Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തീപ്പെട്ടിക്കൊള്ളിയുരച്ചിരുന്നെങ്കിൽ എല്ലാരും തീർന്നേനേ...' ; മദ്യനിലവറ തകർത്ത ആ ദിവസം!!

Kalluvathukkal ആറ്റിങ്ങലിനടുത്ത് വഞ്ചിയൂർ കടവിളയിൽ മണിച്ചന്റെ ഗോഡൗണിൽ പൊലീസ്–എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കോൺക്രീറ്റ് അറ (ഫയല്‍ ചിത്രം), ഇൻസെറ്റിൽ മണിച്ചൻ

അന്നത്തെ ഡിവൈഎസ്പി ആയിരുന്ന കെ.കെ. ജോഷ്വ പറയുന്നു:

‘ വളരെ തന്ത്രശാലിയായിരുന്നു മണിച്ചൻ. അയാളെ പേടിച്ചാവണം, ഈ കേസിൽ തെളിവുതരാൻ ആരും തയാറായിരുന്നില്ല. ഇതിനിടെ, വഞ്ചിയൂരുള്ള മണിച്ചന്റെ ഗോഡൗണിൽനിന്ന് കന്നാസുകൾ കിട്ടി. അതിൽ സ്പിരിറ്റിന്റെയും വിഷാംശമായ മീതൈൽ ആൽക്കഹോളിന്റെയും അംശം കണ്ടെത്തി. അവിടെനിന്ന് ആറു വാഹനങ്ങളും പിടികൂടി. സ്പിരിറ്റും അഴുക്കും ചേർന്ന് ഇതിൽ പറ്റിപ്പിടിച്ചിരുന്നു. 

2000 നവംബർ 18. മണിച്ചന്റെ വീട്ടിൽനിന്ന് 500 മീറ്റർ അകലെയുള്ള ഗോഡൗണിൽ പരിശോധന നടത്തി. ഇവിടെ മൊത്തം സിമന്റ് ചെയ്തോ കോൺക്രീറ്റ് ചെയ്തോ ഉറപ്പിച്ചിരിക്കുകയാണ്. മൂന്നുമീറ്റർ വരെ ഉയരത്തിൽ മതിൽ കെട്ടിയിട്ടുണ്ട്. രാത്രി ഇവിടേക്കു ലോറികൾ വരുന്നുണ്ടെന്നു വിവരം കിട്ടി. 

ഇവിടെ സ്പിരിറ്റ് ശേഖരമുണ്ടെന്ന് അറിയാം. അതുപക്ഷേ എവിടെയാണെന്നു മനസിലായില്ല. ഒരു ഭാഗത്ത് മൂന്നു ലോഡോളം മെറ്റൽ ചിപ്സും മണലും കൂട്ടിയിട്ടിരിക്കുന്നതു കണ്ടു. എല്ലായിടത്തും ഒന്ന് ഇടിച്ചുനോക്കാൻ ഞാൻ ആവശ്യപ്പെട്ടു. ടീമിലെ ഒരാൾ ഫാക്ടറിയിൽ ഉപയോഗിക്കുന്ന കൂടം ഉപയോഗിച്ച് തറയിൽ ഇടിച്ചുനോക്കി. ചിലയിടത്തു ശബ്ദവ്യത്യാസം ഉണ്ട്. ഇതോടെ കോൺക്രീറ്റ് പൊളിക്കാനാരംഭിച്ചു. ശ്രമകരമായിരുന്നു അത്. ഒടുവിൽ ചെറിയ ദ്വാരമുണ്ടാക്കി. രാത്രി 11 മണി കഴിഞ്ഞു. ഇരുട്ടാണ്. സ്പിരിറ്റിന്റെ ഭയങ്കര ഗന്ധമുയരുന്നു. 

തീപ്പെട്ടിക്കൊള്ളിയുരച്ചുനോക്കാൻ ആരോ ശ്രമിച്ചെങ്കിലും അതു വേണ്ടെന്നു വച്ചു. ഭാഗ്യമെന്നു പറയണം. ഇല്ലായിരുന്നെങ്കിൽ ഒരു പ്രദേശമാകെ കത്തിപ്പോയേനെ. അറയിൽ 5000 ലീറ്റർ വീതം കൊള്ളുന്ന 18 ടാങ്കുകളിലാണ് സ്പിരിറ്റ് ശേഖരിച്ചിരുന്നത്. പിന്നെ ടോർച്ച് തെളിച്ചാണു നോക്കിയത്. അപ്പോൾത്തന്നെ ഐജിയെ വിവരമറിയിച്ചു. പിറ്റേന്ന് ജെസിബി കൊണ്ടുവന്നു അറ പൊളിച്ചു. അപ്പോഴാണ് നാട്ടുകാർ അങ്ങോട്ട് എത്തിനോക്കാൻ ധൈര്യം കാട്ടിയത്. 

kalluvathukkal-pic മണിച്ചന്റെ ഹോളോബ്രിക്സ് ഫാക്ടറിയിലെ ഭൂഗർഭ അറകളിൽ സ്പിരിറ്റ് നിറച്ച ടാങ്കുകൾ (ഫയൽ ചിത്രം)

അറയിൽ ഇറങ്ങാതെ സ്പിരിറ്റ് നിറയ്ക്കാനും എടുക്കാനും കഴിയുമായിരുന്നു. കൂട്ടിയിട്ട മെറ്റൽ ചിപ്സിനടിയിൽ ഒരു പിവിസി പൈപ്പ് ഉണ്ടായിരുന്നു. സ്പിരിറ്റ് ടാങ്കറിൽനിന്നു ടാങ്കുകളിലേക്ക് കയറ്റുന്നതും എടുക്കുന്നതും ഈ പൈപ്പ് വഴിയാണ്. അറ മുഴുവൻ കെട്ടിയടച്ചിരുന്നു. പണിതതതിനുശേഷം ഞങ്ങൾ പൊളിക്കുന്നതുവരെ ആരും അതിൽ ഇറങ്ങിയിട്ടില്ല. അടിയന്തര സാഹചര്യത്തിൽ ഇറങ്ങാനായി ഒരുഭാഗത്ത് രണ്ടുഭിത്തി കെട്ടിയിരുന്നു. ഇതിലൊന്ന് പൊളിച്ചാൽ താഴേക്ക് കോവണിയിറങ്ങിച്ചെല്ലാം. ഇതു പക്ഷേ ജെസിബി ഉപയോഗിച്ചു പൊളിച്ചതിനുശേഷമാണു ഞങ്ങൾ അറിയുന്നത്. 19നു രാവിലെ അറ പൊളിച്ചു. അന്നും വൻ അപകടം ഭാഗ്യത്തിന് ഒഴിവായി. ഇലക്ട്രിക്ക് വയറുകളിൽ ജെസിബിയുടെ ബക്കറ്റ് തട്ടിയിരുന്നെങ്കിലും വലിയ സ്ഫോടനം ഉണ്ടായേനെ. പിന്നീട് അറസ്റ്റിലായ മണിച്ചനാണ്  സ്പിരിറ്റ് ഒളിപ്പിക്കുന്നതിന്റെ വിശദാംശങ്ങൾ പറഞ്ഞുതന്നത്.  കേസിൽ പരിശോധനകൾക്കു സാക്ഷിയാകാൻ കൊണ്ടുപോയത് സർക്കാർ ഉദ്യോഗസ്ഥരെയാണ്. അതിനാൽ രണ്ടുപേരൊഴികെ കൂറുമാറ്റം ഉണ്ടായില്ല. അതും കേസിനെ ബലപ്പെടുത്തി.  കൂറുമാറിയ ഒരൾ ഭൂഗർഭ അറ പണിത പാറശാലക്കാരനായ മേസ്തിരിയാണ്. മറ്റൊന്ന് മണിച്ചന്റെ അടുപ്പക്കാരനും. 

90 ാം ദിവസം, കോടതി അവസാനിക്കുംമുൻപ്.....

90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നത് വെല്ലുവിളിയായിരുന്നു. അന്നത്തെ ഭരണകക്ഷി നേതാക്കൾക്കെതിരെയും ആരോപണം ഉണ്ടായിരുന്നു. അതിനാൽ അന്നത്തെ നായനാർ സർക്കാർ പ്രതിക്കൂട്ടിലാകാതിരിക്കാൻ അന്വേഷണം അതിശക്തമായിരുന്നു. പാരിപ്പള്ളിയിൽ ക്യാംപ് ചെയ്താണു കുറ്റപത്രം തയാറാക്കിയത്. തെളിവുശേഖരണം കഴിഞ്ഞപ്പോഴേ 90 ദിവസം ആകാറായി. മണിച്ചനും  ഹയറുന്നിസയും ജാമ്യത്തിലിറങ്ങിയാൽ‌ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും കേസ് ദുർബലമാകുമെന്നും ഉറപ്പായിരുന്നു. അന്ന് ടീമിൽ  ഉണ്ടായിരുന്ന, ഇപ്പോഴത്തെ മ്യൂസിയം സിഐ പ്രശാന്ത്  മൂന്നു ദിവസം ഒറ്റയിരുപ്പിലാണു കുറ്റപത്രം എഴുതിയത്. ഒടുവിൽ ഉണ്ണാതെ, ഉറങ്ങാതെ എഴുതിത്തളർന്ന് പ്രശാന്ത്  കുഴഞ്ഞുവീണു. ബാക്കി എന്റെ കൈപ്പടയിലാണ്. അതുകൊണ്ടുതന്നെ കുറ്റപത്രവും രണ്ടു കൈപ്പടയിലാണ്.

 90 ാമത്തെ ദിവസമെത്തി. പൂർത്തിയായ കുറ്റപത്രവുമായി  ഒരോട്ടമായിരുന്നു. പുലർച്ചെ അഞ്ചുമണിക്ക്  ഐജി ഒപ്പിട്ടു. പിന്നീടു പകർപ്പുകളെടുത്തു.  കോടതിയിലേക്കു പായുന്നതിനിടെ ആറ്റിങ്ങലിൽ വച്ചു ജീപ്പ് തകരാറിലായി. ഉടൻതന്നെ ആയിരത്തോളം പേജുള്ള കുറ്റപത്രവുമായി ഞാനും ഒരു പൊലീസുകാരനും കൂടി ടാക്സി സ്റ്റാൻഡിലേക്ക് ഓടി. അപ്പോഴേക്കും ചുമട്ടുതൊഴിലാളികൾ വണ്ടി എങ്ങനെയോ ശരിയാക്കി. ലൈറ്റിട്ടാണു വണ്ടി പരവൂർ കോടതിയിലേക്കു പാഞ്ഞത്. കോടതി അവസാനിക്കുന്നതിന് 15 മിനിറ്റ് മാത്രം മുൻപാണ് കുറ്റപത്രം സമർപ്പിച്ചത്. 

Kalluvathukkal ചിറയൻകീഴിലെ കൂന്തള്ളൂരിൽ മണിച്ചൻ താമസിച്ചിരുന്ന വീട്

തെളിവുശേഖരണം

തെളിവുകൾ ശേഖരിക്കുന്നതിലും  വിചാരണയിലും  ശ്രദ്ധേയമായിരുന്നു മദ്യദുരന്ത കേസ്. മരണമൊഴികളായിരുന്നു പ്രധാനം. മറ്റു തെളിവുകൾ തേടിപ്പിടിക്കുക ശ്രമകരമായിരുന്നു. ബെംഗളൂരുവിൽനിന്നു കടത്തിക്കൊണ്ടുവന്ന വിഷം കലർന്ന സ്പിരിറ്റിനെച്ചൊല്ലിയും വിവരം ലഭിച്ചു. കാറുകളിൽ അമിതഭാരം കയറ്റുന്നതിനായി പ്രത്യേകം സ്പ്രിങ് ലീഫുകളും ഘടിപ്പിച്ചിരുന്നു. ഫോൺ കോളുകളാണു മറ്റൊന്ന്. പ്രതികൾ മിക്കവരും മൊബൈൽ ഉപയോഗിച്ചിരുന്നു. ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 

മണിച്ചന്റെ കണക്കുബുക്കുകളിൽ സ്പിരിറ്റ് എന്നതിനൊപ്പം ‘മരുന്ന്’ എന്നും രേഖപ്പെടുത്തിയിരുന്നതും കണ്ടെത്തി.  പിന്നീട് വീടിനു സമീപത്തെ ഫാക്ടറിയിലെ നിലവറയല്ലാതെ കള്ളു ഗോഡൗണിൽനിന്നും ചെറിയ നിലവറയും മുഴുവൻനിറച്ച രണ്ടു ടാങ്കുകളും കണ്ടെത്തി. അന്നു ചിറയിൻകീഴിലെ കള്ളുഷാപ്പുകൾ കോടിക്കണക്കിനു രൂപയ്ക്കാണു മണിച്ചൻ പിടിച്ചിരുന്നത്. ഇതും അധികൃതർ കണ്ടില്ലെന്നു നടിച്ചു.   ഒരിക്കൽ വിചാരണയ്ക്കിടെ, ഹയറുന്നിസയുടെ ഭർത്താവ് രാജനോട് ‘എന്തെങ്കിലും പറയാനുണ്ടോ’ എന്നു കോടതി ചോദിച്ചു. കൊണ്ടുവന്നവരും കൊടുത്തവരും ഇവിടെത്തന്നെ ഉണ്ട് ... എന്നായിരുന്നു മറുപടി. മണിച്ചന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ജഡ്ജി നേരിട്ടെത്തി മദ്യനിലവറകൾ പരിശോധിച്ചു ബോധ്യപ്പെട്ടു എന്ന പ്രത്യേകതയും കേസിനുണ്ട്. 

കൂടുതല്‍ വായിക്കാൻ

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam