Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധവൻ നായരും മീനാക്ഷിയമ്മയും പിന്നിട്ടത് 82 മഹത്തായ വിവാഹവൽസരങ്ങൾ!

Madhavan Nair, Meenakshi Amma മാധവൻനായരും മീനാക്ഷിയമ്മയും. ചിത്രം: റിജോ ജോസഫ് ∙ മനോരമ

പുഴയൊഴുകും പോലെയാണീ ദാമ്പത്യം. തലമുറകൾക്കു പുണ്യം പകർന്ന് അനുസ്യൂതമൊഴുകുന്ന പ്രവാഹശുദ്ധി. രണ്ടുവഴികളായി തുടങ്ങി യൗവനാരംഭത്തിൽ ഒന്നുചേർന്ന ഈ പുഴയൊഴുക്കിനിപ്പോൾ പ്രായം 82. പറഞ്ഞുവരുന്നത് എട്ടു പതിറ്റാണ്ടിലേറെ ഒന്നിച്ചുപങ്കിട്ട ജീവിതങ്ങളെക്കുറിച്ചാണ്. കൃത്യമായിപ്പറഞ്ഞാൽ 82 മഹത്തായ വിവാഹവൽസരങ്ങൾ!

നായകന്റെ പേര് മാധവൻ നായർ; കോട്ടയം പള്ളിക്കത്തോട് തെക്കുംതല ആര്യാട്ട് എ.കെ.മാധവൻനായർ. നായിക ആനിക്കാട് കല്ലൂർ മീനാക്ഷിയമ്മ. ഇക്കഴിഞ്ഞ ഡിസംബറിൽ ഈ ദമ്പതികൾ ആഘോഷിച്ചത് രണ്ടു വിശേഷങ്ങളായിരുന്നു. മാധവൻനായരുടെ നൂറാം പിറന്നാളും ഇവരുടെ 82–ാം വിവാഹ വാർഷികവും. നൂറാം പിറന്നാളിലേക്ക് ഒരാണ്ടിന്റെ അകലമേയുള്ളൂ മീനാക്ഷിയമ്മയ്ക്കും. പലർക്കും സ്വപ്നം കാണാനാകാത്ത ദൂരങ്ങൾ ഒന്നിച്ചുതാണ്ടിയ ഈ ദമ്പതികൾ ഒളിമങ്ങാത്ത ചിരിയോടെ പങ്കുവയ്ക്കുന്ന ഓർമകളിൽപോലുമുണ്ട് നിറസ്നേഹത്തിന്റെ ഉപ്പും മധുരവും.  

കോട്ടയം ജില്ലയിലെ അകലക്കുന്നം എന്ന പ്രദേശത്തിന്റെ വളർച്ചയിൽ കയ്യൊപ്പു ചാർത്തിയ ആളാണെന്ന ഭാവമൊന്നും ഈ മുത്തച്ഛന്റെ നോട്ടങ്ങളിലില്ല. ഇപ്പോഴും കർമനിരതനായ ഒരാർജവത്തിന്റെ നല്ലപാതിയാണെന്ന അഹങ്കാരം ഈ മുത്തശ്ശിയുടെ കണ്ണുകളിലുമില്ല. നാടിന്റെ വളർച്ചയ്ക്കു മുന്നേയും വളർച്ചയ്ക്കൊപ്പവും നടന്നതു തങ്ങളുടെ കടമയാണെന്ന ബോധത്തോടെ മുറ്റത്തെ ഇളവെയിലിലേക്കു മിഴികൾ നീട്ടുകയാണിവർ.  

അകലക്കുന്നം പഞ്ചായത്തിന്റെ രൂപീകരണത്തിനുൾപ്പെടെ മുൻനിരയിൽ പ്രവർത്തിച്ച മാധവൻനായർ പഞ്ചായത്തിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റായിരുന്നു. പിന്നീട് എട്ടുവർഷം കൂടി പ‍ഞ്ചായത്തംഗമായി. സ്വാതന്ത്ര്യസമരത്തിലും വിമോചനസമരത്തിലുമെല്ലാം പങ്കെടുത്ത ഇദ്ദേഹം കോൺഗ്രസിന്റെ മുതിർന്ന നേതാവു കൂടിയാണ്.  

ഇപ്പോഴും പാർട്ടി പരിപാടികളിൽ‌ പങ്കെടുക്കാറുണ്ട്. പ്രവർത്തകർ വണ്ടിയുമായി വന്നാൽ പോകാതിരിക്കാൻ മനസ്സ് സമ്മതിക്കാറില്ലെന്നു മാധവൻനായർ. നൂറാം പിറന്നാളിന്റെ സന്തോഷത്തിൽ പങ്കുചേരാൻ തിരക്കുകൾക്കിടയിലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓടിയെത്തി. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലാണ് ഇവരുടെ വീട്. അവിടെ ഉമ്മൻ ചാണ്ടി മൽസരിക്കുന്ന കാലം മുതലേ പ്രവർത്തനനിരതനായിരുന്ന മാധവൻനായർ‌ ആ ബന്ധത്തിന്റെ കെട്ട് ഇപ്പോഴും മുറുകെ പിടിക്കുന്നുണ്ട്. തെക്കുംതല ക്ഷേത്രം, തെക്കുംതല സ്കൂൾ, എൻഎസ്എസ് കരയോഗം തുടങ്ങിയവയിലൊക്കെ മാധവൻനായരുടെ വിയർപ്പിറ്റുവീണതിന്റെ ആവേശമുണ്ട്.  

നൂറിലേക്കു കടന്ന പ്രായത്തെയും 82 വർഷം കടന്ന ദാമ്പത്യത്തെയും ഓർത്തെടുക്കുമ്പോൾ മാധവൻനായർ ചിരിക്കും; ഇതൊക്കെ ഇത്രവലിയ കാര്യമാണോ എന്ന മട്ടിൽ. ഈ ചിരിതന്നെയാണ് ഇവരുടെ ആയുസ്സിന്റെയും സന്തോഷത്തിന്റെയും രഹസ്യം. ശതാബ്ദിനിറവിലും വീട്ടുതിണ്ണയിലെ പടവുകളിറങ്ങി തൊടിയിലേക്കും ഗേറ്റിങ്കലേക്കുമൊക്കെ ചുവടുവയ്ക്കാൻ ഇദ്ദേഹത്തെ പ്രാപ്തനാക്കുന്നത് ജീവിതത്തെ പ്രസന്നമായി കാണാനുള്ള കഴിവാണ്. ഊന്നുവടിയുടെ സഹായത്തോടെയാണെങ്കിലും മീനാക്ഷിയമ്മയും ഈ നടത്തത്തിനു പിന്തുണയേകും.  

ആയുസ്സിലേക്കുള്ള ചിട്ടകൾ 

കൃത്യമായ ചിട്ടകളാണ് ഈ നൂറാം വയസ്സിലും മാധവൻനായരുടെ ആരോഗ്യരഹസ്യം. പുലർച്ചെ നാലുമണിക്കുണരും. കാപ്പിയോടെ തുടക്കം. എട്ടുമണിക്കു പ്രഭാതഭക്ഷണം. പന്ത്രണ്ടരയോടെ ഊണ്. വൈകിട്ടൊരു കട്ടൻചായ. രാത്രി എട്ടുമണിക്ക് കഞ്ഞി. ഇടവേളകളിൽ ജീരകവെള്ളമോ മല്ലിവെള്ളമോ കുടിക്കും. എങ്ങനെ വന്നാലും ഒൻപതരയോടെ ഉറക്കം പിടിക്കും. ഈ ദിനചര്യയും സസ്യാഹാരവുമാണ് ഇപ്പോഴും ഇങ്ങനെയായിരിക്കാൻ തന്നെ സഹായിക്കുന്നതെന്ന് മാധവൻനായർ. അരികിലുള്ള മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ഈ ചിട്ടയെക്കുറിച്ചാണ് ആവർത്തിച്ചു പറയുന്നതും. ഈയടുത്ത കാലം വരെ വീട്ടിലേക്കുള്ള പച്ചക്കറികളെല്ലാം സ്വയം കൃഷി ചെയ്തെടുക്കുമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ വന്നതോടെ അതിനു മുടക്കം വന്നു. 20 വർഷം മുൻപ് ഹൃദയസംബന്ധമായ അസുഖം വന്ന മാധവൻ നായർക്ക് ഇതിനിടെ മൂന്നുതവണ ഹൃദയാഘാതവുമുണ്ടായി. 

ആറു മക്കളാണിവർക്ക്. ‌ശാരദാമ്മ (80), കൃഷ്ണൻ നായർ (76), സുഭദ്രാമ്മ (74), ചന്ദ്രശേഖരൻ (66), പങ്കജവല്ലി (64) എന്നിവരും 30–ാം വയസ്സിൽ മരിച്ച അരവിന്ദാക്ഷനും. ഇളയ മകൻ ചന്ദ്രശേഖരന്റെ കൂടെയാണിപ്പോൾ മാധവൻനായരും മീനാക്ഷിയമ്മയും.  

ഓർമകളുടെ പിൻനടത്തം  

കൊല്ലവർഷം 111ൽ ആയിരുന്നു കല്യാണമെന്ന് മാധവൻനായരുടെയും മീനാക്ഷിയമ്മയുടെയും ഓർമപ്പെയ്ത്ത്. വീട്ടിൽവച്ചായിരുന്നു കല്യാണം. ‘അന്ന് എല്ലാ കല്യാണങ്ങളും അങ്ങനെയായിരുന്നു. മാലയിടീലും പുടവ കൊടുക്കലും കഴിഞ്ഞാൽ വീട്ടിൽവച്ചൊരു സദ്യ. അത്രേയുള്ളൂ ആഡംബരങ്ങൾ’. മാധവൻനായർക്ക് 18, മീനാക്ഷിയമ്മയ്ക്ക് 17 വയസ്സുള്ളപ്പോഴായിരുന്നു വിവാഹം.  

പഠിക്കാനേറെ മോഹമുണ്ടായിരുന്നു മാധവൻനായർക്ക്. കൊല്ലവർഷം 106ൽ അമ്മാവനും ചേട്ടനും മരിച്ചതോടെ കുടുംബത്തിലെ മൂപ്പനായി. അഞ്ചു കിലോമീറ്ററോളം നടന്ന് ഏഴാം ക്ലാസ് വരെ പഠിച്ചു. ചേട്ടനുണ്ടായിരുന്നെങ്കിൽ ഇംഗ്ലിഷ് സ്കൂളിൽ പോകാമായിരുന്നെന്ന് മാധവൻ നായരുടെ മോഹഭംഗം. കലാരസികനാണു മുത്തച്ഛനെന്ന് കൊച്ചുമക്കൾ. നല്ല കഥകളി പ്രേമിയായിരുന്നു ഒരു കാലത്ത്. ആണ്ടുതോറും കഥകളിക്കാരെ കൊണ്ടുവന്നു കളിപ്പിച്ചിരുന്നത് സജീവമായ ഓർമ. മീനാക്ഷിയമ്മയുടെ പഠനം അ‍ഞ്ചാം ക്ലാസ്സിൽ അവസാനിച്ചു.  

പെണ്ണുകണ്ടതിനെക്കുറിച്ചുള്ള ചോദ്യത്തിലാണ് കുസൃതിച്ചിരിയോടെ മാധവൻനായരുടെ വെളിപ്പെടുത്തൽ വന്നത്. ‘എന്തു പെണ്ണുകാണൽ. സ്കൂളിൽ ഒരുമിച്ചു പഠിച്ചതല്ലേ...’ ഈ വെളിപ്പെടുത്തൽ ആരെങ്കിലും കേട്ടോ എന്ന് മീനാക്ഷിയമ്മയുടെ ആധി. ‘പിള്ളേരൊന്നും കേൾക്കണ്ട. വിളിച്ചുപറയാൻ പറ്റിയൊരു കാര്യം’– അവർ ഗൗരവക്കാരിയായി. നാലാം ക്ലാസ്സ് വരെ മന്ദിരം സ്കൂളിൽ ഒന്നിച്ചുപഠിച്ച ശേഷമാണ് ഇവർ രണ്ടു സ്കൂളുകളിലേക്ക് വഴിപിരിഞ്ഞതും പിന്നീട് ജീവിതത്തിന്റെ നടുമുറ്റത്ത് ഒന്നിച്ചതും. മീനാക്ഷിയമ്മ കുഞ്ഞായിരിക്കെ അമ്മ മരിച്ചു, പിന്നെ ചേച്ചിയാണു വളർത്തിയത്. അവരാണ് അമ്മയെപ്പോലെ നോക്കിയതെന്നു പറയുമ്പോൾ കണ്ണിലുണ്ട് സ്നേഹത്തിന്റെ വറ്റാത്ത വൻകടൽ. 

ജീവിതത്തിന്റെ മുക്കാൽ പങ്കും പൊതുസേവനത്തിന് ഉഴിഞ്ഞുവച്ച മാധവൻനായർ ആഘോഷങ്ങളുടെയൊന്നും കൂട്ടുകാരനല്ല. എങ്കിലും 60–ാം പിറന്നാൾ, 75–ാം വിവാഹ വാർഷികം എന്നിവ ആഘോഷിച്ചിരുന്നു. മക്കളും കൊച്ചുമക്കളും ബന്ധുക്കളുമെല്ലാം ഒത്തുകൂടി ഒരു സന്തോഷം. പിന്നീടിപ്പോൾ 100–ാം പിറന്നാളും 82–ാം വിവാഹ വാർഷികവും ചേർന്നൊരാഘോഷം. അഞ്ചാം തലമുറയിലെ രണ്ടര വയസ്സുകാരൻ വരെ പങ്കാളിയാകുന്ന സന്തോഷവേള. അതിൽപരം എന്താണു വേണ്ടതെന്ന് ഇവർ പറയാതെ പറയുന്നു. പഴയ ഓർമകൾ ചികഞ്ഞെടുക്കാനും വരുംകാലത്തേക്കു പകർത്തിവയ്ക്കാനുമായി സമീപ സ്കൂളുകളിൽ നിന്നുംമറ്റും എത്തുന്ന വിദ്യാർഥികളും ഇവരുടെ പകലുകളെ പ്രസന്നമാക്കുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam