Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ ചോദിക്കുന്നു: പ്രണയത്തെ എന്തിനാണ് പേടിക്കുന്നത്?

വീടിന്റെ അകത്തളങ്ങളിൽ കാഞ്ചനമാല കാത്തിരിക്കുന്നു... വീടും നാടും കാലവും കാമുകനൊപ്പം ജീവിക്കാൻ അനുവാദം തരുന്നതു കാത്ത്. മലയാളി പ്രേക്ഷകരുടെ നെഞ്ചിടിപ്പ് ഓരോ നിമിഷവും കൂടികൂടി വരുന്നു. സിനിമ കാണുന്നവരുടെ ഉള്ളിൽ ഇപ്പോൾ ജാതിയില്ല, മതമില്ല, പ്രണയത്തിന്റെ സദാചാരവശങ്ങളെ കുറിച്ച് ആശങ്കയില്ല. മൊയ്തീനും കാഞ്ചനമാലയും ഒന്നിക്കുന്ന നിമിഷത്തിനായി അവർ ആകാംഷയോടെ കാത്തിരിക്കുന്നു. നെഞ്ചിടിപ്പുമായി കാത്തിരിക്കുന്നവരിൽ എല്ലാ ജാതിയിലും മതത്തിലും പെട്ടവരുണ്ട്.. കൗമാരക്കാരുണ്ട്, മധ്യവയസ്ക്കരുണ്ട്, അപ്പൻമാരും ആങ്ങളമാരും ഉണ്ട്, അമ്മമാരും പെൺമക്കളുമുണ്ട്...

കാഞ്ചനയെ, മൊയ്തീനെ, ക്ലാസ്മേറ്റിലെ ഉണ്ടക്കണ്ണി താരാ കുറിപ്പിനെ, അവളെ പ്രേമിച്ച സുഖുവിനെ, റസിയെ പ്രണയിച്ച മുരളിയെ... എന്തിനേറെ മലയാളികളുടെ സദാചാരകള്ളികളിൽ ഒതുങ്ങാത്ത തൂവാനതുമ്പികളിലെ ക്ലാര–ജയകൃഷ്ണൻ പ്രണയത്തെ പോലും കേരളസമൂഹം നെഞ്ചേറ്റി... പ്രണയകഥകൾ മനോഹരമായി പറഞ്ഞ സിനിമകളൊക്കെയും മലയാളത്തിലെന്നും വാരങ്ങളോളം ഹൗസ്lഫുള്ളായി ഓടി. പ്രണയം പറഞ്ഞ പുസ്തകങ്ങളൊക്കെയും വിറ്റു പോയി.. പ്രണയം പാടിയ കവിതകളൊക്കെയും ഇന്നും മലയാളിയുടെ ചുണ്ടോരങ്ങളിൽ തത്തി കളിക്കുന്നു.

എന്നിട്ടും കലകളിൽ നിന്ന്, ഭാവനയിൽ നിന്ന് യാഥാർഥ്യത്തിലേക്ക് ഇറങ്ങി വരുമ്പോഴൊക്കെ പ്രണയം മലയാളിക്ക് അശുദ്ധമായി. സ്വന്തം മകൾക്കും പെങ്ങൾക്കും പാടില്ലാത്ത എന്തോ ഒന്ന്. ഇനി പ്രണയിച്ചാൽ തന്നെ ജാതിയും മതവും കുടുംബമഹിമയും നോക്കി തിരഞ്ഞെടുക്കേണ്ട ഒന്ന്.

തലക്കനമായി കൊണ്ടുനടക്കുന്ന സമ്പൂർണസാക്ഷരതയെന്ന അഹങ്കാരത്തിന്റെ ഭാരം ഇറക്കിവെച്ച് ആത്മാർഥമായി ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. നമ്മൾ പഠിച്ചതെന്തെന്നും പഠിപ്പിച്ചതെന്നും പഠിക്കാതെപോയതെന്തെന്നും. പിതാവിന്റെ കത്തി മുനയിൽ ഒടുങ്ങിയ ആതിരയും, ഭാര്യാസഹോദരന്‍ മരണം വിധിച്ച കെവിനും, സ്നേഹിച്ചു എന്ന തെറ്റിന് ഒരായുസ്സുമുഴുവൻ നീറി തീരാൻ വിധിക്കപ്പെട്ട അവരുടെ പ്രണയികളും നമ്മളോരോരുത്തരും ഉൾപ്പെടുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ്. അതിനാൽ തന്നെ ഈ രക്തത്തിൽ നിന്ന് എനിക്കു പങ്കില്ലെന്ന് കൈകഴുകി ഒഴിയുവാൻ ആർക്കും കഴിയില്ല.

'കൊല്ലണ്ടായിരുന്നു രണ്ടു പൊട്ടിച്ചു വിട്ടാൽ മതിയായിരുന്നു' എന്ന് കെവിനുവേണ്ടി ഉയരുന്ന നെടുവീർപ്പുകളിൽ തെളിയുന്നുണ്ട് വിഷയത്തോടുള്ള സമൂഹത്തിന്റെ നിലപാട്. ജാതിയും മതവും കുടുംബവും നോക്കാതെയുള്ള പ്രണയം ഇവിടെ തല്ലു കൊടുത്തു നേരെയാക്കേണ്ട ഒരു തെറ്റാകുന്നു. പെൺമക്കളെ ചേർത്തിരുത്തി പിന്നെയും അമ്മമാർ ഉപദേശിക്കുന്നു. 'കണ്ടോ.. പറഞ്ഞാൽ കേൾക്കാഞ്ഞിട്ടല്ലേ രണ്ടു കുടുംബങ്ങളിപ്പോൾ കണ്ണീരു കുടിക്കുന്നതെന്ന്'. വലിയൊരു കല്ല്യാണപന്തലും സർവാഭരണവിഭൂഷിതയായ ഒരു വധുവിനെയും സ്വപ്നങ്ങളിൽ കണ്ട് നമ്മൾ മക്കളെ വളർത്തുന്നു. വിവാഹപ്രായമെത്തുന്നതുമുതൽ അപ്പനുമമ്മയും മാത്രമല്ല ഒരു സമൂഹം മുഴുവൻ യുവതിയുവാക്കളുടെ വിവാഹത്തെ കുറിച്ച് ആശങ്കയിലാണ്.. 'കല്ല്യാണമായില്ലെ?' എന്ന കുശലാന്വേഷണം ഒരിക്കലെങ്കിലും കേൾക്കാത്ത യുവതിയുവാക്കൾ കേരളത്തിൽ ഉണ്ടാകുമോ? വിവാഹമെന്ന രണ്ടു മനസ്സുകളുടെ സ്വാഭാവികമായ കൂടിച്ചേരലിനെ ഇത്രമേൽ പ്രശ്നവൽക്കരിച്ചത് സമൂഹമാണ്. അങ്ങനെ വിവാഹം ഒരു അഭിമാനപ്രശ്നമായി... അഭിമാനം കാക്കാനായി ഇഷ്ടമില്ലാത്ത വിവാഹത്തിന് സമ്മതിച്ച് ബാക്കിയുള്ള കാലം മുഴുവൻ നീറിതീരുന്നവരുടെ എണ്ണവും കുറവല്ല.

ദുരഭിമാനക്കൊലകൾ കാത്തത് ആരുടെ അഭിമാനമാണ്? കൊലയാളികൾക്കും ഇരകൾക്കും അഭിമാനമുണ്ട്. സ്വന്തം താൽപര്യത്തിനൊത്ത് ജീവിക്കാന്‍ എല്ലാവർക്കും തുല്യഅവകാശവുമുണ്ട്. ആരും ആരുടെയും അടിമകളല്ല. ആരും ഉടമകളും. സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനം എടുക്കാനും പ്രാപ്തിയുള്ള പുതുതലമുറ ഉണ്ടായിവരട്ടെ... ആരെങ്കിലും പ്രണയിക്കാൻ സാധ്യതയുണ്ടോ എന്നു പേടിച്ച് വരാന്തയിലൂടെ റോന്തുചുറ്റുന്ന അധ്യാപകർ ഇനി വ്യക്തിബന്ധങ്ങളിലെ സത്യസന്ധതയെകുറിച്ച് ഭാവിതലമുറയെ പറഞ്ഞുമനസ്സിലാക്കട്ടെ... അപരന്റെ അഭിമാനത്തിലേക്ക് തുറന്നു വെച്ചിരിക്കുന്ന സമൂഹത്തിന്റെ കണ്ണുകൾ പതിയെ അവനവനിലേക്ക് തിരിയട്ടെ. ഒരോ കുഞ്ഞും ഓരോ വ്യക്തിയാണ്, അവനും അവന്റേതായ ഒരു സ്വത്വമുണ്ട്.സ്വന്തം തീരുമാനങ്ങളുണ്ട്. ജാതിയോ മതമോ, പണമോ, പ്രതാപമോ അല്ല, ഈ വ്യക്തിത്വം മാത്രമാണ് ഒരു മനുഷ്യനെ അടയാളപ്പെടുത്തുന്നതെന്ന പാഠം വരും തലമുറയെങ്കിലും ഹൃദിസ്ഥമാക്കട്ടെ... ആ കനലിന് എണ്ണ പകരട്ടെ, നീനുവിന്റെ കണ്ണുനീർ..

Read more: Lifestyle Malayalam MagazineBeauty Tips in Malayalam