Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിത പങ്കാളിയോട് പറയരുതാത്ത മൂന്ന് കാര്യങ്ങള്‍

life മറ്റുള്ളവർക്ക് ഇല്ലാത്ത പല ഗുണങ്ങളും നിങ്ങളുടെ പങ്കാളിക്ക് ഉണ്ടായേക്കാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന എന്തെല്ലാം കാര്യങ്ങളാണ് നിങ്ങളുടെ പങ്കാളിയില്‍ ഉള്ളതെന്ന് തിരിച്ചറിയുക.

ദാമ്പത്യജീവിതം സന്തോഷകരമായിരിക്കണം എന്നാഗ്രഹിക്കുന്നവരാണ് എല്ലാവരും. മിക്കവരും ഇതിനായി തന്നാലാവുന്ന വിട്ടു വീഴ്ചകള്‍ക്ക് തയാറാകുന്നവരുമാണ്. ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ട് പോകാന്‍ ചിലപ്പോഴെങ്കിലും നമ്മള്‍ മൗനം പാലിക്കേണ്ടി വരും. ചില കാര്യങ്ങള്‍ പറയാതിരിക്കേണ്ടി വരും. പലപ്പോഴും വഴക്കടിക്കുന്ന അവസരത്തില്‍ നാം സ്വയം മറന്ന് സംസാരിക്കുമ്പോഴായിരിക്കും വാക്കുകള്‍ നമ്മുടെ കൈ വിട്ട് പോകുക. പിന്നീട് എത്രയൊക്ക പരസ്പരം ക്ഷമ ചോദിച്ചാലും ആ വാക്കുകള്‍ ഉണ്ടാക്കിയ മുറിവ് ചിലപ്പോള്‍ എന്നന്നേക്കുമായി മനസ്സില്‍ കിടന്നേക്കാം. ഇത് രണ്ടു പേര്‍ക്കിടയിലെ വിടവ് വര്‍ദ്ധിക്കാന്‍ വരെ കാരണമായേക്കും.

അതിനാല്‍ തന്നെ ദാമ്പത്യത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇനി പറയാന്‍ പോകുന്ന മൂന്ന് കാര്യങ്ങള്‍ നിങ്ങള്‍ പങ്കാളിയോട് പറയാതിരിക്കുന്നതാണ് നല്ലത്.

1. മറ്റൊരാളെ താരതമ്യപ്പെടുത്തി സംസാരിക്കാതിരിക്കുക

ഓരോ മനുഷ്യരുടയും വ്യക്തിത്വം വ്യത്യസ്തമാണ്. ഒരാള്‍ക്കും മറ്റൊരാളെപ്പോലെ ആകാൻ കഴിയില്ല. ചിലരിലെ നല്ല ഗുണങ്ങള്‍ കാണുമ്പോള്‍ അത് നമ്മളുടെ പങ്കാളിയില്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഒരിക്കലും ഇക്കാര്യം ചൂണ്ടിക്കാട്ടി അവരെ താരതമ്യപ്പെടുത്തി കുറ്റപ്പെടുത്താന്‍ ഒരുങ്ങരുത്. നിങ്ങളുടെ സുഹൃത്തിന്റെ പങ്കാളിയിലോ നിങ്ങളുടെ തന്നെ മുന്‍ പ്രണയത്തിലോ ഉള്ള പലകാര്യങ്ങളും നിങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തില്‍ സംഭവിച്ചെങ്കിൽ എന്നു തോന്നുക സ്വാഭാവികമാണ്. പക്ഷേ ഒരിക്കലും അക്കാര്യം മറ്റൊരാളെ ചൂണ്ടിക്കാട്ടി അത് ഉദാഹരണമായി പറയരുത്. ഇത് നിങ്ങളുടെ പങ്കാളിയില്‍ അപകര്‍ഷതാ ബോധം ഉണ്ടാക്കാനോ അല്ലെങ്കില്‍ നിങ്ങളോട് അകാരണമായ ദേഷ്യം തോന്നാനോ ഇടയാക്കിയേക്കാം. അങ്ങനെയുള്ള എന്തെങ്കിലും ഗുണങ്ങള്‍ നിങ്ങളുടെ പങ്കാളിക്ക് വേണം എന്നു തോന്നിയാല്‍ അത് മറ്റേതെങ്കിലും രീതിയില്‍ അവരോട് സംസാരിക്കുക.

ഇനി അഥവാ സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റൊരു കാര്യം മനസ്സിലാക്കുക, അവരില്‍ ഇല്ലാത്ത പല ഗുണങ്ങളും നിങ്ങളുടെ പങ്കാളിക്ക് ഉണ്ടായേക്കാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന എന്തെല്ലാം കാര്യങ്ങളാണ് നിങ്ങളുടെ പങ്കാളിയില്‍ ഉള്ളതെന്ന് തിരിച്ചറിയുക. അതില്‍ സന്തോഷിക്കുക.

2. അവര്‍ക്ക് പറ്റുന്ന അബദ്ധങ്ങളില്‍ അധിക്ഷേപിക്കുകയോ കളിയാക്കുകയോ ചെയ്യാതിരിക്കുക

ഏറ്റവുമധികം സ്നേഹിക്കുന്നവര്‍ക്കാണ് ഒരാളെ ഏറ്റവും ആഴത്തില്‍ മുറിവേല്‍പ്പിക്കാനും സാധിക്കുക. നമുക്ക് പറ്റിയ ഒരു അബദ്ധത്തില്‍ മറ്റാരെങ്കിലും കളിയാക്കുന്നതിലും വേദനിക്കുക പ്രിയപ്പെട്ടവര്‍ കളിയാക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുമ്പോഴായിരിക്കും. ജീവിതപങ്കാളിക്ക് ഒരു മണ്ടത്തരം പറ്റിയാല്‍ ഒരു പക്ഷേ ആരും ചിരിക്കുക സ്വാഭാവികമാണ്. ചിരിക്കുന്നതിനപ്പുറം അവരെ അതിന്റെ പേരില്‍ തുടര്‍ച്ചയായി കളിയാക്കാനോ അധിക്ഷേപിക്കാനോ തയാറാകരുത്. അവര്‍ക്ക് പറ്റിയ അബദ്ധത്തില്‍ അവര്‍ക്ക് കുറ്റബോധമുണ്ടാകുക സ്വാഭാവികമാണ്. അബദ്ധം പറ്റിയതിനുള്ള കാരണം കണ്ടെത്താന്‍ അവരെ സഹായിക്കുക. അവരുടെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെങ്കില്‍ അത്തരം കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ അവരെ സഹായിക്കുക.

3. എല്ലാം പങ്കാളിയുടെ തെറ്റാണെന്ന് മുദ്ര കുത്താതിരിക്കുക

കുറ്റപ്പെടുത്തലിന്റെ സ്വരമുള്ള വാക്കുകളാണ് ദാമ്പത്യജീവിതത്തിലെ കലഹത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. തന്നെ കുറ്റം പറയുന്നത് കേട്ടുകൊണ്ട് നില്‍ക്കുക എന്നത് അത്ര രസമുള്ള കാര്യമല്ല. മറ്റെന്തിനോട് പ്രതികരിച്ചില്ലെങ്കിലും കുറ്റപ്പെടുത്തലുകളോട് ഒരു മനുഷ്യന്‍ പെട്ടെന്നു തന്നെ പ്രതികരിക്കും. സ്വാഭാവികമായും തിരിച്ചും കുറ്റപ്പെടുത്തുകയോ അല്ലെങ്കിൽ കുറ്റങ്ങള്‍ നിഷേധിക്കുകയോ ആകും ആ പ്രതികരണം. ഇതില്‍ രണ്ടായാലും അതുകൊണ്ട് പ്രശ്നങ്ങള്‍ വഷളാക്കാനെ സാധിക്കൂ. പങ്കാളിയുടെ പ്രവര്‍ത്തി തെറ്റാണെന്ന് തോന്നിയാല്‍ കുറ്റപ്പെടുത്താതെ അവരെ അക്കാര്യം പറഞ്ഞു മനസ്സിലാക്കുക. നിങ്ങള്‍ക്ക് തെറ്റാണെന്ന് തോന്നാനുണ്ടായ കാരണങ്ങള്‍ വിശദീകരിച്ച് തെറ്റ് തിരുത്താന്‍ അവരെ സഹായിക്കുക.

ഒറ്റ നോട്ടത്തില്‍ നിസ്സാരമെന്ന് തോന്നിയാലും അമേരിക്കന്‍ കുടുംബ സര്‍വേ പ്രകാരം ഏറ്റവുമധികം ദാമ്പത്യ കലഹങ്ങള്‍ ഉണ്ടാക്കുന്നവയാണ് മുകളില്‍ പറഞ്ഞ കാര്യങ്ങൾ. ഇത് അമേരിക്കയിലെ മാത്രമല്ല ലോകത്തെ എല്ലാ ദമ്പതിമാരെയും ബാധിക്കുന്ന കാര്യങ്ങളാണെന്നതിലും സംശയമില്ല. അതിനാല്‍ തന്നെ നിസ്സാരമെന്ന് തോന്നുന്ന ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ വലിയ കലഹങ്ങളില്ലാത്ത ഒരു ദാമ്പത്യജീവിതത്തിന് അത് സഹായിച്ചേക്കാം.

Read more: Lifestyle Malayalam MagazineBeauty Tips in Malayalam