Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കജോളിനെ വിവാഹം കഴിച്ചത് ‌ടെറസിൽ വച്ച്' അജയ് ദേവ്ഗൺ

Kajol കജോളും അജയ് ദേവ്ഗണും

ബോളിവുഡിലെ മാതൃകാ ദമ്പതികളാണ് കജോളും ഭർത്താവ് അജയ് ദേവ്ഗണും. സിനിമയിലെ താരറാണിയായി വിലസുന്നതിനിടെയാണ് അജയ് കജോളിന്റെ കഴുത്തിൽ മിന്നണിയിക്കുന്നത്. ഇക്കഴിഞ്ഞ ഇരുപത്തിനാലിന് ഇരുവരും വിവാഹിതരായി പത്തൊമ്പതു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. പൊതുവേ കുടുംബ ജീവിതത്തെക്കുറിച്ച് അത്രയൊന്നും വിട്ടുപറയാത്ത അജയ് തന്റെ ലളിത വിവാഹത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

''ഒരു സിനിമയുടെ സെറ്റിൽ വച്ചാണ് താനും കജോളും പരിചയപ്പെടുന്നത്. പൊതുവേ ശാന്തസ്വഭാവക്കാരനായിരുന്ന താനൊരു അഹങ്കാരിയാണെന്നാണ് കജോള്‍ ധരിച്ചിരിക്കുന്നത്, എങ്കിലും പതിയെ കൂട്ടാവുകയായിരുന്നു. സുഹൃത്തുക്കളായി തുടരുന്നതിനിടെയാണ് വിവാഹം കഴിക്കാമെന്നു തീരുമാനിക്കുന്നത്. എന്നാൽ സാധാരണ വിവാഹങ്ങളിലേതുപോലെ തങ്ങൾക്കിടയിൽ ഒരു പ്രൊപോസ് ചെയ്യല്‍ ഉണ്ടായിരുന്നില്ല. 

വിവാഹം അത്ര വലിയ രീതിയിൽ ന‌ടത്തുന്നതിനോടും താൽപര്യമില്ലാതിരുന്നതിനാൽ വീടിന്റെ ടെറസിൽ വച്ചാണ് വിവാഹം നടത്തിയതെന്നും അജയ് പറയുന്നു. ബെഡ്റൂമിൽ നിന്നും ടെറസിലേക്കു പോയി വിവാഹം കഴിച്ചു വീണ്ടും ബെഡ്റൂമിലേക്കു തിരികെ വന്നു എന്നാണ് വിവാഹത്തെക്കുറിച്ച് അജയ് പറഞ്ഞത്.''

മനസ്സിൽ മറ്റൊരു പ്രണയം സൂക്ഷിക്കവേ പ്രണയത്തിലായവരാണ് തങ്ങളെന്ന് കജോൾ മുമ്പു പറഞ്ഞിട്ടുണ്ട്. 1995ൽ ഹൽചൽ എന്ന പടത്തിന്റെ സെറ്റിൽ വച്ചാണ് കജോള്‍ അജയ് ദേവ്ഗണെ പരിചയപ്പെടുന്നത്. ആരോടും സംസാരിക്കാതെ സെറ്റിന്റെ ഒരു മൂലയിൽ ചെന്നിരിക്കുന്ന അജയ്‌യെക്കുറിച്ചു തനിക്കു വലിയ മതിപ്പുണ്ടായിരുന്നില്ലെന്ന് കജോൾ പിന്നീടു പറഞ്ഞിട്ടുണ്ട്. പതിയെ ഇരുവരും മിണ്ടിത്തുടങ്ങുകയും സുഹൃത്തുക്കളാവുകയും ചെയ്തു. പ്രണയം സംബന്ധിച്ച പല കാര്യങ്ങൾക്കും കജോളിന് ഉപദേശം നൽകിയിരുന്നതും അജയ് ആയിരുന്നു. അക്കാലത്ത് അജയ്‌യും മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. 

Kajol, Ajay Devgan അജയ് ദേവ്ഗണും കജോളും

രണ്ടുവര്‍‌ഷം കഴിഞ്ഞപ്പോഴേക്കും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. പക്ഷേ പ്രണയം ഇരുവരും പറഞ്ഞ രീതിയായിരുന്നു ഏറ്റവും ശ്രദ്ധേയം. മറ്റുള്ളവരെപ്പോലെ തങ്ങൾ ഔപചാരികമായി പ്രൊപോസ് ചെയ്യുകയേ ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട് ഇരുവരും. സാധാരണ പ്രണയികളെപ്പോലെ ഐ ലവ് യൂ പറച്ചിൽ തങ്ങളുടെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും  അജയ്‌ പറഞ്ഞിട്ടുണ്ട്. ബന്ധം വളർന്നതോടെ വിവാഹത്തെക്കുറിച്ച് രണ്ടുപേരും ചിന്തിക്കുകയായിരുന്നു.

താൻ ഏറെ സംസാരിക്കുന്നതും അജയ് ഒട്ടും സംസാരിക്കാത്തയാളുമായതാണ് സന്തുഷ്ട ജീവിതത്തിന്റെ രഹസ്യമായി കജോള്‍ എപ്പോഴും പറയാറുള്ളത്. അജയ് അധികമൊന്നും സാസാരിക്കാറില്ലെന്നു മാത്രമല്ല താൻ പറയുന്നതെല്ലാം സശ്രദ്ധം കേൾക്കുകയും ചെയ്യും. ഇതിൽപരം ഗുണം മറ്റെന്തു വേണമെന്നാണ് താരം ചിരിയോടെ ചോദിക്കാറുള്ളത്.. 

സിനിമയിൽ തിളങ്ങി നിന്നകാലത്താണ് കജോൾ 1999 ഫെബ്രുവരി 24ന് ന‌ടൻ അജയ് ദേവ്ഗണിനെ വിവാഹം കഴിക്കുന്നത്. വർഷങ്ങൾക്കിപ്പുറവും ഇരുവരുടെയും പ്രണയത്തിന് യാതൊരു മാറ്റവുമില്ല. ഇരുവർക്കും നൈസ, യുഗ് എന്നീ രണ്ടു മക്കളുമുണ്ട്. 2003ൽ മകളുടെ ജനനത്തിനു ശേഷം കജോൾ വീണ്ടും സിനിമയിൽ സജീവമായിരുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam