ഒരു ചെറിയ രോഗം വരുമ്പോഴേക്കും വിധിയെ ശപിക്കുന്ന, വിധിയുടെ മുന്നിൽ തളർന്നിരുന്നു പോകുന്നവർക്കു മുന്നിൽ പ്രചോദനത്തിന്റെ പാഠമാകുകയാണ് തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവ എന്ന യുവാവ്. കാൻസർ ചികിത്സയുടെ ഭാഗമായി ഇടതുകാൽ മുറിച്ചു മാറ്റേണ്ടി വന്ന ഈ യുവാവിന്റെ കുറിപ്പ് ആരുടേയും കണ്ണുകളെ ഈറനണിയിക്കും, ഒപ്പം പ്രചോദനമേകുകയും ചെയ്യും.
യൗവനം ഉദിച്ചപ്പോൾ തന്നെ വിധി കാൻസറിന്റെ രൂപത്തിൽ നന്ദുവിനെ കീഴടക്കി. എന്നാൽ ആ വിധിക്കു മുന്നിൽ അങ്ങനെ എളുപ്പത്തിൽ തോൽവി സമ്മതിച്ചു കൊടുക്കാൻ നന്ദു തയാറല്ലായിരുന്നു.
തനിക്കു കാൻസർ ആണെന്നും എന്നാൽ താൻ അതിനെ ഭയക്കുന്നില്ല എന്നും വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തും എന്നും നന്ദു പ്രഖ്യാപിച്ചു. തന്നെ പോലെയുള്ള രോഗികൾക്കു പ്രചോദനമാകുന്നതിനായി നന്ദു തന്റെ വാക്കുകൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നീടങ്ങോട്ട് ചികിത്സയ്ക്കായുള്ള ഓട്ടമായിരുന്നു. എന്തിനും ഏതിനും കൂട്ടായി കൂടെ ഉണ്ടായിരുന്നതാകട്ടെ അമ്മയും.
ഒടുവിൽ ചികിത്സയ്ക്കും അതിന്റെ ഭാഗമായുണ്ടായ കീമോതെറാപ്പികൾക്കും ഒടുവിൽ നന്ദു കാൻസറിന്റെ പിടിയിൽ നിന്നും പയ്യെ പുറത്തു വന്നു തുടങ്ങി. എന്നാൽ രോഗം മൂർച്ഛിച്ച അവസ്ഥയിൽ നന്ദുവിന്റെ ഇടത്തെകാൽ മുറിച്ചു മാറ്റേണ്ടതായി വന്നു. എന്നാൽ നന്ദു തളർന്നില്ല. പകരം ഇങ്ങനെ കുറിച്ചു...
''അതെ എന്റെ ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു...എനിക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല ട്ടോ...പക്ഷെ എനിക്കതിൽ ദുഃഖമൊന്നും ഇല്ല..
ഞാൻ വളരെ സന്തോഷവനാണ്...ഡോക്ടർ എന്നോടു ചോദിച്ചു കാൽ വേണോ അതോ ജീവൻ വേണോ എന്ന് ഞാൻ സന്തോഷത്തോടെ പറഞ്ഞു ജീവൻ മതിയെന്ന്...
ഈ യുദ്ധത്തിൽ ഞാൻ വിജയിക്കുക തന്നെ ചെയ്യും...ട്രീറ്റ്മെന്റ് കഴിഞ്ഞിട്ടില്ല...ഈ സുന്ദരമായ ഭൂമിയിൽ വീണ്ടും ജീവിക്കാൻ അനുവാദം തന്ന ദൈവത്തിന് ഒത്തിരി നന്ദി...എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഒരുപാടു നന്ദി...
നിറമില്ല,മീശയില്ല,താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങൾ എന്നെനോക്കൂ...എനിക്കൊരു കാലില്ല എന്നിട്ടും ഞാൻ ഹാപ്പി ആണ്...
അതുകൊണ്ട് നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്തു സങ്കടപ്പെടാതെ സന്തോഷത്തോടെ ജീവിക്കൂ...ഈ ലോകത്തിൽ 750 കോടി ആൾക്കാരിൽ നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ
NB : ഒരു സഹതാപ തരംഗം ഉണ്ടാക്കുകയല്ല എന്റെ ലക്ഷ്യം..നിങ്ങളാരും സഹതാപത്തോടെ നോക്കുന്നതും എനിക്കിഷ്ടമല്ല..
ഞാൻ ധീരനാണ് !!അപ്രതീക്ഷിതമായ രോഗങ്ങളിലും പ്രതിസന്ധികളിലും തകർന്നു പോകുന്നവർക്ക് ഒരു ധൈര്യം കൊടുക്കുകയാണ് എന്റെ ലക്ഷ്യം !!
ആരും ഇനി ഒരു രോഗത്തെയും ഭയപ്പെടാൻ പാടില്ല..കൂടാതെ നിസ്സാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങൾ വെളിച്ചമാകട്ടെ !!ജഗദീശ്വരൻ എനിക്കു തന്ന കർമ്മമാണ് ഇത് !! "നിങ്ങളുടെ സ്വന്തം നന്ദൂസ് "
അതേ, നന്ദുവിന്റെ വാക്കുകൾ നിസ്സാരമായ കുറവുകളെ ഓർത്ത് വിഷമിക്കുന്ന എല്ലാവര്ക്കും പ്രചോദമാകണം. ഒപ്പം വിധിയുടെ മുന്നിൽ തളരാതെ പോരാടാനുള്ള കരുത്തും
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam