറിന്റെ മകൻ പഠിച്ചിരുന്നത്്  ബാംഗ്ലൂരിലെ ബോൾഡ്വിൻ ബോയ്‌സ് ഹൈസ്‌കൂളിലായിരുന്നു. അതേ മാനേജ്‌മെന്റിനു കീഴിലുള്ള ഗേൾസ് സ്‌കൂളിൽ ജിലയെ ചേർത്തു പഠിപ്പിക്കാമെന്നു നാസിഫ് പറഞ്ഞു. അങ്ങനെയാണ് 1994 മേയിൽ ജിലയേയും കൂട്ടി ഞാൻ ബാംഗ്ലൂരിൽ എത്തിയത്.

അലി നാസിറിന്റെ വീട്ടിലായിരുന്നു ഞങ്ങൾ ആദ്യം താമസിച്ചിരുന്നത്. സ്‌കൂളിൽ വലിയൊരു തുക ഡൊണേഷൻ കൊടുക്കണമായിരുന്നു. ആ പണം എങ്ങനെ എത്തിക്കുമെന്ന് ആലോചിച്ചപ്പോഴാണ് എന്റെ വളരെ അടുത്ത സുഹൃത്തായിരുന്ന മറിയം റഷീദയുടെ സഹായം തേടാമെന്നു കരുതിയത്. മറിയം അതിനു മുൻപ് രണ്ടു തവണ ഇന്ത്യയിൽ വന്നിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ മകൾ നാസിഹ 1500 അമേരിക്കൻ ഡോളർ മറിയം റഷീദ വഴി കൊടുത്തയച്ചു. മാലെയിൽ നിന്നുള്ള വിമാനം തിരുവനന്തപുരം വഴിയായിരുന്നു ബാംഗ്ലൂരിൽ എത്തിയിരുന്നത്. ആ യാത്രക്കിടയിൽ തിരുവനന്തപുരം എയർപോർട്ടിൽ വച്ചാണ് മറിയം റഷീദ ചന്ദ്രശേഖറിനെ പരിചപ്പെടുന്നത്. മറിയം എത്തിയത് ജൂൺ 20 - ാം തീയതിയായിരുന്നു. ജിലയുടെ സ്‌കൂൾ അഡ്മിഷന്റെ കാര്യത്തിൽ ചില തടസ്സങ്ങളുണ്ടെന്നു പറഞ്ഞപ്പോൾ, മറിയമാണ് ചന്ദ്രശേഖറെയും ശർമ്മയെയും എനിക്ക് പരിചയപ്പെടുത്തി തന്നത്. ചന്ദ്രശേഖറെ അദ്ദേഹത്തിന്റെ ഓഫിസിൽ പോയി കാണുകയായിരുന്നു. അദ്ദഹത്തിന്റെയും ശർമ്മയുടെയും സഹായത്താൽ ജിലയുടെ സ്‌കൂൾ അഡ്മിഷൻ ശരിയായി. 

ഞാനും മറിയവും മാലിയിലേക്ക് തിരിച്ചു പോകാനുള്ള ഉദ്ദേശത്തോടെയായിരുന്നു തിരുവനന്തപുരത്ത് എത്തിയത്. മറിയം  വീസ കാലാവധി നീട്ടിക്കിട്ടാൻ അപേക്ഷ നൽകിയത്, ആ സമയത്ത് മാലിയിൽ പ്ലേഗ് ബാധകാരണം വിമാന സർവീസുകൾ നിർത്തി വച്ചതുകൊണ്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ വീസ കാലാവധി നീട്ടാൻ മറിയം ശ്രമിച്ചതിനു പിന്നിൽ ഒരു കാരണം കൂടിയുണ്ടായിരുന്നു. മംഗലാപുരം സ്വദേശിയായ ഒരു ഡോക്ടറുമായി മറിയത്തിന് അടുപ്പമുണ്ടായിരുന്നു. ഡോക്ടർ ഒക്ടോബർ 30 ന് തിരുവനന്തപുരം വരുമെന്ന് അറിയിച്ചിരുന്നതുകൊണ്ടു കൂടിയാണ് വീസ കാലാവധി നീട്ടിക്കിട്ടാൻ മറിയം അപേക്ഷ നൽകിയത്. പക്ഷേ സംഭവിച്ചത് വേറൊന്നായിരുന്നു. ഒക്ടോബർ 20 ന് മറിയം അറസ്റ്റു ചെയ്യപ്പെട്ടതോടെ എല്ലാം തകിടം മറിഞ്ഞു. പിന്നീട് എന്തൊക്കെയാണ് നടന്നത് !

നമ്പി നാരായണനെ എപ്പോഴായിരുന്നു ആദ്യം കണ്ടത്?

സിബിഐ കസ്റ്റഡിയിലിരിക്കുമ്പോഴായിരുന്നു എന്നാണ് എന്റെ ഓർമ്മ. ഒരു ദിവസം സിബിഐ ഓഫിസർമാർ എന്നെ ഒരു മുറിയിലേക്കു കൊണ്ടു പോയി. അവിടെ ധാരാളം ആൾക്കാരുണ്ടായിരുന്നു.  അന്ന് ഞാൻ നമ്പി നാരാണനെ കണ്ടിട്ടുപോലുമില്ലായിരുന്നു. ചോദ്യം ചെയ്യലിൽ പേര് കേട്ടിട്ടുണ്ടെന്നു മാത്രം. ഈ വ്യക്തി ആരാണെന്ന് സിബിഐ ഓഫിസർമാർ ചോദിച്ചു. എനിക്ക് അറിയില്ലെന്നു ഞാൻ പറഞ്ഞു. അപ്പോൾ സിബിഐ ഓഫിസർ പറഞ്ഞു: ഇതാണ് നിങ്ങളുടെ ഫ്രണ്ട് നമ്പി നാരായണൻ. '

രമൺ ശ്രീവാസ്തവയെ അന്നും ഇന്നും ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഫോട്ടോ മാത്രമാണ് കണ്ടിട്ടുള്ളത്.

നിങ്ങൾ രണ്ടു മാലി വനിതകൾ നമ്പി നാരായണന്റെ പേര് പറഞ്ഞതുകൊണ്ടാണ് കേസിൽ പ്രതിയാക്കപ്പെട്ടത് എന്ന് ഈ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. എന്തിനായിരുന്നു അദ്ദേഹത്തിന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചത്?

നമ്പി നാരായണനെ അറിയാമെന്ന് മറിയം റഷീദയാണ് ആദ്യം സമ്മതിച്ചത്. പിന്നീട് എനിക്കും അങ്ങനെ പറയേണ്ടി വന്നു. കേരള പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ മറിയത്തെ നിർബന്ധിച്ച് പറയിപ്പിക്കുകയായിരുന്നു. ശശികുമാർ രേഖകളും മറ്റും ഫൗസിയയ്ക്കു കൈമാറി എന്നായിരുന്നു ചോദ്യം ചെയ്യലിനിടയിൽ മറിയം പറഞ്ഞത്. ശശികുമാറിന്റെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ ഉണ്ടായിരുന്നു എന്ന് മറിയം പറഞ്ഞു. അത് നമ്പി നാരായണൻ ആയിരുന്നോ എന്ന ചോദ്യത്തിന,് അതെ എന്നായിരുന്നു മറിയത്തിന്റെ മറുപടി.

പിന്നീട് ഇന്റലിജൻസ് ബ്യൂറോയുടെ ചോദ്യം ചെയ്യലിലും ആ പേര് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു. ഇതേ ചോദ്യം തന്നെ എന്നോടും ചോദിച്ചിരുന്നു.  ചോദ്യം ചെയ്യുന്നതിനിടയിൽ ഉദ്യോഗസ്ഥർ കുറേ ഫോട്ടോഗ്രാഫ്‌സ് കാണിച്ചിട്ട് ഇതിൽ ശശികുമാർ, ചന്ദ്രശേഖർ, ശർമ്മ, നമ്പി നാരാണൻ, രമൺ ശ്രീവാസ്തവ എന്നിവർ ആരൊക്കെയാണെന്നു പറയാൻ പറഞ്ഞു. ശശികുമാറിനെയും ചന്ദ്രശേഖറിനെയും ശർമ്മയെയും ഞാൻ തിരിച്ചറിഞ്ഞു. അപരിചിതരായ രണ്ടു പേരുടെ ഫോട്ടോസ് എടുത്തിട്ടു ഞാൻ പറഞ്ഞു: ഇതാണ് നമ്പി നാരായണനും രമൺ ശ്രീവാസ്തവയും. അന്നു ഞാൻ തിരഞ്ഞെടുത്ത ഫോട്ടോസ് അവർ രണ്ടുപേരുടേതുമായിരുന്നില്ല എന്നു പിന്നീട് മനസ്സിലായി.

ബാംഗ്ലൂരിലെ ആർമി ക്ലബിൽ ശർമ്മ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയപ്പോൾ കൂടെ ഉണ്ടായിരുന്നത് ആരായിരുന്നു, രമൺ ശ്രീവാസ്തവയായിരുന്നില്ലേ എന്ന് ചോദിച്ചതും കേരള പൊലീസിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. അതെ എന്നു മറിയം റഷീദ മറുപടി നൽകി. രമൺ ശ്രീവാസ്തവുടെ പേര് വന്നത് ഇങ്ങനെയായിരുന്നു.

എന്നെ ചോദ്യം ചെയ്ത്, എല്ലാം എഴുതിയെടുത്ത ശേഷം ഇന്റലിജൻസ് ബ്യൂറോ ഉദ്യാഗസ്ഥർ മറ്റൊരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെ നേരത്തേ സെറ്റ് ചെയ്തു വച്ച ക്യാമറയിൽ നോക്കി ചോദ്യം ചെയ്യലിൽ പറഞ്ഞതെല്ലാം ആവർത്തിക്കാൻ പറഞ്ഞു. ഓരോ തവണ എനിക്ക് തെറ്റുമ്പോഴും കാമറ നിർത്തി, എന്റെ മൊഴി രേഖപ്പെടുത്തിയ നോട്ട് കാണിച്ച് അവർ തിരുത്തിക്കൊണ്ടിരുന്നു. നമ്പി നാരാണന്റെയും രമൺ ശ്രീവാസ്തവയുടെയും പേര് ശരിക്ക് ഉച്ചരിക്കാനാവാതെ വന്നപ്പോൾ, ഉദ്യോഗസ്ഥർ വലിയ അക്ഷരത്തിൽ എഴുതി കാണിച്ചു തരികയും ചെയ്തു. നിരപരാധികളായ ഒരുപാടു വ്യക്തികളുടെ പേരുകൾ ഈ കേസിൽ അവർ നിർബന്ധപൂർവം വലിച്ചിഴയ്ക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ചാരവൃത്തിക്കായി എന്റെ സ്വന്തം മകൾ നാസിഹ മൂന്നു തവണയായി 25,000 ഡോളർ  എനിക്ക് തന്നു എന്നു കള്ളം പറയേണ്ടി വന്നപ്പോൾ എന്റെ ഹൃദയം നുറുങ്ങി. പതിനാലു വയസ്സുള്ള മകൾ ജിലയെ എന്റെ മുന്നിലിട്ടു മാനഭംഗപ്പെടുത്തും എന്നു ഭീഷണിപ്പെടുത്തിയപ്പോഴാണ് ചോദ്യം ചെയ്യലിൽ എനിക്ക് പലതും സമ്മതിക്കേണ്ടി വന്നത്.

ചോദ്യം ചെയ്യൽ വേളയിൽ ഒട്ടും ആലോചിക്കാതെ ഞാൻ പറഞ്ഞു പോയ ഒരു കാര്യം കുറച്ചൊന്നുമല്ല പ്രശ്‌നങ്ങളുണ്ടാക്കിയത്.

ഫൗസിയ

ശശി കുമാർ എന്നെ എവിടെയൊക്കെയാണ് കൂട്ടിക്കൊണ്ടു പോയത് എന്ന ചോദ്യത്തിന് അപ്പോൾ തോന്നിയ മറുപടി ഞാൻ പറഞ്ഞു. ''അദ്ദേഹത്തിന്റെ ഓഫിസിൽ ! ''

ശശികുമാർ എത്ര ഉന്നതനായ വ്യക്തിയാണെന്നോ, എത്ര വലിയ ശാസ്ത്രജ്ഞനാണെന്നോ അന്നെനിക്ക് അറിയില്ലായിരുന്നു. ഐഎസ്ആർഒ എന്ന സ്ഥാപനത്തെക്കുറിച്ചോ, പ്രവർത്തനത്തെക്കുറിച്ചോ ഒന്നും യാതൊരറിവും ഉണ്ടായിരുന്നില്ല. ശശികുമാറിനെപ്പോലൊരു ശാസ്ത്രജ്ഞനോടൊപ്പം ഞാൻ ഐസ്ആർഒ പോലൊരു സ്ഥാപനത്തിൽ പോയി എന്നു പറയുന്നത് നിസാര കാര്യമല്ലല്ലോ.

ഏത് ഓഫിസിലാണ്് എന്നെ കൂട്ടിക്കൊണ്ടുപോയത് എന്നായിരുന്നു അവർ ആദ്യം ചോദിച്ച ചോദ്യം?

ഞാൻ എന്തു മറുപടി പറയാനാണ്?

സാമ്രാട്ട് ഹോട്ടലിൽ നിന്ന് അവിടേക്ക് എത്ര ദൂരമുണ്ടെന്നായിരുന്നു,

പോകുന്ന വഴിയിൽ പാലമുണ്ടായിരുന്നോ? കാറിന്റെ നിറം ഏതായിരുന്നു?

ഓഫിസ് ഗേറ്റ് എങ്ങനെയായിരുന്നു? അവിടെ കാവൽക്കാരനുണ്ടായിരുന്നോ, ഗേറ്റിലെ രജിസ്റ്ററിൽ ഒപ്പിടുവിച്ചിരുന്നോ, കാർ എവിടെയായിരുന്നു പാർക്ക് ചെയ്തിരുന്നത് എന്നിങ്ങനെ നൂറു ചോദ്യങ്ങൾ ചോദിച്ചു. എനിക്ക് അപ്പപ്പോൾ മനസ്സിൽ തോന്നിയ ഓരോ മറുപടികൾ ഞാൻ പറഞ്ഞു കൊണ്ടിരുന്നു. ഓഫിസിൽ എത്തിയിട്ട് എന്താണ് ചെയ്തതെന്ന ചോദ്യത്തിന്, കെട്ടിടങ്ങളുടെ ഫോട്ടോ എടുത്തു എന്നും കൂടി ഞാൻ പറഞ്ഞു. ഇതൊക്കെ വലിയ പ്രശ്‌നങ്ങളാണ് പിന്നീട് ഉണ്ടാക്കിയത്.

മറിയം അവൾക്കു തോന്നിയതുപോലെ മൊഴി കൊടുത്തതുകൊണ്ടു കൂടിയാണ് എനിക്കും അതിന് അനുബന്ധമായി പലതും പറയേണ്ടി വന്നത്. എത്രയോ വർഷമായി അടുത്ത് അറിയാവുന്ന  സുഹൃത്തുക്കളായിരുന്നു ഞങ്ങൾ.  

കേസും പ്രശ്നങ്ങളുമായതോടെ ഞങ്ങൾ  തമ്മിലുള്ള സൗഹൃദത്തിലും ഉലച്ചിൽ തട്ടി. 

ഫൗസിയ

 പരിചയപ്പെട്ടു, പ്രണയിച്ചു വിവാഹിതരായി

1942 ജനുവരി എട്ടാം തീയതിയാണ് ഞാൻ ജനിച്ചത്. പിതാവ് ഹസൻ, മാതാവ് ഫാത്തിമ.ഉമ്മയുടെ രണ്ടാം വിവാഹമായിരുന്നു. രണ്ട് സഹോദരങ്ങളും രണ്ട് അർദ്ധസഹോദരങ്ങളുമുണ്ട്. ഉമ്മയ്ക്ക് പലഹാരങ്ങളുണ്ടാക്കി വിൽക്കലായിരുന്നു ജോലി.പതിനഞ്ചാമത്തെ വയസ്സിലാണ് ഞാൻ വിവാഹിതയാവുന്നത്. ആദ്യഭർത്താവ് ഉമർ മാലിക്, മാലിയിൽ ബിസിനസുകാരനാണ്. ആ ബന്ധത്തിലുണ്ടായ കുട്ടികളാണ് നാസിഹയും നാസിഫും. 19 വയസായപ്പോഴേക്ക് രണ്ടു കുട്ടികളായി. ഇരുപതാമത്തെ വയസ്സിൽ വിവാഹമോചനം. പിന്നീട് ഞാൻ ശ്രീലങ്കയിൽ വെല്ലാത്ത എന്ന സ്ഥലത്തെ പോളിടെക്‌നിക്കിൽ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങും ഷർട്ട് ഹാന്റും പഠിക്കാൻ പോയി. തിരിച്ചു മാലെയിലെത്തിയപ്പോഴാണ് അറിയപ്പെടുന്ന ഗായകനായ ഇബ്രാഹിം ഹംദിയെ പരിചയപ്പെടുന്നത്. മാലെയിലെ ഹവീരു ദിനപത്രത്തിൽ എഡിറ്റർ കൂടിയായിരുന്നു ഹംദി. പരിചയം പിന്നീട് പ്രണയമായി മാറി. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം ഞങ്ങൾ വിവാഹിതരായി. ആദ്യ വിവാഹം കഴിഞ്ഞ് ഒൻപതു വർഷത്തിനു ശേഷമാണ് ഹംദിയുമായുള്ള വിവാഹം. ആ ബന്ധത്തിലുണ്ടായ കുട്ടിയാണ് ജില ഹംദി. ജിലയ്ക്ക് മൂന്നു വയസ്സുള്ളപ്പോൾ ഞങ്ങൾ പിരിഞ്ഞു. പിരിഞ്ഞെങ്കിലും കേസിന്റെ സമയത്ത് എനിക്ക് മാനസികമായി പിൻ തുണ നൽകിയത് ഹംദിയായിരുന്നു.

രാജ്യാന്തര മനുഷ്യാവകാശ കമ്മീഷനിൽ പാരാതി നൽ‌കുമെന്ന് മറിയം റഷീദ

ഫോണിലൂടെയെങ്കിലും മറിയം റഷീദയുടെ പ്രതികരണമറിയാൻ പല തവണ വിളിച്ചു നോക്കി. അഞ്ചാറു തവണ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. പിന്നെ വിളിക്കുമ്പോഴെല്ലാം നമ്പർ ബിസി. ബ്ലോക്ക് ചെയ്താണെന്നു മനസ്സിലായി. മാലിയിലെ സുഹൃത്തുക്കളിലൊരാളുടെ നമ്പരിൽനിന്നു വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. രാത്രി ഏഴു കഴിഞ്ഞപ്പോൾ മറിയം തിരിച്ചു വിളിച്ചു. അഭിമുഖത്തിെൻറ കാര്യം പറഞ്ഞതോടെ താൽപര്യമില്ലെന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

പിറ്റേന്ന് വീണ്ടും ശ്രമിച്ചു. കാണാൻ അനുവദം തരുമോ എന്നു ചോദിച്ച് സുഹൃത്ത് അയച്ച മെസേജിന് ഒടുവിൽ മറിയം റഷീദയുടെ മറുപടി കിട്ടി.

വെറുതേ നിങ്ങളുടെ സമയം പാഴാക്കണ്ട. നേരിൽ കാണാനോ കേസുമായി ബന്ധപ്പെട്ട യാതൊരു തരത്തിലുമുള്ള വിവരങ്ങൾ തരാനോ എനിക്കു താൽപര്യമില്ല. ഒരു കാര്യം ഉറപ്പാണ്, അന്വേഷണ ഉദ്യോഗസ്ഥൻമാരായിരുന്ന

വിജയനും സിബി മാത്യൂസിനും കേരള പൊലീസിനും െഎബിക്കും എതിരെ രാജ്യാന്തര മനുഷ്യാവകാശ കമ്മിഷനിൽ പരാതി കൊടുക്കുമെന്നായിരുന്നു മറിയത്തിെൻറ എസ്എംഎസ് സന്ദേശം.

ഇങ്ങനെയൊരു കാര്യത്തിെൻറ സത്യാവസ്ഥയെക്കുറിച്ച് അറിയാമോ എന്നു ഫൗസിയയോടു തിരക്കി. ജനീവയിൽ പോയി കേസ് കൊടുക്കുമെന്നു കുറച്ചു നാളുകൾക്കു മുൻപ് മറിയം പറഞ്ഞതായി ഫൗസിയ ഒാർക്കുന്നു. ജയിൽമോചിതയായി തിരിച്ചെത്തിയ ശേഷം, കേരള പൊലീസിനും ഐബിക്കും എതിരെ താനും കേസ് ഫയൽ ചെയ്തിരുന്നുവെന്നും, അഡ്വ. പ്രസാദ് ഗാന്ധി മാലിയിൽ എത്തിയാണ് വക്കാലത്ത് ഒപ്പിടുവിച്ചതെന്നും ഫൗസിയ പറഞ്ഞു. പിന്നീട് ഇന്ത്യയിൽ ബിസിനസ് ആവശ്യത്തിന് വന്ന മകൻ നാസിഫ് താമസിച്ചിരുന്ന ഹോട്ടലിൽ ഐബി ഉദ്യോഗസ്ഥർ എത്തി കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തി. തുടർന്ന് കേസ് മുന്നോട്ടു കൊണ്ടു പോകാൻ താൽപര്യമില്ലെന്ന് മാലിയിലെ ഇന്ത്യൻ എംബസിയിൽ എഴുതി നൽകുകയായിരുന്നു. പല ആവശ്യങ്ങൾക്കായി ഇന്ത്യ സന്ദർശിക്കേണ്ടി വരുന്ന തന്റെ ബന്ധുക്കളോടു പൊലീസ് മോശമായി പെരുമാറുമോ എന്നു ഭയന്നാണ് കേസ് പിൻവലിച്ചത്, ഫൗസിയ പറഞ്ഞു.

കൂടുതൽ വായിക്കാൻ

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam.