Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അച്ഛാ ഇങ്ങള് മരണ മാസ് ആണ്' , ഹൃദയം തൊട്ട് ഒരു മകൾ അച്ഛനയച്ച കത്ത്

Kavitha കവിത അച്ഛനൊപ്പം

കാലത്തു കണ്ണു തുറന്നു മൊബൈൽ നോക്കുമ്പോൾ ഒരച്ഛൻ കാണുന്നതു വിവാഹപ്രായമായ മകളുടെ കത്ത് ആണെങ്കിലോ, ഞെട്ടും അല്ലേ , തീർച്ച!!! ഇവിടെയും അതു സംഭവിച്ചു, ഞെട്ടിയെന്നു മാത്രമല്ല, മുഴുവൻ വായിച്ച് ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കാഞ്ഞങ്ങാട് സ്വദേശി കെ.ജയരാജന്  അൻപതാം പിറന്നാളിന് ഇളയ മകൾ കവിത നൽകിയ വെറൈറ്റി സമ്മാനമായിരുന്നു ഫെയ്സ്ബുക്കിലൂടെയുള്ള ആ കത്ത്. 

‘‘ ബൈ ദ ബൈ മിസ്റ്റർ ജയരാജേട്ടാ...എന്നാണു സംബോധന... കവിതയ്ക്കു തന്റെ എല്ലാമായ അച്ഛൻ ‘‘മരണ മാസാണ്’’. കരാട്ടെ പഠിക്കാൻ പ്രോത്സാഹിപ്പിച്ചതും, ബൈക്ക് പഠിച്ചപ്പോൾ പിറകിൽ അച്ഛനെ ഇരുത്തണമെന്നു പറഞ്ഞതുമെല്ലാം കവിത ഓർക്കുന്നു. തനിക്കും കുടുംബത്തിനും വേണ്ടി ചെയ്ത വലുതും ചെറുതുമായ സകല കാര്യങ്ങളും എടുത്തു പറഞ്ഞു കവിത ജയരാജനെ ഫ്ലാറ്റാക്കി.

മംഗലാപുരം എസ്ഡിഎം ലോ കോളജിൽ അവസാന വർഷ എൽഎൽബി വിദ്യാർഥിനിയാണ് കവിത. ചെറുപ്പത്തിലേ കവിത എഴുതാൻ മിടുക്കിയാണെന്ന് അമ്മ ബീന പറയുന്നു. ‘തങ്ങളുടെ കുടുംബത്തിലെ ആൺകുട്ടിയാണ് അമ്മു (കവിത). ഫൊട്ടോഗ്രഫിയിലും അവൾക്കു കമ്പമുണ്ട്. രാവിലെ കത്ത് വായിച്ച അദ്ദേഹം ആകെ ‘സെന്റി’ ആയി– ബീനയുടെ വാക്കുകൾ. 

കേരള ഗ്രാമീൺ ബാങ്ക് ഇൻസ്പെക്ഷൻ വിഭാഗത്തിൽ മാനേജരാണു ജയരാജൻ. ഭാര്യ ബീന കാഞ്ഞങ്ങാട് ആവിക്കരയിലെ പിഎൻ പണിക്കർ ആയുർവേദ കോളജ് ഓപിയിലെ ഫാർമസിസ്റ്റ് ആണ്. കവിതയുടെ ചേച്ചി രേവതി ബെംഗളൂരുവിൽ ആയുർവേദ ഡോക്ടറാണ്. അവിടെ ഭർത്താവിനൊപ്പമാണു താമസം. ഇവരെല്ലാരും തന്നെ കവിതയുടെ കത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്. വാക്കുകൾ കൊണ്ടു മകൾ അച്ഛനു നൽകിയ സമ്മാനപ്പൊതി ഒന്നു തുറന്നു നോക്കിയാലോ, കവിതയുടെ കത്ത് വായിക്കാം.

kavitha-1 കവിത അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം

‘‘ഒരു അച്ഛൻ മകൾക്ക് അയച്ച കത്ത്..

അല്ല ഒരു മകൾ അച്ഛന് അയക്കുന്ന കത്ത്;

ബൈ ദി ബൈ മിസ്റ്റർ ജയരാജേട്ടാ,  50 വയസു ആവുന്നു, അപ്പോൾ ഹാപ്പി ബർത്ഡേ

ഇങ്ങള് മരണമാസ് ആണ് അച്ഛാ..അല്ലെങ്കിൽ പറയാ ചുമ്മാ പൊളി ആണ്..23 ആമത്തെ വയസിൽ അമ്മയെ കെട്ടി,24ൽ രേവ് ജനിച്ചു.അത്ര പണ്ടേ കല്യാണം കഴിച്ചു എങ്കിലും 1 ഡിപ്ലോമ,1 ഡിഗ്രി ,ഒരു ടി ടി സി ഒക്കെ ഉണ്ട്. കൂടാതെ ബാങ്കിൽ ജോലിയും . Twist എന്താന്ന് വെച്ചാൽ അച്ചന്റെ ബുദ്ധിയുടെ പകുതി പോലും നമ്മക്ക് കിട്ടിയില്ല എന്നുള്ളതാണ്.

*ചിൽ സാറ ചിൽ*

അപ്പോൾ ബാക് ടു ദി പോയിന്റ്, അമ്മ നമ്മളെ 10 മാസം കഷ്ടപ്പെട്ടു വയറ്റിൽ നടന്നു പ്രസവിക്കുകയാണ് എങ്കിൽ ജീവിതകാലം മുഴുവൻ നമ്മളെ പൊന്നു പോലെ നോക്കി ലാസ്റ് ഒരു കല്യാണവും കഴിപ്പിച്ചു ചെക്കനെ ഏൽപ്പിക്കുന്ന അച്ഛൻ ഹെവി ആണ്. 

അങ്ങനെ രേവ് ജനിച്ചു 4 വര്ഷങ്ങള്ക്കു ശേഷം ഞാൻ ജനിക്കുകയാണ് സൂർത്തുക്കളെ..ഓർമ വെച്ച പ്രായം തൊട്ട് അച്ഛൻ മനസിൽ സൂപ്പർ ഹീറോ ആണ്..കാരണങ്ങൾ പലതാണ്.

അമ്മയെ അച്ഛൻ സ്നേഹിക്കുന്നത് ,ബഹുമാനിക്കുന്നത്., അമ്മ വീട്ടുകാരെ ബഹുമാനിക്കുന്നത്, 

അച്ഛമ്മയേയും ഇളയമ്മയെയും സ്നേഹിക്കുന്നത്..പിന്നെ നമ്മളെയും.

കട്ട കമ്മ്യൂണിസ്റ്റ്കാരൻ ആയതു കൊണ്ട് വീട്ടിൽ വിളക്ക് വെക്കാൻ  താല്പര്യം ഇല്ലാഞ്ഞിട്ട് പോലും എന്റെ വിശ്വാസത്തിനെ എതിർക്കാതെ  വീട്ടിൽ വിളക്ക് വെക്കാൻ വിടുന്ന അച്ഛൻ, അമ്പലത്തിൽ കൊണ്ടുവിട്ടു കൂട്ടാൻ വരുന്ന അച്ഛൻ , ആദർശം വാക്കിൽ മാത്രമല്ല എന്ന് കാണിച്ചു തന്ന അച്ഛൻ കിടു ആണ് .

സ്വന്തം പാർട്ടിയിൽ ഉണ്ടാകുന്ന തെറ്റുകളെ  ന്യായീകരിക്കുന്ന അച്ഛനെ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല. എല്ലാത്തിലും തന്റേതായ അഭിപ്രായങ്ങൾ തന്റേടത്തോടെ അവതരിപ്പിക്കുന്ന അച്ഛൻ എന്റെ ഹീറോ ആണ്.. 

ഇനി അല്‍പം വീട്ടുകാര്യങ്ങളിലേക്കു  കടക്കാം.. ഓണം വിഷു ദിവസങ്ങളിൽ 'അമ്മ അടുക്കളയിൽ കഷ്ടപ്പെട്ടു പണി എടുക്കുമ്പോൾ അമ്മയ്ക്കു സഹായങ്ങൾ ചെയ്തു കൊടുക്കാറുള്ള അച്ഛനിൽ നിന്നാണ് ആണുങ്ങൾ വീട്ടിൽ പണി എടുക്കുന്നതിൽ കുറച്ചിൽ ഇല്ല എന്ന് ഞങ്ങൾ മനസ്സിലാക്കിയത്. 

തന്നെ കൊണ്ട് നടക്കില്ല എന്ന് അമ്മ വിചാരിക്കുന്ന പല കാര്യങ്ങളും  കൂടെ നിന്നു ചെയ്യിക്കുന്ന അച്ഛൻ.

"ജയരാജേട്ടാ, നമുക്ക് ഇന്ന് വെറുതെ ബീച്ചിൽ പോയാലോ" എന്നു പറഞ്ഞാൽ "വാ പോവല്ലോ,മക്കളെ നിങ്ങൾ വരുന്നോ ?"എന്ന് ചോദിക്കുന്ന,  "ഏയ് ഇല്ല അച്ഛാ,  നിങ്ങൾ കപ്പിൾ ഗോൾസ് ആക്കി വായോ.." എന്ന് പറയുമ്പോൾ ഒരു ചിരി സമ്മാനിക്കുന്ന അച്ഛൻ!

27-ാമത്തെ വർഷം പൂർത്തിയാക്കാൻ പോകുന്ന ദാമ്പത്യ ജീവിതത്തിൽ 27 വർഷം മുൻപ് എങ്ങനെയാണോ അതേ പോലെ..(മുടി ആൻഡ് താടി കുറച്ചു വെളുത്തു പോയത് ഒഴിച്ചാൽ) ഇപ്പോഴും.. 

ഇനി എന്റെ കുറച്ചു കാര്യങ്ങളിലേക്ക് കടക്കാം. പരീക്ഷയിൽ മാർക് കുറഞ്ഞാൽ കാവിലെ പാട്ടുമത്സരമുണ്ടല്ലോ എന്ന ഡയലോഗ് സ്ഥിരം പറഞ്ഞു വിഷമങ്ങളെ സന്തോഷമാക്കുന്ന, അച്ഛൻ, 5 ആം ക്ലാസ് മുതൽ ഒറ്റയ്ക്കു ബസിൽ പോയി പഠിക്കണം ​എന്നു പറഞ്ഞു കൺസെഷൻ കാർഡു തന്നു ഒറ്റയ്ക്ക് പ്രൈവറ്റ് ബസിൽ യാത്ര ആക്കിയ അച്ഛൻ..പ്ലസ് 2 കഴിഞ്ഞു എൽ എൽ ബി ക്കു പോകണം എന്നു പറഞ്ഞപ്പോൾ ബാക്കി ആർക്കും താൽപര്യമില്ലായിരുന്നു അവിടെയും തുണ ആയത് mr ജയരാട്ടൻ തന്നെ, അവൾക്ക് ഇഷ്ടം ഉള്ളത് അവൾ പഠിക്കട്ടെ എന്നു പറയാൻ കാണിച്ച മനസ് പിന്നെ ഒരു ചെക്കനെ വായി നോക്കുന്ന തൊട്ട് സെറ്റ് അയാൽ വരെ തുറന്നു പറയാൻ ആദ്യം തോന്നുക അച്ചനോടാണ്.. ഒരുമിച്ച് ഒരു ചെക്കനെ നമ്മൾ നോക്കിയ ചരിത്രവുമുണ്ട്..അല്ലെ അച്ഛാ

ഒക്കെ പോട്ടെ, കള്ളിന്റെ രുചി അറിയാൻ ആഗ്രഹം ഉണ്ട് പറഞ്ഞപ്പോൾ അതിനെന്താ ടേസ്റ്റ് നോക്കാല്ലോ പറഞ്ഞ അച്ചൻ ,കരാട്ടെ പഠിക്കാൻ എന്നെക്കാൾ ആവേശം കാണിച്ച അച്ഛൻ,ബൈക്കു പഠിച്ചപ്പോൾ നി എന്നെ പുറകിലിരുത്തി ഓടിക്കണമെന്നു പറഞ്ഞ അച്ഛൻ..ജാതിയും മതവുമില്ലാത്ത മനുഷ്യനാക്കിയ അച്ഛൻ ..

ഇങ്ങളെ പോലെ ഇങ്ങളെ ഉള്ളു അച്ഛാ..

P.S. we love you. Thank you for letting us know how a man should be and being the best for us all..

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam