സഹായം ആവശ്യമുള്ളവരിലേക്ക് അതെത്തിക്കുക എന്നത് മഹത്തായ കർമമാണ്. പല സെലിബ്രിറ്റികളും ചാരിറ്റിയുടെ വഴിയിലേക്ക് നീങ്ങാറുണ്ടെങ്കിലും സാഹചര്യങ്ങൾ ഉണ്ടായിട്ടും അന്യരുടെ ദുരവസ്ഥയിൽ തെല്ലും മനസു വിഷമിക്കാത്ത ഒട്ടേറെപേരുമുണ്ട്. അതിൽ നിന്നു വ്യത്യസ്തരാവുകയാണ് ഇപ്പോൾ പല ബോളിവുഡ് താരങ്ങളും. അടുത്തിടെയാണ് കർഷകരുടെ അവസ്ഥയിൽ മനംനൊന്ത് വിദർഭയിലെ ഓരോ കുടുംബത്തിനും 15,000 രൂപ വീതം നൽകുന്നുവെന്ന പ്രഖ്യാപനവുമായി പ്രശസ്ത ബോളിവുഡ് താരം നാനാ പടേക്കർ എത്തിയത്. ഇപ്പോഴിതാ അതിനു പിന്നാലെ മറ്റൊരു ബോളിവുഡ് താരം കൂടി കർഷകർക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല ആക്ഷൻ സൂപ്പർസ്റ്റാർ അക്ഷയ് കുമാർ ആണത്. മഹാരാഷ്ട്രയിൽ വരൾച്ചമൂലം കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന കർഷകർക്കാണ് അക്ഷയ് 90 ലക്ഷം രൂപ ധനസഹായം നൽകിയത്. ഇതുകൊണ്ട് ഏതാണ്ട് 180 കുടുംബങ്ങൾക്ക് ആശ്വാസമായേക്കും.
അതേസമയം താൻ സഹായം നൽകുന്ന കാര്യത്തെ പരസ്യമാക്കാൻ താരം വിമുഖത പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ കൂടുതൽ സംസാരിക്കാനില്ലെന്നും ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയുന്നത് തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും വിഷയത്തിൽ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും കർഷകരുടെ ദുരിതാവസ്ഥ നേരിട്ടറിഞ്ഞ സാഹചര്യത്തിലാണ് അക്ഷയ് സഹായഹസ്തവുമായി മുന്നോട്ടു വന്നതെന്നാണ് അറിയുന്നത്. പക്ഷേ താൻ സഹായം ചെയ്യുന്ന കാര്യം ഒരിക്കലും പരസ്യമാകരുതെന്നും അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.
മഹാരാഷ്ടട്രയിൽ അടുത്തിടെയുണ്ടായ വരൾച്ചയിൽ ഏതാണ്ട് 90 ലക്ഷം കർഷകരുടെ കൃഷിയാണ് നാശമായത്. ഇക്കുറി കാലവർഷം അപര്യാപ്തമായതാണ് മഹാരാഷ്ട്രയിൽ കൊടിയ വരൾച്ചയ്ക്കു കാരണമായത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.