ഓൺലൈന്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ചുള്ള നിരവധി കഥകൾ കേട്ടിട്ടുണ്ടെങ്കിലും പലരും അതത്ര ഗൗരവമാക്കി എടുക്കാറില്ല. എന്നാൽ നമ്മൾ സങ്കൽപിക്കുന്നതിലുമൊക്കെ എത്രയോ ഭീതിജനകമായ കാര്യങ്ങളാണ് പലയിടങ്ങളിലും നടക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്ന നമ്യ ബെയ്ഡ് എന്ന ചെന്നൈ സ്വദേശിനിയുടെ അനുഭവം ഓരോ പെൺകുട്ടികൾക്കുമുള്ള മുന്നറിയിപ്പാണ്. ബ്ലോഗർ കൂടിയായ നമ്യ ബുദ്ധിപരമായി നീങ്ങിയതുെകാണ്ടു മാത്രമാണ് ചതിക്കുഴിയിൽ അകപ്പെടാതിരുന്നത്.
ജോലിയുടെ അഭിമുഖത്തിനായി വിളിക്കുന്നുവെന്ന് പരിചയപ്പെടുത്തിയാണ് നമ്യയോട് അയാൾ സംസാരിച്ചു തുടങ്ങിയത്. പക്ഷേ സംസാരരീതി അത്ര മാന്യമല്ലെന്നു േതാന്നിയതോടെ കോൾ റെക്കോർഡ് ചെയ്യുകയാണ് നമ്യ ആദ്യം ചെയ്തത്. ശേഷം ശരീരം പ്രദർശിപ്പിക്കാൻ പറഞ്ഞപ്പോൾ ബുദ്ധിപരമായി നീങ്ങിയതും നമ്യയെ രക്ഷിച്ചു. ഇതെക്കുറിച്ചൊന്നും കാര്യമായി ചിന്തിക്കാതെ ജോലി മാത്രം മനസ്സിൽ കണ്ട് മുൻപിൻ നോക്കാതെ പ്രവർത്തിക്കുന്നൊരു പാഠമാണ് നമ്യയുടെ അനുഭവം. പെൺകുട്ടികളെ സംരക്ഷിക്കേണ്ടത് അവനവൻ തന്നെയാണെന്നു വ്യക്തമാക്കുകയാണ് നമ്യയുടെ അനുഭവം. നമ്യയുടെ ഫേസ്ബുക് പോസ്റ്റിലേക്ക്...
എല്ലാ പെൺകുട്ടികളുടെയും ശ്രദ്ധയ്ക്ക്,
ഇത് അൽപം ഗൗരവതരമായ കാര്യമാണ്. ആരും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നു പോകരുതെന്നുണ്ട്. അടുത്തിടെ ഞാൻ ജോലിക്കു േവണ്ടി ശ്രമിക്കുന്നതിനിടെ എന്റെയൊരു സുഹൃത്ത് അവന്റെ പരിചയത്തിലുള്ളവർക്കും എന്റെ കോണ്ടാക്റ്റ് ഡീറ്റെയിൽസ് നൽകിയിരുന്നു. അങ്ങനെയിരിക്കെ എയർ ഫ്രാൻസിൽ നിന്നാണെന്ന് അഭിസംബോധന ചെയ്ത് ഒരാൾ എന്നെ വിളിച്ചു, പക്ഷേ അത്ര പന്തിയല്ലാതെ തോന്നിയപ്പോൾ തൊട്ട് ഞാൻ കോൾ റെക്കോർഡ് ചെയ്യാനും തുടങ്ങി.
എയർഫ്രാൻസിൽ നിന്നാണെന്ന് അവകാശപ്പെട്ട അയാൾ എന്റെ ഉയരം, തൂക്കം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ചില കാര്യങ്ങളും ചോദിച്ചു. പക്ഷേ പിന്നീടയാൾ എന്റെ നെഞ്ചിന്റെയും അരക്കെട്ടിന്റെയും അളവും ചോദിച്ചു. ഇത് അഭിമുഖത്തിന്റെ ആദ്യഘട്ടമാണെന്നും രണ്ടാംഘട്ടത്തിനായി മറ്റൊരാൾ വിളിക്കുമെന്നും അയാൾ പറഞ്ഞു. 5.20 മുതൽ 5.55 വരെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെ അയാൾ വിശദീകരിച്ചു.
ആറുമണിയായപ്പോൾ അയാൾ തന്നെ രണ്ടാംഘട്ട അഭിമുഖത്തിനായി വിളിച്ചു. ശേഷം ഒരു വാട്സാപ് വിഡിയോ കോൾ കൂടി വേണമെന്നു പറഞ്ഞു. മുറിയിൽ ഞാൻ തനിച്ചായിരിക്കണമെന്നും എന്നെ മറ്റാരും സഹായിക്കാതിരിക്കാനാണ് അങ്ങനെ പറയുന്നതെന്നും പറഞ്ഞു. ശേഷം എന്റെ ഷർട്ടിന്റെയും പാന്റ്സിന്റെയും നിറവും അയാൾ ചോദിച്ചു.
പിന്നീട് +919495771521 എന്ന നമ്പറിൽ നിന്നും ഡോക്ടർ മനീഷ് റാവു എന്നു പരിചയപ്പെടുത്തി അയാൾ തന്നെ വീണ്ടും വിഡിയോ കോൾ ചെയ്തു. എന്റെ ഉയരവും വണ്ണവും കാണണമെന്നും പറഞ്ഞു. എനിക്ക് അതത്ര സുഖകരമായി തോന്നാത്തതിനാൽ അപ്പോൾ തന്നെ നിഷേധിച്ചു. പിന്നീട് ടീഷർട്ട് ധരിക്കാനും അടിവസ്ത്രങ്ങൾ ഊരി ഷർട്ട് മാത്രം ധരിച്ചു നിൽക്കാനും ആവശ്യപ്പെട്ടു. അപ്പോൾ തന്നെ ഞാൻ കോൾ കട്ട് ചെയ്തു.
വീണ്ടും മുമ്പത്തെ നമ്പറിൽ നിന്നും കോൾ വരികയും വേറൊരാളാണെന്നു പരിചയപ്പെടുത്തി നേരത്തെ സംസാരിച്ച ഡോക്ടർ ഞാൻ യോഗ്യയല്ലെന്ന് അറിയിച്ചെന്നും പറഞ്ഞു. ഇവയെല്ലാം നടക്കുമ്പോൾ എന്റെ സുഹൃത്തും കൂടെയുണ്ടായിരുന്നു, ഞങ്ങൾക്കു രണ്ടുപേർക്കും എളുപ്പത്തിൽ തന്നെ അത് ആദ്യം വിളിച്ചയാൾ തന്നെയാണെന്നു മനസ്സിലായി. അതെക്കുറിച്ചു ചോദിച്ചപ്പോൾ തന്നെ അയാൾ വിഷയം മാറ്റുകയും ഫോൺ കട്ട് ചെയ്യുകയും ചെയ്തു.
അയാള്‍ വിഡിയോ കോളെല്ലാം റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും കിട്ടിയിടത്തോളം ധാരാളമാണെന്നും പറഞ്ഞു. അയാൾ പറഞ്ഞതൊന്നും ഞാൻ ചെയ്തിട്ടില്ലാത്തതുകൊണ്ട് അയാൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് എനിക്കറിയാം. പെൺകുട്ടികളേ, ഇതൊരു പാഠമാണ്, ദയവു ചെയ്ത് നിങ്ങൾ സുരക്ഷിതരായിരിക്കണം.''
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam