Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദിതി സംരംഭകയായി; ബുദ്ധി വൈകല്യമുള്ള കുട്ടി എന്ന് പറഞ്ഞു മാറ്റി നിർത്തിയവർക്കുള്ള മറുപടി!

Aditi Varma അദിതി വർമ്മ

ബുദ്ധിവൈകല്യമുള്ള കുട്ടികൾ കുടുംബത്തിലെ ബാക്കി അംഗങ്ങൾക്ക് ഒരു ബാധ്യതയാകും എന്നാണ് പൊതുവെയുള്ള ധാരണ. അതിനാൽ തന്നെ, ഇത്തരത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ  എങ്ങനെ വളർത്തും എന്ന കാര്യത്തിലാണ് മാതാപിതാക്കൾക്ക് ദുഖവും ആധിയുമൊക്കെ. എന്നാൽ , ബുദ്ധി വൈകല്യത്തെ ഇച്ഛാശക്തികൊണ്ടു പരാജയപ്പെടുത്തിയിരിക്കുകയാണ് മുംബൈ സ്വദേശിനിയായ അദിതി വർമ്മ എന്ന യുവതി. ഡൗൺ സിൻഡ്രോം ബാധിതയായ അദിതി മുംബൈ നഗരത്തിൽ സ്വന്തമായി അദിതിസ് കോർണർ എന്ന പേരിൽ കഫെ ബിസിനസ്  നടത്തി വരുമാനം നേടുന്നു എന്ന് പറയുമ്പോൾ, അത് സമാനസ്ഥിതിയിലുള്ള എല്ലാവർക്കും ഒരു പ്രചോദനമാണ് . 

23  വയസ്സാണ് മുംബൈ സ്വദേശിനിയായ അദിതിയുടെ പ്രായം. 23  വർഷങ്ങൾക്ക് മുൻപ്, ഒരു കുഞ്ഞു ജനിക്കുകയും വളർച്ചയുടെ ഘട്ടത്തിൽ അവൾ ബുദ്ധി വൈകല്യം ഉള്ള കുട്ടിയാണ് എന്ന് തിരിച്ചറിയുകയും ചെയ്തതോടെ മാതാപിതാക്കളുടെ മനസ്സ് ആകെ തകർന്നു. എന്നാലും തങ്ങളുടെ കുഞ്ഞ് ആർക്കും ഒരു ബാധ്യതയാകരുത് എന്നു കരുതി അവർ തങ്ങളാൽ കഴിയും വിധം അവളെ പഠിപ്പിച്ചു. ചെറിയ ജോലികൾ ശീലിപ്പിച്ചു. എന്നാൽ സ്വന്തം കാലിൽ നിന്ന് വരുമാനം നേടാൻ അവൾ പ്രാപ്തയാകും എന്ന് ഈ മാതാപിതാക്കൾ കരുതിയില്ല. 

വിധിയെ തോൽപ്പിച്ച അദിതിയുടെ കഥയിങ്ങനെ....

അച്ഛന്റെ പുന്നാര മോൾ ആയിരുന്നു അദിതി. അതുകൊണ്ടു തന്നെ അച്ഛന്റെ ജോലി സ്ഥലത്തേക്ക് സമയം കിട്ടുമ്പോൾ ഒക്കെ അദിതി പോകുമായിരുന്നു. ഒരിക്കൽ, മുംബൈ നഗരത്തിൽ നവി മുംബൈക്ക് അടുത്തായി അച്ഛൻ നടത്തുന്ന ഒരു സ്ഥാപനത്തിൽ തൊഴിലാളികൾക്കായി ചായ ഉണ്ടാക്കുന്നത് കണ്ടപ്പോൾ അദിതിക്കും പാചകത്തിൽ താൽപര്യം തോന്നി. ഓഫീസിൽ നിന്നും അച്ഛനൊപ്പം തിരികെ വീട്ടിൽ എത്തിയ അദിതി നേരെ അടുക്കളയിലേക്കാണ് പോയത്. 

പിന്നെ അവിടെ നിന്നും പാചക പരീക്ഷണങ്ങൾ തുടങ്ങി. ഒടുവിൽ ചായയും സാൻഡ്‌വിച്ചും എല്ലാം സ്വയം ഉണ്ടാക്കി ആത്മവിശ്വാസം വന്നപ്പോൾ മറ്റുള്ളവർക്കായി ഉണ്ടാക്കാൻ തുടങ്ങി. മകളുടെ ആത്മവിശ്വാസം കണ്ടപ്പോൾ, അച്ഛനാണ് ഒരു ബിസിനസ് മോഡൽ നിർദ്ദേശിച്ചത്. അദ്ദേഹം നവി മുംബൈയിൽ ഒരു മാളിൽ സ്ഥലമെടുത്ത് അദിതിസ് കോർണർ എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങി. 

മാഗി, ചായ, സാൻഡ്‌വിച് , പനീർ, ബ്രെഡ്, എഗ്ഗ് കറി തുടങ്ങി വളരെ കുറച്ചു സാധങ്ങളും ശീതള പാനീയങ്ങളും മാത്രമേ കടയിൽ വിൽപനയ്ക്ക് ഉള്ളൂ. എന്നാൽ കൃത്യമായി ആളുകൾ ഇതു വാങ്ങുന്നതിനായി ഇവിടെ എത്തുന്നു. കഴിഞ്ഞ രണ്ടു വർഷമായി അദിതി ഇവിടെ കച്ചവടം നടത്തുന്നു. പാചകത്തിനും സഹായത്തിനുമായി അദിതിക്ക് ഇവിടെ രണ്ടു ജോലിക്കാർ ഉണ്ട്. 

സ്വന്തം സ്ഥാപനം തുടങ്ങിയ ശേഷം അദിതിയിലും പല നല്ല മാറ്റങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അദിതി പണ്ടത്തേക്കാൾ നന്നായി സംസാരിക്കും. കടയിൽ വന്നിരിക്കുന്ന ആളുകളോട് നന്നായി ഇടപെഴകും. അവരുടെ ആവശ്യങ്ങൾ ചോദിച്ചു മനസിലാക്കും. പണമിടപാടുകൾ കൈകാര്യം  ചെയ്യുന്നത് അദിതി തന്നെയാണ്.

വളരെ കുറച്ചു വിഭവങ്ങൾമാത്രമേ ഉള്ളുവെങ്കിലും അദിതിസ് കോർണറിൽ നിന്നും ഭക്ഷണം കഴിക്കുന്നത് തങ്ങളുടെ സന്തോഷമാണ് എന്ന് ഇവിടെ എത്തുന്നവരും ശരിവെക്കുന്നു. ഡൗൺ സിൻഡ്രോം ബാധിച്ച താൻ ആർക്കും ഒരു ഭാരമല്ല , മറിച്ച് അഭിമാനമാണ് എന്ന് അദിതി തന്റെ ജീവിതം കൊണ്ടു തെളിയിച്ചു കഴിഞ്ഞു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam