ജന്മം കൊണ്ട് മാത്രം ഒരു വ്യക്തി മനുഷ്യനാവില്ല, നല്ല മാതാപിതാക്കൾക്ക് ജനിച്ചത് കൊണ്ട് മാത്രം ഒരു വ്യക്തി നല്ലവനുമാകില്ല. എല്ലാ അർഥത്തിലും ഒരു നല്ല വ്യക്തിയാകണമെങ്കിൽ ആദ്യം ചിന്തയും പ്രവർത്തിയും കൂടി ആ വഴിക്കു വരണം. അങ്ങനെയെങ്കിൽ മാത്രമേ അവൻ ഒരു മനുഷ്യൻ എന്ന് വിളിക്കാൻ കഴിയൂ. ഇത് തന്നെയാണ് വിഷ്ണു നന്ദകുമാർ എന്ന ഫേസ്‌ബുക്ക് പേജിന്റെ ഉടമയോട് സോഷ്യൽ മീഡിയക്ക് പറയാനുള്ളത്.
ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ ക്ഷേത്രത്തിനുള്ളിൽ എട്ടു നാൾ ക്രൂരമായ ബലാൽസംഘത്തിന് ഇരയായി എട്ടു വയസ്സുകാരി കൊലചെയ്യപ്പെട്ടപ്പോൾ, ആ കൊലപാതകത്തെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റ് ഇട്ട വ്യക്തിയാണ് വിഷ്ണു നന്ദകുമാർ. ''ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, ഇല്ലെങ്കിൽ നാളെ ഇവൾ ഇന്ത്യക്ക് എതിരെ ബോംബായേനെ'' എന്നാണ് വിഷ്ണു നന്ദകുമാർ കമന്റ് ചെയ്തത്.
എങ്ങനെ പറയാൻ കഴിയുന്നു നിനക്ക് ഇത്തരമൊരു നീച വാക്യം ? നിന്നെ പ്രസവിച്ചതും വളർത്തിയതും ഒരു സ്ത്രീ തന്നെയല്ലേ ? ഒരു പിഞ്ചു ശരീരത്തിൽ വർഗീയതയുടെ വിഷം പുരട്ടിയ കണ്ണുകളോടെ എങ്ങനെ നോക്കാൻ നിനക്ക് സാധിക്കുന്നു ? ആ കുരുന്നിനെ ക്രൂരമായി കൊന്നൊടുക്കിയ ആളുകളുടെ കൂട്ടത്തിൽ തന്നെയാണ് നിന്നെയും ഞങ്ങൾ കാണുന്നത്. വിഷ്ണു നന്ദകുമാറിനെ ശപിച്ചും ചീത്ത വിളിച്ചും സോഷ്യൽ മീഡിയയിലെ കമന്റുകൾ നിറയുകയാണ്.
ശരിയാണ്, ഒരു വ്യക്തിക്കും ചിന്തിക്കാൻ പോലും കഴിയുന്നതിലും അപ്പുറമാണ് ആ വാക്കുകൾ. ജീവിതം എന്തെന്നോ, മതമെന്തെന്നോ, ആരാണ് ശരിയെന്നോ, തെറ്റെന്നോ അറിയാത്ത ഒരു പിഞ്ചു കുഞ്ഞിനെയാണ് ക്രൂരമായി കൊല ചെയ്തിരിക്കുന്നത്. അതിൽ വർഗീയതയുടെ അംശം ഉണ്ടായേക്കാം.. എന്നാൽ അതിനുമപ്പുറം മനസാക്ഷി എന്ന ഒന്നില്ലേ ? മനഃസാക്ഷിയുള്ള ഒരാൾക്ക് പറയാൻ കഴിയുമോ ഇങ്ങനെ ഒരു വാചകം? സോഷ്യൽ മീഡിയ ചോദിക്കുന്നു.
മാപ്പ് അർഹിക്കാത്ത തെറ്റ് തന്നെയാണ് ഇക്കാര്യത്തിൽ ഈ ഫേസ്‌ബുക്ക് പ്രൊഫൈലിന്റെ ഉടമ ചെയ്തത്. ഒരമ്മയും നിന്നോട് ക്ഷമിക്കില്ല. ഏതുവിധേനയും ഈ പ്രൊഫൈലിന്റെ ഉടമയെ കൊണ്ട് മാറ്റിച്ചിന്തിപ്പിക്കണം എന്ന രീതിയിലാണ് സോഷ്യൽ മീഡിയയയിൽ ഓരോ വ്യക്തിക്കും ഈവിഷയത്തിൽ തങ്ങളുടെ അഭിപ്രായം പങ്കുവച്ചത്.
അറിഞ്ഞവർ അറിഞ്ഞവർ വിഷ്ണു നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ കയറി ചീത്ത വിളിക്കാൻ തുടങ്ങിയതോടെ കക്ഷി ഫേസ്‌ബുക്കിൽ നിന്ന് മുങ്ങി. ഒരു സ്വകാര്യ ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ തസ്കിയിൽ ഇരിക്കുന്ന ഒരാൾക്ക് എങ്ങനെ ഇത്തരത്തിലൊക്കെ എഴുതാനാവുമെന്ന് ചോദ്യം ഉയർന്നതോടെ മനുഷ്യത്വ രഹിതമായ കമന്‍റ് നടത്തിയ വിഷ്ണുവിനെ കമ്പനി പിരിച്ചു വിട്ടു. എന്നിരുന്നാലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആ പെൺകുഞ്ഞിനു വേണ്ടി നടക്കുന്ന മുറവിളികൾ അയാളുടെ കണ്ണ് തുറപ്പിക്കും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam