ജീവിച്ച് കൊതിതീരുന്നതിന് മുമ്പേ വിടപറയേണ്ടി വരുന്ന ചില ജീവിതങ്ങളുണ്ട്. അവരുടെ ഓർമകൾ എന്നും പ്രിയപ്പെട്ടവരുടെ ഹൃദയത്തിൽ തോരാവേദനയായിരിക്കും. കാർത്തിക പി വിജയനെന്ന ബിബിഎ വിദ്യാർത്ഥിനിയുടെ അകാലത്തിലുള്ള വേർപാട് സുഹൃത്തുകൾക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. സോഷ്യൽമീഡിയയിൽ ഉടനീളം കാർത്തികയെക്കുറിച്ചുള്ള കണ്ണീർക്കുറിപ്പുകളാണ്.
2018 മേയ് 18 വെള്ളിയാഴ്ച, വീട്ടുകാരുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പരീക്ഷയ്ക്കായി പുറപ്പെട്ടതായിരുന്നു കൊച്ചി അമൃത സ്‌കൂള്‍ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ ബി.ബി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയായ കാർത്തിക. കൊച്ചി മരട് പഴയിരിക്കല്‍ വീട്ടില്‍ വിഷ്ണു ഭവനില്‍ കെഎം. വിജയന്റെയും ഗീതയുടെയും മകളാണ് കാർത്തിക.
അവസാന വർഷ പരീക്ഷ എഴുതാൻ കൂട്ടുകാരിയോടൊപ്പം പുറപ്പെട്ടതാണ് കാർത്തിക. എന്നാൽ ഒരു കുടുംബത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി ഒരിക്കലും തിരിച്ചുവരാത്ത ദൂരത്തേക്കായിരുന്നു ആ യാത്ര. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുന്നുംപുറം സിഗ്നലില്‍വച്ച് കാർത്തികയും ഐശ്വര്യയും സഞ്ചരിച്ചിരുന്ന സ്കൂട്ടറും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചു.
‘സ്കൂട്ടറും കണ്ടെയ്നര്‍ലോറിയും ഒരേ ദിശയില്‍വരുന്നതിനിടെ സ്‌കൂട്ടര്‍ലോറിയുടെ പിന്നിലിടിക്കുകയായിരുന്നുവത്രേ. കുന്നുംപുറം ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞു പോകാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടര്‍ കണ്ടെയ്‌നർ ലോറിയില്‍ കുടുങ്ങി. ഇടിച്ച ഉടനെ കാര്‍ത്തിക ഇടതുഭാഗത്തേക്കും ഐശ്വര്യ വലതുഭാഗത്തേക്കും വീണു. ഉടനെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.’–ദൃക്സാക്ഷികൾ പറയുന്നു.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കാർത്തികയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. സ്‌കൂട്ടര്‍ഓടിച്ചിരുന്ന സഹപാഠി ഐശ്വര്യ എന്‍.ജെ. പരിക്കുകളോടെ രക്ഷപ്പെട്ടു.
ഈ നിമിഷമത്രയും അവസാന സെമസ്റ്ററിലെ ആദ്യ പരീക്ഷയ്ക്കെത്തുന്ന കാർത്തുവിനെയും കാത്ത് സഹപാഠികൾ കൊച്ചി അമൃത സ്കൂൾ ഓഫ് ആർട്സ് ആന്റ് സയൻസിൽ വഴിക്കണ്ണുമായിരിക്കുകയായിരുന്നു. സമയം കടന്നു പോയി...എന്നിട്ടും കാർത്തുവും ഐശ്വര്യയും മാത്രം വന്നില്ല.
വൈകിയും അവളെ കാണാഞ്ഞിട്ടും ആരും അരുതാത്തതൊന്നും ചിന്തിച്ചിട്ടില്ല. കാർത്തുവും ഐശ്വര്യയും എവിടെയെന്ന ചോദ്യത്തിന് ദുഖം തളംകെട്ടി നിന്ന മൗനം മാത്രമായിരുന്നു അധ്യാപകരുടെ ഉത്തരം.
നേരം കടന്നുപോയി പരീക്ഷ അവസാനിച്ച് പുറത്തേക്കിറങ്ങിയ കൂട്ടുകാരികൾക്ക് മറ്റൊന്നും ചോദിക്കാനുണ്ടായിരുന്നില്ല. കാർത്തു എവിടെ....? കാർത്തുവിന് ചെറിയൊരു അപകടം പറ്റി, അവൾ ആശുപത്രിയിൽ സുരക്ഷിതയാണ്. നിങ്ങൾക്ക് ചെന്നാൽ കാണാം....
എന്നാൽ ആ മറുപടിയിൽ ഒളിഞ്ഞിരിക്കുന്ന നഷ്ടം ചിലരെങ്കിലും അതിവേഗം മനസിലാക്കി. തങ്ങളുടെ പ്രിയകൂട്ടുകാരി തങ്ങളെ വിട്ട് പോയെന്ന ആ വാർത്ത പിന്നെ അവിടെയൊരു കൂട്ടക്കരച്ചിലിന് വഴിയൊരുക്കി.
എല്ലാവരോടും ചിരിച്ചു കൊണ്ടു മാത്രം വർത്താനം പറയുന്ന, യാത്രകളെയും പുസ്തകങ്ങളെയും ഇഷ്ടപ്പെടുന്ന അവരുെട കുറുമ്പുകാരി കൂട്ടുകാരി, ഇല്ലെന്ന വലിയ സത്യം ഇനിയും പലരും ഉൾക്കൊണ്ടിട്ടില്ല.
ഇന്ന് ആ വേദനകളുടെ ആഴമൊന്നളക്കണമെങ്കിൽ, ആ നഷ്ടത്തിന്റെ വലുപ്പം അറിയണമെങ്കിൽ കാർത്തുവിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലേക്ക് ഒന്നു പോകണം. ജീവിച്ചു കൊതി തീരാത്ത, വിടരും മുമ്പേ കൊഴിഞ്ഞ ഒരു ഇരുപത്തിയൊന്നുകാരിയുടെ ഓർമ്മ അവിടെ തളംകെട്ടി നിൽക്കുകയാണ്. ഒരു സ്നേഹ നിർഭരമായ വാക്കുകൾക്കും പകരം വയ്ക്കാനാകാത്ത തരത്തിൽ. കാരണം, നഷ്ടങ്ങളുടെ വേദന അത് അനുഭവിച്ചവർക്കല്ലേ അറിയൂ....
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam