Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നു പരിഹസിച്ചവര്‍ കാണുന്നുണ്ടോ? ആ പൊലീസുകാരൻ ആളാകെ മാറി

Police പൊലീസുകാരൻ വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവും‌ം

പൊലീസ് ഉദ്യോഗസ്ഥരെന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരുന്ന രൂപത്തിലേറെയും ആരോഗ്യ ദൃഡഗാത്രരായവരുടേതാകും. തീപ്പൊരി ഡയലോഗുകളിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയുമൊക്കെ കോരിത്തരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളും ഏറെയുണ്ട്. എന്നാൽ നിത്യജീവിതത്തിലെ പൊലീസുകാരെല്ലാം അത്തരക്കാരാണോ? അല്ലേയല്ല. അവരിൽ വണ്ണം കുറഞ്ഞവരും അമിതവണ്ണക്കാരുമൊക്കെയുണ്ടാകും. അത്തരത്തിലൊരാളായിരുന്നു മധ്യപ്രദേശുകാരനായ പൊലീസ് ഇൻസ്പെക്ടർ ദൗലത് റാം ജോഗത്ത്. വണ്ണം മൂലം മര്യാദയ്ക്കൊന്നു നടക്കാൻ പോലും കഴിയാതിരുന്ന അദ്ദേഹത്തിന് ഇപ്പോൾ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സംഭവിച്ചിരിക്കുന്നത്. അതിനു കാരണമായതോ എഴുത്തുകാരി ശോഭാ ഡെയും.

അമിതവണ്ണക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ പരിഹസിച്ച് എഴുത്തുകാരി ശോഭാ ഡെ ട്വീറ്റ് ചെയ്തത് വൈറലായിരുന്നു, എന്നാൽ ആ ഒരൊറ്റ ട്വീറ്റ് കൊണ്ട് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. പൊലീസുകാരുടെയിടയിലെ അമിതവണ്ണത്തെ പരിഹസിച്ച് 2017, ഫെബ്രുവരിയിൽ ശോഭ ട്വീറ്റ് ചെയ്തത് ദൗലത്തിന്റെ ചിത്രമായിരുന്നു. ട്വീറ്റുകളും മറുട്വീറ്റുകളുമായി പൊണ്ണത്തടിയനായ പൊലീസുകാരന്റെ ചിത്രം വൈറലായി. പൊലീസുകാരുടെ അനാരോഗ്യത്തെക്കുറിച്ച് സമൂഹത്തെ അറിയിക്കാൻ വേണ്ടി ശോഭാ ഡെ ചെയ്ത ട്വീറ്റാണെങ്കിലും പരിഹാസം കൊണ്ടത് ദൗലത്തിന്റെ മനസിലാണ്.

തടികുറച്ചിട്ടു തന്നെ കാര്യമെന്ന് ദൗലത്ത് തീരുമാനിച്ചു. നേരെ മുംബൈയുള്ള ബെരിയാട്രിക്ക് സർജൻ ഡോ. മുഹമ്മദ് ലക്ഡാവാലയെക്കണ്ടു. ട്വീറ്റ് ചെയ്ത് പരിഹാസ്യനായ കഥ വിവരിച്ചു. എങ്ങനെയെങ്കിലും തനിക്ക് തടികുറയണമെന്നു പറഞ്ഞു. ദയനീയസ്ഥിതി കണ്ട ഡോക്ടർ സൗജന്യമായി ദൗലത്തിനെ തടികുറയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയോടൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണരീതികളുമായതോടെ ഒരുവർഷം കൊണ്ട് കുറഞ്ഞത് 65 കിലോ. 180 കിലോയിൽ നിന്നും 115 കിലോയായി ശരീരഭാരം കുറഞ്ഞു. 

ട്വീറ്റിന്റെ പേരിൽ ശോഭാഡെയോട് ആദ്യം വിദ്വേഷം തോന്നിയെങ്കിൽ ഇപ്പോൾ താൻ ഏറ്റവും അധികം നന്ദി പറയുന്നത് അവരോടാണെന്ന് ദൗലത്ത് പറയുന്നു. തന്റെ ജീവിതം മാറ്റിമറിച്ച ട്വീറ്റിന് നന്ദി പറയുന്നതോടൊപ്പം എന്നെങ്കിലും ശോഭാഡെയെ നേരിട്ട് കാണണമെന്ന ആഗ്രഹവും പൊലീസ് ഓഫീസർ പങ്കുവെയ്ക്കുന്നു. ആരോഗ്യപൂർണ്ണമായ ശരീരത്തിന്റെ ആവശ്യകത ബോധ്യമായത് ഇപ്പോഴാണെന്നും അദ്ദേഹം പറയുന്നു. ശ്വാസം മുട്ടില്ലാതെ ഒരടി പോലു തനിക്ക് നടക്കാൻ സാധിക്കില്ലായിരുന്നു, ചികിത്സവേണ്ട അസുഖം തന്നെയാണ് പൊണ്ണത്തടിയെന്നും ദൗലത്ത് പറയുന്നു.  ഇനിയും ഒരു 30 കിലോ കുറഞ്ഞതിന് ശേഷമേ ദൗലത്തിനെ ശോഭാഡെയുടെ മുമ്പിൽ എത്തിക്കുകയുള്ളൂവെന്നാണ് ഡോക്ടറുടെ പക്ഷം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam