മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയുമൊക്കെ ഓർക്കുമ്പോൾ ആദ്യം ഓടിവരുന്നതും ബാല്യകാല ഓർമകളായിരിക്കും. പഴങ്കഥകൾ കേട്ടുറങ്ങി, ആ കൈകൾ കൊണ്ടുള്ള ചോറുരുളകളാൽ വയറു നിറച്ച് കുസൃതിയും കുറുമ്പുമൊപ്പിച്ച് ആ സ്നേഹത്തണലിൽ കഴിഞ്ഞിരുന്ന കാലം. പ്രായമാകുന്നതോടെ അവർക്കു കൊച്ചുമക്കളെക്കുറിച്ചും ധാരാളം സ്വപ്നങ്ങളുണ്ടാകും. അത്തരത്തിൽ പ്രാണനുതുല്യം സ്നേഹിച്ച ഒരു അപ്പൂപ്പന്റെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി ഒരു െകാച്ചുമകൾ ചെയ്ത കാര്യമാണ് ഇന്ന് സമൂഹമാധ്യമത്തിൽ നിറയുന്നത്.
ചൈന സ്വദേശിയായ ഇരുപത്തിയഞ്ചുകാരി ഫു ഷുവെയ് ആണ് കഥയിലെ നായിക. സമൂഹമാധ്യമത്തിലാകെ വിവാഹവസ്ത്രത്തിലുള്ള ഷുവെയ് മുത്തച്ഛനൊപ്പം വിവിധ പോസുകളിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളാണ്. എന്നാൽ ഒന്നിൽപോലും ഷുവെയ്‌യുടെ പ്രതിശ്രുത വരനെ കാണുന്നുമില്ല. അത്തരത്തിൽ അമ്പരപ്പെട്ടവരെ വീണ്ടും അത്ഭുതപ്പെടുത്തിയാണ് ഷുവെയ് ആ ഫോട്ടോഷൂട്ടിനു പിന്നിലെ കഥ പറയുന്നത്.
തന്നെ പൊന്നുപോലെ സ്നേഹിക്കുന്ന മുത്തച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കൊച്ചുമകളെ വിവാഹ വേഷത്തിൽ കാണുക എന്നത്. എന്നാൽ കരിയറിൽ പൂർണ ശ്രദ്ധ നൽകിയിരിക്കുന്ന ഷുവെയ്ക്ക് അടുത്തൊന്നും വിവാഹം കഴിക്കാനും പദ്ധതിയില്ല. എന്നാൽ തന്റെ ഈ തീരുമാനം മുത്തച്ഛനെ വിഷമിപ്പിക്കുമോ എന്നും ഷുവെയ്ക്ക് ആശങ്കയുണ്ടായിരുന്നു. മാത്രവുമല്ല 87കാരനായ മുത്തച്ഛൻ ഇനി എത്രനാള്‍കൂടി ജീവിച്ചിരിക്കുമെന്നതിലും ഉറപ്പില്ല. ഇതോടെയാണ് ആരും ചിന്തിക്കാത്ത ആ വഴി ഷുവെയ് തിരഞ്ഞെടുത്തത്.
മുത്തച്ഛനു വേണ്ടി വിവാഹവേഷത്തില്‍ എത്തുകയും അദ്ദേഹത്തൊടൊപ്പം പലവിധ ചിത്രങ്ങൾക്കു പോസ് ചെയ്യുകയും ചെയ്തു ഷുവെയ്. മുത്തച്ഛനു വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ തനിക്കൊരിക്കലും സമാധാനം ലഭിക്കില്ലെന്നു ചിന്തിച്ചിരുന്നു ഷുവെയ്. അടുത്തിടെ ആശുപത്രിയിൽ പരിശോധനയ്ക്കു പോയപ്പോൾ അടുത്തിടെ ആശുപത്രിയിൽ പരിശോധനയ്ക്കു പോയപ്പോൾ മുത്തച്ഛന്റെ ശാരീരികനില വളഷായിക്കൊണ്ടിരിക്കുകയാണെന്നു കൂടി ഡോക്ടർമാർ പറഞ്ഞതോടെയാണ് വെഡ്ഡിങ് ഫോട്ടോഷൂട്ട് ചെയ്യാൻ ഷുവെയ് തീരുമാനിച്ചത്.
മുത്തച്ഛനുമായി ഇത്രയേറെ ദൃഡമായ ബന്ധം ഉണ്ടായതിനു പിന്നിലും കാരണമുണ്ട്. പത്താം വയസ്സിൽ അച്ഛനും അമ്മയും പിരിഞ്ഞതിനു ശേഷം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു ഷുവെയ്‌യുടെ ജീവിതം. സുഹൃത്തുക്കളെപ്പോലെ ചിലപ്പോൾ അവരേക്കാളുമൊക്കെ അപ്പുറത്തായിരുന്നു ഷുവെയ്‌യുടെ മനസ്സിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സ്ഥാനം.
മാത്രമല്ല തന്റെ സ്നേഹത്തിന്റെ പ്രതീകമായി കൈത്തണ്ടയിൽ മുത്തച്ഛന്റെ ചിത്രവും ടാറ്റൂ ചെയ്തിട്ടുണ്ട് ഷുവെയ്. ഇപ്പോഴും ഷുവെയ്‌യുടെ മുത്തച്ഛന്റെ ആരോഗ്യാവസ്ഥയിൽ മാറ്റമൊന്നുമില്ല. സ്ട്രോക്കും ഹൃദയാഘാതവുമൊക്കെ ഒരിക്കൽ വന്നതുകൊണ്ടുതന്നെ അതീവശ്രദ്ധയോടെയാണ് അദ്ദേഹത്തെ ഷുവെയ് പരിപാലിക്കുന്നത്.
ഇതുപോലൊരു കൊച്ചുമകളെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നാണ് ഷുവെയ്‌യുെട കഥയ്ക്കു പലരും കമന്റ് ചെയ്യുന്നത്. മുത്തച്ഛനെയും മുത്തശ്ശിയെയുമൊക്കെ വൃദ്ധസദനങ്ങളുടെ പടവുകളിലിരുന്നു കണ്ടുമടങ്ങുന്നവർക്ക് ഷുവെയ് ഒരു നല്ല പാഠമാണ് പകരുന്നത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam