കുടുംബത്തിന്റെ സന്തോഷം ഗൃഹനാഥയിലാണെന്നു മലയാളത്തിലെ താരകുടുംബത്തിന്റെ അമ്മ മല്ലിക സുകുമാരൻ പറയുന്നു.
കുടുംബത്തിലേക്കു ഭാര്യയായി വരുന്ന സ്ത്രീ പിന്നീട് ഗൃഹനാഥയും അമ്മയുമാകുന്നു. ഏതു പ്രശ്നവും അമ്മ വിചാരിച്ചാൽ ഊതിപ്പെരുപ്പിക്കാം. കുടുംബത്തിനുള്ളിൽ തന്നെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനും അമ്മയ്ക്കു കഴിയും.
തന്നെ വിവാഹം കഴിച്ച ശേഷം സുകുമാരൻ എടപ്പാളിലേക്ക് കൊണ്ടു പോകും മുമ്പ് അമ്മ ഒരു കാര്യമേ പറഞ്ഞുള്ളൂ.സുകുമാരന്റെ മാതാപിതാക്കൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയും അവരെ പരിചരിക്കുകയും ചെയ്യണം. അത് താൻ അനുസരിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ വലിയ റോൾ വഹിക്കാനാകും.പുതിയ വീട്ടിലേക്ക് പോകുന്ന പെൺകുട്ടിക്ക് മതിയായ ഉപദേശം നൽകി വേണം അയയ്ക്കുവാൻ. താൻ മൂലം ഭർത്താവിന്റെ മാതാപിതാക്കളുടെ കണ്ണു നിറയില്ലെന്ന് ഓരോ പെൺകുട്ടിയും തീരുമാനിക്കണം.
വിവാഹ ശേഷം പെൺകുട്ടികൾക്ക് അമ്മായിയമ്മയെക്കുറിച്ച് ആശങ്ക ഉണ്ടാകും.സ്വന്തം അമ്മയെപ്പോലെ അമ്മായിയമ്മ സ്നേഹിക്കുമോയെന്നതായിരിക്കും പ്രധാന ആശങ്ക.അതു തിരുത്താൻ ആ വീട്ടിലെ അമ്മ ശ്രമിക്കണം. നിന്റെ അമ്മയെപ്പോലെയാണ് ഞാനും എന്ന് അവളെ ബോധ്യപ്പെടുത്തണം. ഇന്ദ്രജിത്തും പ്രിഥ്വിരാജും തന്റെ ജീവിത പങ്കാളികളെ സ്വയം കണ്ടു പിടിച്ചതാണ്. അച്ഛനില്ലാതെ ഞാൻ വളർത്തി വലുതാക്കിയ ആൺ മക്കൾ കൊണ്ടു വരുന്ന ഭാര്യമാർ എന്നെ സ്നേഹിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. പൂർണിമയെ ഇഷ്ടമാണെന്ന് ഇന്ദ്രൻ പറഞ്ഞപ്പോൾ പഠിത്തം കഴിഞ്ഞു ജോലി നേടിയിട്ടു വിവാഹം ആകാമെന്നായിരുന്നു എന്റെ മറുപടി. ഇന്ദ്രൻ ബിടെക്ക് കഴിഞ്ഞു ജോലി ലഭിച്ച ശേഷമാണ് കല്യാണം നടത്തിയത്.പൂർണിമ മകളുടെ സ്ഥാനത്തു നിന്ന് എല്ലാ കാര്യങ്ങളും നോക്കി. ഇന്ദ്രനെക്കാൾ എന്നെയും പ്രിഥ്വിരാജിനെയും ശ്രദ്ധിച്ചു.
ആരെയും ആശ്രയിക്കാത്ത സ്വഭാവക്കാരനാണ് പ്രിഥ്വിരാജ്. അവൻ സിനിമയിലെത്തുകയും പല നടികളുമായി ബന്ധപ്പെട്ട് ഗോസിപ്പ് വരികയും ചെയ്തപ്പോഴും ഞാൻ ടെൻഷൻ അടിച്ചിട്ടില്ല. ആരെയെങ്കിലും കെട്ടാൻ തീരുമാനിച്ചാൽ അമ്മയെ അറിയിക്കും. ബാക്കിയെല്ലാം സിനിമാക്കഥയായി കരുതിയാൽ മതി എന്ന അവന്റെ വാക്ക് എനിക്കു വിശ്വാസമായിരുന്നു. ഒടുവിൽ സുപ്രിയയെ ഇഷ്ടമാണെന്ന് അവൻ അറിയിച്ചു. ഞങ്ങൾ കല്യാണം നടത്തിക്കൊടുത്തു. ആദ്യത്തെ 5–6 മാസം സുപ്രിയയ്ക്ക് എന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതു ഞാൻ മനസിലാക്കി ബുദ്ധിപൂർവം പെരുമാറി.
കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകണമെങ്കിൽ മക്കൾക്കും മരുമക്കൾക്കും അവർ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം നൽകണം. നമ്മൾ കൂടെ താമസിച്ചാൽ അവർക്ക് പലതും ത്യജിക്കേണ്ടി വരും. അതിനാൽ കൊച്ചിയിൽ ഇന്ദ്രന്റെയും പ്രിഥ്വിരാജിന്റെയും ഫ്ലാറ്റുകൾക്ക് അടുത്ത് മറ്റൊരു ഫ്ലാറ്റിലാണ് എന്റെ താമസം. ഇന്ദ്രനും പ്രിഥ്വിരാജിനും അഞ്ചു മിനിറ്റു യാത്ര ചെയ്താൽ എന്റെ ഫ്ലാറ്റിലെത്താം. മക്കൾ കൊച്ചിയിലുണ്ടെങ്കിൽ എല്ലാവരും ഒന്നിച്ചാണ് ഭക്ഷണം. അവർ സ്ഥലത്തില്ലെങ്കിൽ മരുമക്കൾ വരും. തിരുവനന്തപുരത്തു വന്നാൽ എല്ലാവരും എന്റെ വീട്ടിലാണ് താമസം. ഇന്ദ്രജിത്തിന് പ്രാർഥന,നക്ഷത്ര എന്നിങ്ങനെ രണ്ടു മക്കൾ. പ്രിഥ്വിരാജിന്റെ മകൾ അലംകൃത.കൊച്ചുമക്കൾക്ക് എന്നെ ജീവനാണ്. ഇപ്പോൾ മക്കളെക്കാൾ കൊച്ചുമക്കളെ കാണാനാണ് കൊതി.
സുകുവേട്ടന്റെ മരണത്തെ തുടർന്ന് ജീവിതം അവസാനിപ്പിക്കാൻ പോലും ആലോചിച്ചവളാണ് ഞാൻ. രണ്ടു മക്കളെയും നല്ല നിലയിലെത്തിക്കണമെന്ന സുകുവേട്ടന്റെ മോഹം സഫലീകരിക്കാനാണ് തുടർന്നും ജീവിച്ചത്. അതൊരു വാശിയായിരുന്നു. സുകുവേട്ടനെ വേദനിപ്പിച്ചവർക്കു മുന്നിൽ മക്കളെ വളർത്തണമെന്ന വാശി. ഇന്നിപ്പോൾ ഞാനും കുടുംബവും സന്തോഷത്തിലാണ്. നെഗറ്റീവ് ചിന്തകളുമായി നടന്നാൽ ദുഃഖങ്ങൾ മാത്രമേ ഉണ്ടാവൂ. കഴിഞ്ഞ കാലം തിരിച്ചു പിടിക്കാൻ ആർക്കും സാധിക്കില്ല. വരും ദിനങ്ങളിൽ ആനന്ദം നിറയ്ക്കുകയാണ് വേണ്ടത്.ഉള്ളതു കൊണ്ടു തൃപ്തിയായി ജീവിക്കണം. അത്യാഗ്രഹം പാടില്ല.സ്വന്തം ജീവിതത്തെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തരുത്. ദൈവം തന്നതു കൊണ്ടു തൃപ്തിപ്പെടുക. സുഹൃത്തുക്കളോട് സ്നേഹത്തോടെ പെരുമാറുക. ബന്ധങ്ങൾ നിലനിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. സത്യസന്ധമായി പെരുമാറണം.ഈശ്വരനിൽ ആശ്രയിക്കണം.–മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി.
അമ്മയുടെ പോസിറ്റിവ് ചിന്തകളെക്കുറിച്ചു മരുമക്കൾക്കു പറയാൻ നൂറു നാവാണ്. പൂർണിമ ഇന്ദ്രജിത്തിനും സുപ്രിയ പ്രിഥ്വിരാജിനും എല്ലാ അർഥത്തിലും പ്രചോദനമാണ് അവരുടെ അമ്മയായ മല്ലിക സുകുമാരൻ..
പൂർണിമ ഇന്ദ്രജിത്ത്
ഞാൻ സന്തോഷവതിയാണെന്നു സ്വയം തിരിച്ചറിഞ്ഞാൽ മാത്രമേ ആ സന്തോഷം മറ്റുള്ളവരിലേക്കു പകരാൻ സാധിക്കൂ. നമ്മെക്കുറിച്ചു നാം മനസിൽ എന്തു കരുതുന്നുവോ അതാണ് നമ്മൾ. ഇന്ദ്രജിത്ത് വളരെ പോസിറ്റിവ് ചിന്തയുള്ളയാളാണ്. ആ ചിന്ത അമ്മയിൽ നിന്നു കിട്ടിയതാണ്. അതേ പോസിറ്റിവ് ചിന്തയാണ് എനിക്കും ലഭിച്ചിരിക്കുന്നത്. മറ്റുള്ളവർക്ക് എന്താണ് സന്തോഷം പകരുകയെന്നു മനസിലാക്കി പ്രവർത്തിക്കാൻ നമുക്കു സാധിക്കണം.
സുപ്രിയ പ്രിഥ്വിരാജ്
ജീവിതത്തിൽ എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കണമെന്നു നിർബന്ധമുള്ളയാളാണ് അമ്മ (മല്ലിക സുകുമാരൻ) നടിയെന്ന നിലയിൽ 35 വർഷമായപ്പോഴാണ് ഖത്തറിൽ റസ്റ്ററന്റ് ശൃംഖല തുടങ്ങിയത്. എല്ലാവരും വിശ്രമത്തെക്കുറിച്ച് ആലോചിക്കുമ്പോൾ സജീവമാകുന്ന അമ്മയുടെ പോസിറ്റിവ് നിലപാട് ഞങ്ങൾക്കെല്ലാം മാതൃകയാണ്.
Read more : Lifestyle Magazine