പ്രണയിതാക്കള്‍ക്കു മാത്രമായുള്ള ആ ദിനം ഇങ്ങു വന്നെത്തുകയായി. പ്രിയപ്പെട്ടവർക്കായി റോസാപ്പൂക്കളും ചോക്ലേറ്റുകളും മറ്റു സമ്മാനങ്ങളും കൊണ്ടു കാത്തിരിക്കുന്ന ദിവസം. ചുറ്റുമുള്ളളരെല്ലാം വാലന്റൈൻസ് ദിനത്തെ ആഘോഷമാക്കുമ്പോൾ പ്രണയമൊന്നുമില്ലാതെ സിംഗിളായിരിക്കുന്നവർക്ക് ആ ദിവസം എങ്ങനെയായിരിക്കും? സാധാരണത്തേതിൽ കവിഞ്ഞു മറ്റൊരു പ്രത്യേകതയും ഉണ്ടാകില്ലെന്നു മാത്രമല്ല ആ ദിവസം പുറത്തിറങ്ങാൻ പോലും അവരിൽ പലർക്കും ഇഷ്ടമല്ല. ചുറ്റും പ്രണയം ആഘോഷിക്കപ്പെടുമ്പോൾ ഇതൊന്നുമില്ലാതെ തനിച്ചാകുന്നവർ മറ്റെന്തു ചെയ്യാനാണല്ലേ.. ഇത്തരത്തിൽ വാലന്റൈന്‍സ് ദിനത്തിൽ പുറത്തിറങ്ങാൻ ഇഷ്ടപ്പെടാതിരുന്ന ഒരു യുവതിയുടെ കഥയാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
വാലന്റൈൻസ് ദിനത്തിൽ സ്കൂളിൽ പോകാൻ ഇഷ്ടമില്ലാതിരുന്ന കുട്ടിയാണ് താനെന്നു പറഞ്ഞുകൊണ്ട് മിസ് സാൻഡേഴ്സ് എന്ന ട്വിറ്റർ യൂസറാണ് അനുഭവം പങ്കുവച്ചിരിക്കുന്നത്. എല്ലാവരും സമ്മാനങ്ങളുമായി സന്തോഷത്തോടെയിരിക്കുമ്പോൾ ഇതൊന്നുമില്ലാതെ ഒറ്റപ്പെടല്‍ അനുഭവിക്കാതിരിക്കാനായിരുന്നു അവൾ സ്കൂളിൽ പോകാന്‍ മടിപിടിച്ചിരുന്നത്. അതിനുള്ള കാരണവും അവൾ അച്ഛനോടു വെളിപ്പെടുത്തി. എന്നാൽ തന്നെപ്പോലും ഞെട്ടിച്ചുകൊണ്ടൊരു വൻ സർപ്രൈസ് അച്ഛൻ ഒരുക്കിയിട്ടുണ്ടെന്ന കാര്യം അവൾ അറിഞ്ഞതേയില്ല. യുവതിയുടെ വാക്കുകളിലേക്ക്...
''പത്താംക്ലാസ്സിൽ പഠിക്കവേ വാലന്റൈൻസ് ദിനത്തിൽ ക്ലാസിൽ പോകാതിരിക്കാൻ അനുവദിക്കണമെന്നു പറഞ്ഞ് ആഴ്ചകൾക്കു മുമ്പേ അച്ഛനോടു കെഞ്ചിത്തുടങ്ങുമായിരുന്നു. എല്ലാവർക്കും സമ്മാനങ്ങൾ ലഭിക്കുന്നതും എനിക്കിതൊന്നും ഇല്ലാതിരിക്കുന്നതും കാണാൻ കഴിയാത്തതിനാലായിരുന്നു. പക്ഷേ അച്ഛന്‍ എന്നെ സ്കൂളിൽ പോകാന്‍ നിർബന്ധിച്ചു. മൂന്നാമത്തെ പീരിയഡ് വരെ വളരെ വിഷമത്തോടെയാണ് ഞാനിരുന്നത്. അപ്പോഴാണ് ക്ലാസ്സിലെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടത്.
കയ്യിൽ വലിയൊരു ടെഡി െബയറും പൂച്ചെണ്ടുകളുമായി വലിയൊരു പെട്ടി ചോക്ലേറ്റുകളുമായി ഒരു ഡെലിവറി ബോയ് നിൽക്കുന്നു. എനിക്ക് അപ്പോഴേ അസൂയ ആരംഭിച്ചു, എന്റെ മുന്നിൽവച്ചു തന്നെ ഇതാരാണാവോ സ്വന്തമാക്കാൻ പോകുന്നതെന്ന ചിന്തയിൽ നിന്നു. അത്ഭുതത്തോടെ എന്റെ അധ്യാപിക ഡെലിവറി ബോയിയോടു ചോദിച്ചു കൊള്ളാമല്ലോ ഇവയെല്ലാം ആർക്കുള്ളതാണെന്ന്, ക്ലാസ്സിൽ എല്ലാവരും ആകാംക്ഷയോടെ നോക്കി നിൽക്കുകയായിരുന്നു.
അപ്പോൾ ഡെലിവറി ബോയ് പറഞ്ഞു, ഈ സമ്മാനങ്ങൾ ''മിസ് സൺഷൈൻ''നു നൽകാൻ ഏൽപ്പിച്ചതാണെന്ന്. അപ്പോൾതന്നെ എനിക്കു മനസ്സിലായി, അവയെല്ലാം എനിക്കുള്ളതാണെന്ന്, അതാരാണു നൽകിയതെന്നും മനസ്സിലായി. എന്നെ അച്ഛൻ സ്നേഹത്തോടെ വിളിക്കുന്ന പേരായിരുന്നു സൺഷൈൻ.
സമ്മാനങ്ങൾ വാങ്ങിയതിനുശേഷം അതിലുണ്ടായിരുന്ന കാര്‍ഡ് വായിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു. '' ഹാപ്പി വാലന്റൈൻസ് ഡേ, ലവ് ഡാഡ്. എല്ലാവരോടും ഇതൊരു ആരാധകൻ അയച്ചതാണെന്നു പറഞ്ഞാൽ മതി'.
അന്നുതൊട്ട് എന്റെ വാലന്റൈൻ അച്ഛനാണ്. എല്ലാ വർഷവും വാലന്റൈൻസ് ദിനത്തിൽ അദ്ദേഹം എനിക്ക് സമ്മാനങ്ങൾ നൽകും.
അച്ഛന്മാര്‍ അറിയാൻ, പെണ്‍മക്കളുടെ ആദ്യത്തെ പ്രണയം നിങ്ങളാണ്. അങ്ങനെയാകണം, അതിനേറെ പ്രാധാന്യമുണ്ട്. ''
എന്തായാലും യുവതിയുടെ അനുഭവകഥ നിമിഷങ്ങൾക്കകം സമൂഹമാധ്യമം ഏറ്റെടുത്തു കഴിഞ്ഞു. പ്രണയദിനത്തിൽ തനിച്ചായിപ്പോകുന്ന പെൺമക്കളുടെ അച്ഛന്മാരെല്ലാം ഇതുപോലെ ആയിരുന്നെങ്കിൽ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam