ചില ജീവിതങ്ങള്‍ നമ്മെ കൊതിപ്പിക്കുന്നതായിരിക്കും; സിനിമയിലേതു പോലെ..ഷാഹിദ് കപൂറിന്‌റെയും മിറയുടേയും പിന്നെ മിഷയുടേയും ലോകം അങ്ങനെയുള്ളതാണ്. മിറയെ കണ്ടുമുട്ടിയതും മിഷയുടെ കടന്നുവരവുമെല്ലാം ഷാഹിദ് പറയുന്നതു കേട്ടിരിക്കാന്‍ തന്നെ എത്ര രസകരമാണ്! പത്മാവതിലെ അഭിനയത്തിന് ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടയില്‍ വ്യക്തി ജീവിതത്തെ കുറിച്ച് ഷാഹിദ് മനസ്സു തുറന്നു. തന്‌റെ ജീവിതത്തിലെ പത്മാവതിയാണ് മിറ എന്നാണു ഷാഹിദിന്‌റെ പക്ഷം.
ഒരുപക്ഷേ വിവാഹിതനും ആ ജീവിതത്തിന്‌റെ മാധുര്യവും ആവോളം നുണയാനാകുമായിരുന്നില്ലെങ്കില്‍ ആ കഥാപാത്രത്തെ അത്രമേല്‍ ഉള്‍ക്കൊണ്ട് അവതരിപ്പിക്കുവാന്‍ കഴിയുമായിരുന്നില്ലെന്നാണ് ഷാഹിദ് പറയുന്നത്. അതെന്തായാലും ഷാഹിദും ഭാര്യ മിറയുമൊന്നുമല്ല യഥാര്‍ഥ താരം. കുഞ്ഞു മകള്‍ മിഷയാണ്. ഒരു കുഞ്ഞിന്‌റെ കടന്നുവരവ് രണ്ടു വ്യക്തികളുടെ ജീവിതത്തെ എത്രമാത്രം മാറ്റിമറിയ്ക്കുന്നുവെന്നറിയണമെങ്കില്‍ ഷാഹിദിന്‌റേയും മിറയുടേയും കണ്ണുകളിലേക്കു നോക്കിയാല്‍ മതി.
അടുത്തിടെ ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ മിഷയ്ക്ക് അവസരം കിട്ടിയെങ്കിലും ഇത്രയും ചെറുപ്പത്തിലേ വെള്ളിവെളിച്ചതിലേക്കു മകളെയെത്തിച്ച് കുഞ്ഞുനാളിലേ അവളുടെ സ്വകാര്യത ഇല്ലാതാക്കേണ്ടെന്ന് ഷാഹിദ് തീരുമാനിക്കുകായിരുന്നു. സങ്കീര്‍ണമായിരുന്നു മിറയുടെ ഗര്‍ഭകാലയളവും പ്രസവവുമെല്ലാം. ജീവിതത്തില്‍ ഇത്രയേറെ വിഷമം നിറഞ്ഞ മറ്റൊരു കാലഘട്ടവും ഷാഹിദിന് ഉണ്ടായിട്ടില്ല. പക്ഷേ ആ വിഷമങ്ങളെ വിദൂര ഓര്‍മകളില്‍ നിന്നു പോലും മായ്ച്ചു കളഞ്ഞു മിഷയുടെ പുഞ്ചിരി. മിഷയ്ക്കപ്പുറം തനിക്കൊരു ലോകമില്ലെന്ന് ഷാഹിദ് പറയുന്നു. അതില്‍ മിറയ്ക്ക് കുറച്ചസൂയ ഇല്ലേയെന്നു ഷാഹിദിനു സംശയം ഇല്ലാതില്ല.
മിറ എത്രമാത്രം ഒരു അച്ഛന്‍ കുട്ടിയായിരുന്നുവെന്ന് അവളുടെ അമ്മ പറഞ്ഞ് എനിക്കറിയാം. അതുപോലെയാണ് മിഷ എനിക്കും. ഷാഹിദ് പറയുന്നു. മിഷയെ സമ്മാനിച്ച മിറയെ ഷാഹിദ് കണ്ടതും പ്രണയിച്ചതും വിവാഹം ചെയ്തതുമെല്ലാം സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു. ഷാഹിദിന്‌റേതു പോലെ ഒരു താരകുടുംബത്തിലൊന്നുമായിരുന്നില്ല മിറ ജനിച്ചതും വളര്‍ന്നതും. സിനിമയുടെ ഗ്ലാമറും സമ്പന്നതയും നിറഞ്ഞ ജീവിതം അറിഞ്ഞും അനുഭവിച്ചും വളര്‍ന്ന ഷാഹിദ് മിറയെ വിവാഹം കഴിക്കുന്നുവെന്നത് ബിടൗണിലെ വലിയ ചര്‍ച്ചകളിലൊന്നായിരുന്നു അക്കാലത്ത്. പക്ഷേ ആ ലോകത്തിന്‌റെ തിളകത്തില്‍ ഒട്ടും ആശ്ചര്യമോ അമിത ആകാംക്ഷയോ കാണിക്കാതെ അതൊട്ടും ബാധിക്കാതെയാണ് മിറ ജീവിച്ചതും ജീവിക്കുന്നതും. ഷാഹിദിനെ ഏറ്റവും ആകര്‍ഷിച്ച ഘടകവും ഇതു തന്നെയായിരുന്നു.
സിനിമയിലെത്തി കുറേ കാലം കഴിഞ്ഞാണ് ആ ജീവിതത്തോട് എനിക്കു തന്നെ പൊരുത്തപ്പെടാനായത്. പക്ഷേ മിറയ്ക്ക് ഒട്ടുമേ പ്രശ്‌നമുണ്ടായിരുന്നില്ല. ഞങ്ങളുടെ വിവാഹത്തില്‍ പ്രശസ്തരായ എത്രയോ പേര്‍ വന്നിരുന്നു. അവരെയൊക്കെ മിറ സ്വീകരിച്ച രീതിയും അവരോട് ഇടപഴകിയ രീതിയും അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചു. ആ ജീവിതത്തോട് അമിതമായൊരു താല്‍പര്യവും കാണിക്കാതെ ആകാംക്ഷ കാണിക്കാതെ തന്‌റെ വ്യക്തിത്വം എത്രമാത്രം ആഴത്തിലുള്ളതാണെന്നു മിറ എനിക്കു കാണിച്ചു തരികയായിരുന്നു. ആ തന്‍മയത്വമാണ് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത്. ഷാഹിദ് പറയുന്നു. ഇന്നെനിക്ക് ചെയ്യാന്‍ ഏറെയിഷ്ടമുള്ള കാര്യം വീട്ടില്‍ വെറുതെയിരിക്കലാണ്്. മിറയ്ക്കും മിഷയ്ക്കുമരികില്‍ വെറുതെയിരിക്കാനാണ്. അവരുടെ ലോകത്ത് ഞാന്‍ അത്രമാത്രം സന്തുഷ്ടനാണ്, ഷാഹിദ് പറയുന്നു..
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam