പരസ്പരം വീറോടെ പോരടിക്കുന്ന, വിട്ട് കൊടുക്കാതെ സ്ഥിരമായി തര്‍ക്കിക്കുന്ന ദമ്പതിമാരാണോ നിങ്ങള്‍ ? ഇങ്ങനെ നിരന്തരമുണ്ടാകുന്ന തര്‍ക്കങ്ങള്‍ മൂലം നിങ്ങളുടെ ബന്ധം നീണ്ടുപോകില്ല എന്ന് നിങ്ങള്‍ ഭയക്കുന്നുണ്ടോ ? എങ്കില്‍ നിങ്ങളുടെ ഭയം അസ്ഥാനത്താണ്. പരസ്പരം സ്ഥിരമായി തര്‍ക്കിക്കുന്ന ദമ്പതിമാരുടെ ബന്ധം നീണ്ട് നില്‍ക്കുന്നതാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
പ്രശ്നങ്ങളില്ലാത്ത ദാമ്പത്യങ്ങള്‍ ചുരുക്കമാണ്. ഇവ രൂക്ഷമാകാതിരിക്കാന്‍ വേണ്ടി അവയെക്കുറിച്ച് സംസാരിക്കാതെ മൂടിവക്കുന്നവരുണ്ട്. അതേസമയം തന്നെ പ്രതിസന്ധികളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നവരും തര്‍ക്കിക്കുന്നവരും ഉണ്ട്. ഇങ്ങനെ തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാനും തര്‍ക്കിക്കാനും തയാറാകുന്ന ദമ്പതിമാരുടെ ദാമ്പത്യം വിജയിക്കാനുള്ള സാദ്ധ്യത എല്ലാം അടക്കി വച്ച് സംസാരിക്കാതാരിക്കുന്ന ദാമ്പത്യത്തേക്കാള്‍ പത്ത് മടങ്ങ് അധികമാണ്.
ന്യൂയോര്‍ക്ക് ടൈംസുമായി ചേര്‍ന്ന് കൗണ്‍സിലറായ ജോസഫ് ഗ്രെന്നി ഒരു ലക്ഷത്തോളം ദമ്പതികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദമ്പതികള്‍ വരുത്തുന്ന ഏറ്റവും വലിയ തെറ്റുകളില്‍ ഒന്ന് പ്രശ്നങ്ങളെ അവഗണിക്കലാണെന്ന് ജോസഫ് ഗ്രെന്നി പറയുന്നു. നമുക്ക് തോന്നുന്ന സംശയങ്ങളെക്കുറിച്ചോ പങ്കാളി മൂലമുണ്ടാകുന്ന ബുദ്ധിമുട്ടിനേക്കുറിച്ചോ തുറന്ന് സംസാരിക്കാന്‍ ദമ്പതിമാര്‍ മടിക്കുന്നു. ഇങ്ങനെ മൂടി വക്കുന്നതിലൂടെ ആ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നാണ് അവര്‍ തെറ്റിദ്ധരിക്കുന്നത്.
എന്നാല്‍ ഇങ്ങനെ മൂടി വക്കുന്നതിന് ഒരു പരിധിയുണ്ട്. ഈ പരിധി എത്തുമ്പോൾ, സഹിക്കാവുന്നതിന് അപ്പുറമാകുമ്പോള്‍ പലരും പ്രതികരിക്കും. ഇതാകട്ടെ ഒരു പൊട്ടിത്തെറി ആയിരിക്കും. അതായത്, സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥ. സ്വാഭാവികമായും ഒരു വലിയ പൊട്ടിത്തെറി നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മുറിവും വലുതായിരിക്കും. ചിലപ്പോള്‍ ഒരിക്കലും നികത്താനാത്ത വിടവ് പോലും ഇത് മൂലം ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടായെന്ന് വരാം.
പ്രശ്നങ്ങളുണ്ടാകുമ്പോള്‍ തന്നെ അതേക്കുറിച്ച് സംസാരിക്കാനോ തര്‍ക്കിക്കാനോ തയാറാകുന്നതിലൂടെ അതേക്കുറിച്ചുള്ള വൈകാരിക വേദന നീട്ടിക്കൊണ്ട് പോകാന്‍ നിങ്ങള്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഇത് ഈ പ്രശ്നത്തില്‍ നിങ്ങളുടെ ഭാഗം അംഗീകരിക്കുന്നതിന് നിങ്ങളെ സഹായിക്കും. ഇത് നിങ്ങള്‍ക്ക് പ്രായോഗികമായി ചിന്തിക്കാന്‍ കഴിയുന്നതിനാലാണ്. അതേസമയം ഈ വിഷയത്തിലുള്ള സംസാരം നീട്ടിക്കൊണ്ട് പോകുന്നത് നിങ്ങളുടെ വൈകാരിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പ്രായോഗികമായി ചിന്തിക്കാനും നിങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുമുള്ള സാദ്ധ്യത ഇല്ലാതാക്കുകയും ചെയ്യും.
നിരന്തരമായി തര്‍ക്കിക്കുക എന്നാല്‍ കണ്ണും പൂട്ടി ആരോപണങ്ങള്‍ ഉന്നയിക്കുക എന്നതല്ല. ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.
∙ നിങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളെ ശേഖരിച്ച് വയ്ക്കുക
∙ കുറ്റപ്പെടുത്തലുകളും, ആരോപണങ്ങളും മയത്തില്‍ മതി. പങ്കാളിയുടെ ഭാഗത്ത് നിന്ന് കൂടി ചിന്തിച്ച ശേഷം ഇവ തയാറാക്കുകയും പറയുകയും ചെയ്യുക.
∙ പെട്ടെന്ന് പ്രശ്നം എടുത്ത് ഇടാതിരിക്കുക. പങ്കാളിയുടെ മാനസിക ശാരീരിക അവസ്ഥ പരിഗണിക്കുക. പറയാനുദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച് അവര്‍ക്ക് തുടക്കത്തില്‍ വിവരം നല്‍കുക.
∙ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആദ്യം വിശദീകരിക്കുക
∙ സത്യസന്ധമായിരിക്കാന്‍ ശ്രമിക്കുക. തര്‍ക്കത്തില്‍ ജയിക്കാന്‍ അനാവശ്യ കുറ്റപ്പെടുത്തലുകള്‍ നടത്തരുത്.
∙ കാര്യങ്ങള്‍ വിശദീകരിച്ച് വിഷയത്തില്‍ നിങ്ങള്‍ക്കുള്ള ആശങ്ക എന്താണെന്ന് വ്യക്തമാക്കുക. ഇത് അവരെ തെറ്റ് മനസ്സിലാക്കാനും പരിഹരിക്കാനും സഹായിക്കും.
∙ പരിഹാരം നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് തീരുമാനമായി പറയാതെ ഒരു അഭിപ്രായമായിക്കി അവതരിപ്പിക്കുക.