ചാരക്കേസിനെക്കുറിച്ചും അതുണ്ടാക്കിയ കോലാഹങ്ങളെക്കുറിച്ചുമൊക്കെ ഫൗസിയ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു. ഒരു വിദേശരാജ്യത്ത് നിന്നു അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് വിവരിച്ചപ്പോൾ പലപ്പോഴും അവരുടെ ശബ്ദം ഉയർന്നു. പക്ഷേ, ഒരിക്കൽ പോലും കരഞ്ഞില്ല. എന്തിനെയും നേരിടാൻ തന്നെ പാകപ്പെടുത്തിയത് ആ അനുഭവങ്ങളാണെന്നു ഫൗസിയ.
‘എനിക്ക് ഏറ്റവും തിരിക്കു പിടിച്ച സമയത്തായിപ്പോയി നിങ്ങൾ വന്നത്. അല്ലായിരുന്നെങ്കിൽ കുറച്ചുകൂടി വിശദമായി സംസാരിക്കാമായിരുന്നു.’ ഇനിയും സംസാരിക്കാനുണ്ടെങ്കിലും സമയം അനുവദിക്കില്ല എന്ന സൂചനയോടെ ഫൗസിയ നിർത്തി.
‘ഇന്നു തിരക്കാണെങ്കിൽ, ബാക്കി നാളെ സംസാരിക്കാം.’
‘ഉച്ചയ്ക്കുശേഷം ഒരു കസ്റ്റമർക്കു ഡ്രസ് തയ്ച്ചത് കൊടുക്കാമെന്ന് ഏറ്റിട്ടുണ്ട്. രാത്രി ഷൂട്ടിങ്ങുണ്ട്. നാളെ വൈകിട്ടു നാലരയുടെ ഫ്ളൈറ്റിനു ശ്രീലങ്കയിലേക്കു പോവുകയും വേണം,’ അവർ നിസ്സഹായയായി.
‘എങ്കിൽ വീടുവരെ നടന്നുകൊണ്ടു സംസാരിക്കാം,’ ഫൗസിയ സമ്മതിച്ചു.
ഹോട്ടലിനു പുറത്തു കത്തുന്ന വെയിലായിരുന്നു. റിസപ്ഷനിൽ നിന്നു കാലെടുത്തു വയ്ക്കുന്നതു കുൽഹിദോഷു മഗുവിലാണ്. മഗു എന്നാൽ റോഡ് എന്ന് അർഥം. നിരനിരയായി പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങൾ റോഡിെന്റ പകുതിയോളം കയ്യേറിയിരിക്കുന്നു. മാലെ നഗരത്തിലെ എല്ലാ റോഡുകളുടെയും അവസ്ഥ ഇതു തന്നെയാണ്. എതിരെ ഒരു കാറു വന്നാൽ കാൽനടയാത്രക്കാരൻ ഒറ്റക്കാലിൽ നിന്നു സർക്കസ് കളിക്കേണ്ടി വരും, തട്ടാതെയും മുട്ടാതെയും കടന്നുപോകാൻ. മാലെക്കാർക്കു പക്ഷേ, ഇതു ശീലമാണ്.
സുഹർ നമസ്കാരത്തിെന്റ സമയമായതിനാൽ കടകളെല്ലാം അടഞ്ഞുകിടന്നിരുന്നു. അഞ്ചുനേരവും നമസ്കാര സമയത്തു കട അടച്ചിടണമെന്നതു മാലദ്വീപുകാരുടെ വിശ്വാസങ്ങളിൽ പ്രധാനപ്പെട്ടതാണ്. രാവിലെ എട്ടു മണിക്കാണു സാധാരണ കടകൾ തുറക്കുക. ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കു സുഹർ നമസ്കാര സമയത്ത് അടയ്ക്കുന്ന കട തുറക്കുന്നതു രണ്ടു മണിക്കാണ്. ടാക്സികളും ഈ സമയത്ത് കുറവാണ്.
മാലദ്വീപ് പാർലമെന്റ് മന്ദിരത്തിനു സമീപത്തായിട്ടാണു ഫൗസിയയുടെ വീട്. കുറച്ചധികം നടക്കാനുണ്ട്. റോഡിെന്റ അരികുചേർന്നു നടക്കുന്നതിനിടയിലാണു മറിയം റഷീദയുമായുള്ള സൗഹൃദത്തിെന്റ കഥ ഫൗസിയ പറഞ്ഞത്.
‘ഏഴുമാസം പ്രായമുള്ള മകൾ ജിലയോടൊപ്പം ഭർത്തൃ വീട്ടിലായിരുന്നു ഞാനന്ന്. ഒരു ദിവസം അമ്മായിയമ്മ നജീബ വന്നു പറഞ്ഞു, അഹമ്മദ് ദീദിയുടെ സഹോദരി തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നുണ്ട്, നമുക്കു പോയൊന്നു കാണാമെന്ന്. അഹമ്മദ് ദീദി എെന്റ ഭർത്താവ് ഇബ്രാഹിം ഹംദിയുടെ സുഹൃത്താണ്.
ഇരുപതിലേക്കു കടക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടിയെ ആ വീട്ടിൽ ഞാൻ കണ്ടു. ഒന്നുരണ്ടു വാക്കുകൾ അന്നു ഞങ്ങൾ സംസാരിച്ചു. അമ്മായിയമ്മ പറഞ്ഞു: ‘മറിയം റഷീദ എന്നാണ് അവളുടെ പേര്.’
ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത് അവിടെ വച്ചാണ്. അഡുദ്വീപ് സ്വദേശിയാണ് മറിയം. അതുകൊണ്ടവൾക്ക് മാലെയിൽ സുഹൃത്തുക്കൾ കുറവായിരുന്നു. ഞങ്ങൾ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നതു പതിവായി. മറിയം അന്നു ഷെരീഫ് എന്നൊരാളുടെ ഭാര്യയായിരുന്നു. അഞ്ചാറുമാസം കഴിഞ്ഞപ്പോൾ മറിയവും ഷെരീഫും ആ വീട്ടിൽ നിന്നു താമസം മാറി. പക്ഷേ, മറിയം എന്നെ പതിവായി കാണാൻ വരാറുണ്ടായിരുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങളും സങ്കടങ്ങളുമൊക്കെ എന്നോടു പങ്കുവയ്ക്കും. രണ്ടുവർഷം കഴിഞ്ഞപ്പോൾ അവൾ ഷെരീഫിനെ ഉപേക്ഷിച്ചു ബക്കീർ എന്നൊരാളെ വിവാഹം കഴിച്ചതായി എന്നോടു പറഞ്ഞു. പിന്നീട് ബക്കീറിനെയും ഉപേക്ഷിച്ച് അവളുടെ അമ്മാവന്റെ കൂടെയായി താമസം. ഇതിനിടെ മറിയം, അഹമ്മദ് സലീമുമായി അടുപ്പത്തിലായി. ആ ബന്ധം അമ്മാവന് ഇഷ്ടമായിരുന്നില്ല. അതിൽ പ്രതിഷേധിച്ചു മറിയം വീടുവിട്ടിറങ്ങി, എെന്റ കൂടെ വന്നു താമസമാക്കി. സലീമിനെ വിവാഹം കഴിക്കുന്നതു വരെ അവൾ എന്നോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
അവൾക്ക് എന്തു പ്രശ്നമുണ്ടായാലും സഹായിക്കാൻ ഞാൻ ഉണ്ടാകുമായിരുന്നു. മകൾ നിഷാന ജനിച്ചു കുറച്ചു മാസം കഴിഞ്ഞപ്പോൾ മറിയം, സലീമിനെയും ഉപേക്ഷിച്ചു. വീണ്ടും പഴയ അമ്മാവന്റെ വീട്ടിൽ പോയി താമസിക്കുകയും പ്രശ്നങ്ങളുണ്ടാവുകയും െചയ്തു. അപ്പോഴും മറിയം കുഞ്ഞിനെയും കൂട്ടി വന്നു താമസിച്ചത് എെൻറ വീട്ടിലായിരുന്നു.’
മുപ്പത്തിയഞ്ചു വർഷം മുൻപുള്ള കഥകൾ, പ്രായത്തിനു മായ്ക്കാൻ പറ്റാത്ത വിധം മനസ്സിൽ പതിഞ്ഞുപോയ ആ കഥകൾ ഫൗസിയ ഇന്നലെ പോലെ പറഞ്ഞു കൊണ്ടിരുന്നു.
വെയിലിനു ശക്തി കൂടിയതോടെ, ടാക്സിയിൽ പോകാമെന്നു തീരുമാനിച്ചു. വീടിനടുത്തുള്ള റസ്റ്ററന്റിൽ ഉച്ചഭക്ഷണം കഴിക്കാമെന്നും അപ്പോൾ ബാക്കി സംസാരിക്കാമെന്നും പറഞ്ഞു. ഫൗസിയ ആശ്വാസത്തോടെ സമ്മതിച്ചു.
കുറെ ദൂരം കൂടി നടക്കേണ്ടി വന്നു, ടാക്സി കിട്ടാൻ. മാലെ സിറ്റിയിൽ എവിടെ പോകണമെങ്കിലും ഒരേ ഒരു ടാക്സി ചാർജേയുള്ളൂ. 25 റുഫിയ. നൂറ്റിനാല് ഇന്ത്യൻ രൂപ. ലഗേജ് ഉണ്ടെങ്കിൽ അഞ്ചു റുഫിയ കൂടുതൽ കൊടുക്കണം.
പാർലമെന്റ് ഹൗസിന്റെ തൊട്ടു മുന്നിൽ ജി–സിക്സ് എന്ന റസ്റ്ററന്റിലാണു കയറിയത്. റസ്റ്ററന്റിൽ നല്ല തിരക്കുണ്ടായിരുന്നു. അധികവും ചെറുപ്പക്കാർ. മുടി നീട്ടിവളർത്തി ഹുക്കവലിച്ച് ആകാശത്തേക്കു പുകയൂതി ആഹ്ലാദിക്കുന്ന ഫ്രീക്കൻമാർ.
ഫൗസിയയെ കണ്ടു കോളജ് കുമാരിമാരെന്നു തോന്നിപ്പിക്കുന്ന രണ്ടു പെൺകുട്ടികൾ ആഹ്ലാദത്തോടെ ശബ്ദമുയർത്തി. ദ്വിവേഹിയിൽ എന്തൊക്കെയോ ചോദിച്ചു. അഭിനയിച്ച സിനിമകളെക്കുറിച്ച് ആയിരിക്കും സംസാരമെന്ന് അവരുടെ മുഖഭാവത്തിൽ നിന്നു മനസ്സിലായി. അതു ശരിവയ്ക്കുംവിധം അവർ ഫൗസിയയോടൊപ്പം നിന്നു സെൽഫിയെടുത്തു. അവരുടെ ക്യാമറയ്ക്കു മുന്നിൽ സന്തോഷത്തോടെ അവരുടെ പ്രിയനടി പോസ് ചെയ്തു.
ഭക്ഷണം ഒാർഡർ ചെയ്തു കാത്തിരിക്കുന്നതിനിടയിലാണു മറിയം റഷീദയുമായുള്ള സൗഹൃദത്തിലേക്കു വീണ്ടും സംഭാഷണമെത്തിയത്.
‘ചാരക്കേസ് നടക്കുമ്പോൾ പതിനാലു വർഷത്തെ അടുപ്പമുണ്ടായിരുന്നു ഞങ്ങൾ തമ്മിൽ. പക്ഷേ പൊലീസ് ചോദ്യം ചെയ്തപ്പോൾ, മറിയം അവൾക്ക് തോന്നിയതുപോലെ യാതൊരു അടിസ്ഥാനവുമില്ലാത്ത പല കാര്യങ്ങളും പറഞ്ഞു. അതിൽ പലതും എന്നെ പ്രതിക്കൂട്ടിലാക്കുന്നതുമായിരുന്നു.’
‘അന്നത്തെ മാലദ്വീപ് പ്രസിഡൻറ് ഗയൂമിനെതിരെ നടന്നു വന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കൂടിയാണ് മറിയം ഇന്ത്യയിലെത്തിയത് എന്നു കേട്ടിരുന്നു?’
മറിയം എന്നോടും അങ്ങനെ പറഞ്ഞിട്ടുണ്ട്. മുൻപ് ഇന്ത്യയിൽ വന്നപ്പോൾ അവളുടെ വിമാന ടിക്കറ്റിെൻറ പണം നൽകിയത് മാലി സർക്കാരാണെന്നും പറഞ്ഞിരുന്നു. അതിൽ എത്രമാത്രം സത്യമുണ്ടെന്ന് എനിക്ക് അറിയില്ല.
കുറേനാൾ ഞാൻ ശ്രീലങ്കയിലായിരുന്നു. അതുകൊണ്ട് മറിയത്തിെൻറ പുതിയ വിവരങ്ങളൊന്നും കൃത്യമായി അറിയില്ലായിരുന്നു. േകരള പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ മറിയം പറഞ്ഞത് മാലെയിൽ പൊലീസ് ഉദ്യോഗസ്ഥയാണെന്നായിരുന്നു. അവൾ പൊലീസിൽ ചേർന്നിരുന്നു എന്ന കാര്യം സത്യമാണ്. ഒരു ദിവസം തികയും മുൻപു തന്നെ രാജി വയ്ക്കുകയും െചയ്തിരുന്നു. അതിനു മുൻപ് അഞ്ചുവർഷം നാഷണൽ സെക്യുരിറ്റി സർവീസിലും ജോലി ചെയ്തിരുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam