Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പ്രണയം ഹൃദയം തൊടും, ആസിഡ് ആക്രമണ ഇരയ്ക്ക് പ്രണയദിനത്തിൽ പ്രണയസാഫല്യം !

Pramodini പ്രമോദിനിയും സാഹുവും വിവാഹ നിശ്ചയദിനത്തിൽ

ഒരു വ്യക്തിയെ പ്രണയിക്കാൻ അവരിൽ ആകൃഷ്ടരാകാൻ ഓരോരുത്തരിലും ഓരോ ഘടകങ്ങളാകും കാരണമാകുന്നത്. ബാഹ്യസൗന്ദര്യത്തിൽ ആകൃഷ്ടരായി പ്രണയിക്കുന്നവരും ഉണ്ട്, പക്ഷേ അതിനേക്കാളൊക്കെ എത്രയോ സുന്ദരമാണ്, താൻ പ്രണയിക്കുന്നയാളുടെ കുറവുകൾ ഒരു പ്രശ്നമാക്കാതെ അവരുടെ മനസ്സിൽ സൗന്ദര്യം കണ്ടെത്താൻ ശ്രമിക്കുന്നത്. അത്തരത്തിലൊരു പ്രണയകഥയാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ആസിഡ് ആക്രമണത്തിനിരയായി മുഖത്തിന്റെ ഏറിയ പങ്കും നഷ്ടപ്പെട്ട പ്രമോദിനിയും കാമുകൻ സാഹുവുമാണ് വ്യത്യസ്തമായി ചിന്തിച്ചു പ്രണയ മനസ്സുകളിലിടം നേടിയ ആ ജോഡികൾ. 

ഇരുവരും ഔദ്യോഗികമായി വിവാഹിതരാകാൻ തീരുമാനിച്ച ദിവസമോ പ്രണയിതാക്കളുടെ സ്വന്തം ദിവസമായ വാലന്റൈൻസ് ഡേയും. ഇരുപത്തിയഞ്ചുകാരിയായ പ്രമോദിനിക്ക് ഇത് മറ്റാരേക്കാളും മാധുര്യമുള്ള വാലന്റൈൻസ് ദിനമാണ് കടന്നു പോയത്. താൻ ജീവനിലേറെ സ്നേഹിക്കുന്ന കാമുകനുമായി വിവാഹ നിശ്ചയം നടത്തി പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസമായിരുന്നു ഇക്കഴിഞ്ഞ വാലന്റൈൻസ് ഡേ. 

x-default പ്രമോദിനിയും സാഹുവും വിവാഹ നിശ്ചയത്തിനു ശേഷം

പ്രണയപ്രതികാരം തകർത്ത മുഖം

ഒഡീഷയിലെ ജ‍ഗത്പൂരിലായിരുന്നു പ്രമോദിനിയുടെ ജനനം. 2009ലാണ് ജീവിതത്തിലാകെ കറുപ്പു പടർത്തിക്കൊണ്ട് ആ അപകടം സംഭവിക്കുന്നത്. ഒരു പരീക്ഷ കഴിഞ്ഞു തിരികെ വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു അതു സംഭവിച്ചത്.   ആസിഡ് ശരീരത്തിൽ ഉരുകിയൊലിച്ചതോടെ എൺപതു ശതമാനത്തോളം കത്തിക്കരിഞ്ഞതിനൊപ്പം പ്രമോദിനിയുടെ കാഴ്ച ശക്തിയും നഷ്ടമായിരുന്നു. പ്രണയം നിരാകരിച്ചതിന് ആ യുവാവ് പ്രമോദിനിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചാണ് പ്രതികാരം വീട്ടിയത്. ആ സംഭവം ശാരീരികമായി മാത്രമല്ല മാനസികമായും പ്രമോദിനിയെ ഏറെ തളർത്തി. 

ശേഷം ഒമ്പതു മാസത്തോളം ഒരു സർക്കാർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അഞ്ചു വർഷം കി‌ടക്കയിൽ നിന്ന് എഴുന്നേൽക്കാതെയുള്ള ജീവിതമായിരുന്നു. പിന്നീട് വീടിനടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് വീണ്ടും പ്രമോദിനിയെ പ്രവേശിപ്പിച്ചു. അവിടെ വച്ച് 2014ലാണ് സാഹുവിനെ പരിചയപ്പെടുന്നത്. മെഡിക്കൽ ‌റെപ്രസന്റേറ്റീവ് ആയിരുന്ന സാഹു ഒരു നഴ്സ് വഴിയാണ് പ്രമോദിനിയുടെ ദുരവസ്ഥകളെക്കുറിച്ചറിയുന്നത്. പിന്നീടങ്ങോട്ട് പ്രമോദിനിക്ക് മാനസിക പിന്തുണയുമായി സാഹുവും കൂടെ നിന്നു. 

x-default മോതിരങ്ങൾ കൈമാറുന്ന പ്രമോദിനിയും സാഹുവും

കുറവുകളെ പ്രണയിച്ച സാഹു

സ്വന്തം കാലിൽ നിൽക്കാൻ പ്രമോദിനിയെ പ്രാപ്തമാക്കുക എന്നതായിരുന്നു ആദ്യത്തെ ചവിട്ടുപടി, അതിനായി ചുരുങ്ങിയത് പത്തുമാസമെങ്കിലും എടുക്കും എന്നായിരുന്നു േഡാക്ടര്‍മാർ അറിയിച്ചിരുന്നത്. എന്നാൽ സാഹുവിന്റെയും വീട്ടുകാരുടെയും പ്രോത്സാഹനവും പിന്തുണയുമൊക്കെകൊണ്ട് വെറും നാലുമാസത്തിനുള്ളിൽ പ്രമോദിനി ചുവടുകള്‍ വെച്ചുതുടങ്ങി. പിന്നീട് നാളുകൾ നീണ്ട ചികിത്സയുടെ ഫലമായി പ്രമോദിനിക്ക് ഇരുപതു ശതമാനത്തോളം കാഴ്ച ശക്തി തിരികെകിട്ടി. 

പ്രമോദിനിക്ക് പൂർണമായും തന്റെ പിന്തുണ വേണം എന്ന തോന്നലുണ്ടായതോടെ സാഹു ജോലി ഉപേക്ഷിച്ച് മുഴുവൻസമയവും അവൾക്കൊപ്പം കൂട്ടിരിക്കാൻ തുടങ്ങി. ശേഷം 2016 ജനുവരി അഞ്ചിന് കൂടുതൽ ചികിൽസയ്ക്കായി പ്രമോദിനി ഡൽഹിയിലേക്കു വന്നതോടെയാണ് ഇരുവർക്കുമിടയിൽ പ്രണയത്തിന്റെ ആദ്യനാമ്പുകൾ പൊട്ടിമുളയ്ക്കുന്നത്. പ്രമോദിനിയെ പിരിഞ്ഞുള്ള നാളുകള്‍ സാഹുവിന് കഠിനമായിരുന്നു, അവൾ തനിക്കുള്ളതാണെന്ന് േതാന്നലുകളുണ്ടാകുന്നതും ആ സമയത്തായിരുന്നുവെന്ന് സാഹു പറയുന്നു. 

പ്രമോദിനി ഒഡീഷയിലുണ്ടായിരുന്ന കാലം വരെയും അവൾ തനിക്കു സുഹൃത്തു മാത്രമായിരുന്നു എന്നാൽ അവളെ പിരിഞ്ഞതോടെയാണ് ശരിക്കും തനിക്കാരായിരുന്നു പ്രമോദിനി എന്നു മനസ്സിലായത്. ജനുവരി പതിനാലിന് തന്റെ പ്രണയം അറിയിക്കാൻ സാഹു തീരുമാനിച്ചു. ഫോണിലൂടെയാണ് പ്രണയവും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചത്. 

പക്ഷേ പ്രമോദിനിയെ സംബന്ധിച്ചിടത്തോളം ആ വിവാഹ അഭ്യർഥന അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. തന്റെ കാഴ്ചക്കുറവും മറ്റു ശാരീരിക പരിമിതികളുമൊക്കെ ഒരു സാധാരണ ജീവിതം നയിക്കുന്നതിനു ത‌ടസ്സമായിരിക്കുമെന്നവള്‍ കരുതി. പക്ഷേ സാഹു പിന്മാറാൻ ഒരുക്കമായിരുന്നില്ല. അങ്ങനെ അവര്‍ ഒരുമിക്കാൻ തന്നെ തീരുമാനിച്ചു. 

x-default പ്രമോദിനിയും സാഹുവും സുഹൃത്തുക്കൾക്കൊപ്പം

പ്രണയദിനത്തിലെ സാഫല്യം

അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനായി ഫെബ്രുവരി പതിനാല് എന്ന പ്രണയദിനമാണ് ഇരുവരും തിരഞ്ഞെടുത്തത്. ആസിഡ് ആക്രമണത്തിനിരയായവരുടെ സംരംഭമായ ഷിറോസ് ഹാങ്ഔട്ട് കഫേയില്‍ വച്ചായിരുന്നു പ്രഖ്യാപനം. കഫെയുടെ കൺവീനറും സാമൂഹിക പ്രവർത്തകനുമായ അലോക് ദീക്ഷിതാണ് വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ നടത്തിയത്. അടുത്ത വർഷത്തെ പ്രണയദിനത്തിൽ വിവാഹിതരാകാനാണ് ഇരുവരുടെയും തീരുമാനം. ഇനി ഈ പ്രണയപ്പക്ഷികളു‌ടെ ഭാവി തീരുമാനം എന്താണെന്നു ചോദിച്ചാൽ ഇരുവരും ഒരേ സ്വരത്തിൽ മറുപടി പറയും ഒഡീഷയിലേക്കു തിരിച്ചെത്തി അവിടെ ഒരു ഷീറോസ് കഫെ തുടങ്ങണമെന്നാണ് ആഗ്രഹമെന്ന്. ഇനിയുള്ള കാലവും ആസിഡ് ആക്രമണ ഇരകൾക്കൊപ്പമായിരിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഈ പ്രണയികൾ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam