വിളിച്ചോളൂ, സിബിൻ ഓടിയെത്തും; അഗതികളുടെ ദൈവമാണ് ഈ 22 വയസുകാരൻ!

അതെ ഇവനാണ് ഭൂമിയിലെ ദൈവം !

ഓരോ വ്യക്തികളുടെയും ജീവിതത്തിന് പിന്നിൽ ഓരോ നിയോഗങ്ങൾ ഉണ്ടാകും. മുൻധാരണകൾ ഒന്നും കൂടാതെ തന്നെ അത്തരം നിയോഗങ്ങൾ സാധ്യമാകുമ്പോൾ, നമുക്ക് ആ പ്രവർത്തികളിൽ ദൈവത്തിന്റെ കയ്യൊപ്പ് കാണുവാൻ സാധിക്കും. ആലപ്പുഴ സ്വദേശിയായ സിബിൻ എന്ന 22  കാരന്റെ ജീവിതം കൂടുതൽ അടുത്തറിഞ്ഞാൽ ആരും ഇക്കാര്യം ശരിവയ്ക്കുക തന്നെ ചെയ്യും. കോട്ടയം മെഡിക്കൽ കോളേജ് ആസ്ഥാനമായി  ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സിബിൻ ദിനം പ്രതി അന്നം നൽകുന്നത് അഗതികളായ 800 ൽപ്പരം ആളുകൾക്കാണ്. 

പറയത്തക്ക പണമോ പ്രതാപമോ ഒന്നും കയ്യിൽ ഇല്ല. എടുത്തുപറയത്തക്ക വരുമാനം ലഭിക്കുന്ന ജോലിയും ഇല്ല. ആകെയുള്ളത് ഡിഗ്രി വിദ്യാഭ്യാസത്തിന്റെ പിൻബലം മാത്രം. എന്നാലും സിബിൻ മരുന്നിന് വഴിയില്ലാതെ മെഡിക്കൽ കോളേജിന് മുന്നിൽ ജീവിതം തകർന്നു നിൽക്കുന്നവരെ സഹായിക്കുന്നതിനും അഗതികളായവർക്ക് ഒരു നേരത്തെ ആഹാരം എത്തിക്കുന്നതിനുമായും നെട്ടോട്ടം ഓടുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനത്തിൽ മുഴുകിയ സിബിനെ നമുക്ക് കോട്ടയം മെഡിക്കൽ കോളേജിന്റെ പരിസരത്ത് കാണാൻ കഴിയും. 

സിബിന്റെ കഥയിങ്ങനെ....

കഴിഞ്ഞ ഏതാനും വർഷങ്ങളായി, കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്ന സാമ്പത്തികമായി പിന്നാക്കമുള്ള ജനങ്ങളെ സംബന്ധിച്ച് ദൈവമാണ് സിബിൻ എന്ന ഈ യുവാവ്. സിബിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ കഥ തുടങ്ങുന്നത് 2009 ലാണ്. അന്ന് സിബിന് 13  വയസ്സ് പ്രായം. തന്റെ ഒരു അകന്ന ബന്ധുവായ രോഗിയെ കാണുന്നതിനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു സിബിൻ. അന്ന് ആദ്യമായാണ് കാൻസർ ബാധിച്ച രോഗികൾ അനുഭവിക്കുന്ന വിഷമം സിബിൻ നേരിൽ കാണുന്നത്. 

മൂക്കിലൂടെ ട്യൂബ് ഇട്ട്, ഒന്നും കഴിക്കാൻ പോലും കഴിയാതെ കരയുന്ന നിരവധി ആളുകളെ അവൻ അവിടെ കണ്ടു. മാത്രമല്ല, രോഗികളായ പലർക്കും ഒന്ന് കിടക്കുവാനുള്ള സ്ഥലമോ കഴിക്കാനുള്ള ഭക്ഷണമോ അവിടെ ഉണ്ടായിരുന്നില്ല. ഈ കാഴ്ച ആ കൗമാരക്കാരനെ വല്ലാതെ വിഷമിപ്പിച്ചു. തന്നാൽ കഴിയുന്ന വിധം ഒരു നേരത്തെ ആഹാരമെങ്കിലും ഇവർക്ക് നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് സിബിൻ ആത്മാർത്ഥമായി തന്നെ ആശിച്ചു. 

അതിനു ശേഷം വീട്ടിലേക്ക് മടങ്ങിയ സിബിൻ, തന്നാൽ കഴിയുന്ന വിധം ഭകഷണവും മറ്റും നൽകി അഗതികളെ സഹായിച്ചുപോന്നു. എന്നാൽ ചെറിയ രീതിയിലുള്ള ആ വിശപ്പടക്കൽ കൊണ്ടൊന്നും സിബിൻ തൃപ്തനായില്ല. 17–ാം വയസ്സിൽ പ്ലസ് ടു പഠനശേഷം, സിബിൻ വീട് വിട്ടിറങ്ങി. കോട്ടയം മെഡിക്കൽ കോളേജ് തന്നെയായിരുന്നു ലക്ഷ്യം. അവിടെ ചെന്ന് അഗതികളായ ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങി നൽകുന്നതിനായി പല തൊഴിലുകൾ ചെയ്തു. തട്ട് കടയിൽ ജോലി ചെയ്ത് നേടുന്ന വരുമാനം കൊണ്ട് തന്റെ വിശപ്പടക്കാതെ രോഗികൾക്കായി ഭക്ഷണം വാങ്ങി നൽകി ഈ ചെറുപ്പക്കാരൻ. 

അതിനിടയിൽ പ്രൈവറ്റ് ആയി ഡിഗ്രി പഠനത്തിന് ചേർന്നു. കിടക്കാൻ ഒരിടമില്ലാതെ കടകളുടെയും മറ്റും ചായ്പ്പിൽ അന്തിയുറങ്ങിയപ്പോൾ പഠിക്കാനുള്ള പുസ്തകങ്ങൾ നഷ്ടമായി. അങ്ങനെ, പഴയ പുസ്തകങ്ങൾ സംഘടിപ്പിച്ച് കിടക്കാൻ സ്ഥിരമായി സുരക്ഷിതമായ ഒരിടം തേടി ഇറങ്ങിയ സിബിന്റെ മുന്നിൽ ലിസമ്മ എന്ന വീട്ടമ്മ രക്ഷകയായി എത്തി. തന്റെ മൂന്നു പെൺമക്കൾക്ക് ഒരു ആങ്ങള എന്ന പോലെ അവർ സിബിനെ കണ്ടു. താമസിക്കാൻ ഒരിടം നൽകി. ആ വീട്ടിന്റെ അടുത്തായി താമസിക്കാൻ ലഭിച്ച ഒറ്റമുറി നിന്നും കൊണ്ടാണ് സിബിൻ തന്റെ ജീവകാരുണ്യപ്രവർത്തങ്ങൾ കൂടുതൽ സജീവമാക്കുന്നത്.

അടുത്തുള്ള കടകളിൽ നിന്നും മറ്റു നന്മ നിറഞ്ഞ മനുഷ്യരിൽ നിന്നും പണം പിരിച്ചും തന്നാൽ കഴിയുന്ന പോലെ ജോലികൾ ചെയ്തുമാണ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ആദ്യ മൂന്നു വർഷങ്ങളിൽ സിബിൻ രോഗികൾക്ക് അന്നം ഒരുക്കിയത്. അതിനു ശേഷം, സിബിൻ ചെയ്യുന്ന പ്രവർത്തിയിലെ സത്യം മനസിലാക്കിയ ഒരു സുഹൃത്ത്, അഭയം ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ ഒരു ചാരിറ്റി ട്രസ്റ്റ് രജിസ്റ്റർ ചെയ്തു നൽകി. ഇപ്പോൾ രണ്ടു വർഷം തികയുന്ന അഭയം ചാരിറ്റിക്ക് കീഴിലാണ് സിബിന്റെ പ്രവർത്തങ്ങൾ. 

കാൻസർ വാർഡിലെ കൈത്താങ്ങ് 

മെഡിക്കൽ കോളേജിൽ എത്തുന്ന എല്ലാ രോഗികൾക്കും ഏതു സമയത്തും എന്ത് ആവശ്യത്തിനും സിബിനെ വിളിക്കാം. ഡോക്ടർമാർക്കും രോഗികൾക്കും എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ് സിബിൻ. കാൻസർ വാർഡ് കേന്ദ്രീകരിച്ചാണ്  പ്രവർത്തങ്ങൾ അധികവും. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി തുടങ്ങിയ ദിവസങ്ങളിലായാണ് രോഗികൾക്ക് ഭക്ഷണം എത്തിക്കുന്നത്. 800 ഓളം രോഗികൾക്കാണ് ഈ ദിവസങ്ങളിൽ സിബിൻ ഭക്ഷണം ഒരുക്കി നൽകുന്നത്. ഇതിനായി പ്രതിദിനം 8000 രൂപ ചെലവ് വരും. ഭക്ഷണം ഉണ്ടാക്കുന്നത് സിബിനും ലിസമ്മ ആന്റിയും മറ്റു രണ്ടു സ്ത്രീകളും ചേർന്നാണ്. സഹായത്തിനായി എത്തുന്ന രണ്ടു സ്ത്രീകൾക്ക് 250 രൂപ വീതം ദിവസം വേതനം നൽകം. 

ഇതുകൂടാതെ, റേഡിയേഷനായി എത്തുന്നവർക്ക് തനിക്ക് താമസിക്കുന്നതിനായി ലിസമ്മ ആന്റി നൽകിയ മുറി ഡോർമെറ്ററി രൂപത്തിൽ ആക്കി നൽകുകയും ചെയ്യുന്നുണ്ട് സിബിൻ. ഒരേ സമയം നാല് പേർക്ക് മാത്രമാണ് ഇവിടെ കിടക്കാനാകുക. ''ചാരിറ്റി ട്രസ്റ്റ് രൂപീകരിച്ചതിനു ശേഷം ആളുകൾ സഹായിക്കുന്നുണ്ട്. അടുത്തുള്ള കടകളിൽ നിന്നും പച്ചക്കറികളും പലവ്യജ്ഞനങ്ങളും സൗജന്യമായി നൽകാറുമുണ്ട്. അത് ഏറെ സഹായകമാണ്. എന്നാലും പ്രവർത്തങ്ങൾ ഇനിയും മെച്ചപ്പെടുത്തണം. ആരും വിശന്നിരിക്കുന്നത് എനിക്ക് സഹിക്കില്ല. രോഗികൾക്ക് വന്നു താമസിക്കായി ഒരിടം കണ്ടെത്തണം. ഇനിയുള്ള ശ്രമങ്ങൾ അതിനാണ്'' സിബിൻ പറയുന്നു 

തന്റെ മകൻ ചെയ്യുന്ന നന്മയുടെ  ആഴവും വ്യാപ്ത്തിയും മനസിലാക്കാതെ പഠനം ഉപേക്ഷിച്ച മകനെ ഓർത്ത് സിബിന്റെ അച്ഛനമ്മമാർക്ക് വല്ലാത്ത വിഷമമായിരുന്നു. എന്നാൽ സാവധാനം ആ വിഷമം മകനെ ഓർത്തുള്ള അഭിമാനമായി മാറി.  

ചെരിപ്പിടാത്ത സിബിൻ 

ഓടിനടന്നു കാര്യങ്ങൾ എല്ലാം ചെയ്യുകയും രോഗികൾക്കൊപ്പം നിൽക്കുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരൻ ചെരുപ്പിടാറില്ല. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ "ഇപ്പോൾ  കുറച്ചു രോഗികൾക്ക് മാത്രമേ താമസിപ്പിക്കാനും പരിചരിക്കാനും എനിക്ക് ആകുന്നുള്ളൂ, രോഗികളെ പാർപ്പിക്കാൻ ഒരു സ്ഥലവും വീടും ഇല്ലാതെ എനിക്ക് എന്തിന് ചെരുപ്പ് " എന്ന് സിബിൻ  തിരികെ ചോദിക്കും. 

ചെരുപ്പിടാതെ നടക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനകൾ ഒരു പ്രാർഥനയും ത്യാഗവും ഒക്കെയായി ദൈവത്തിനു സമർപ്പിച്ച് അഗതികൾക്ക് താമസിക്കാനുള്ള ഒരു കെട്ടിടം എന്ന തന്റെ സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി പരിശ്രമിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ബ്രാൻഡഡ് വസ്ത്രങ്ങൾക്കും പാർട്ടികൾക്കും ആഘോഷങ്ങൾക്കും പിന്നാലെ പരക്കം പായുന്ന, അത് മാത്രമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന, ഇന്നത്തെ  ന്യൂജെൻ ചെറുപ്പക്കാർ അറിഞ്ഞിരിക്കണം ഇങ്ങനെയും ചിലർ ഉണ്ടെന്ന്. മാതൃകയായി, സ്നേഹമായി, കരുണയായി മാറിയ ചിലർ. അതെ ഇവനാണ് ഭൂമിയിലെ ദൈവം ! 

സിബിൻ : 8547929373 

Account no 35494032836 

Account name ABHAYAM CHARITABLE TRUST 

IFSC CODE -SBIN0004395

Branch-Mannanam

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam