മൂന്നുവർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന്റെ വാക്കുകൾ മലയാളികൾ വളരെ ആകാംഷയോടൊണ് കേട്ടത്. ഹതാശനായി കാണപ്പെടുമെന്ന് കരുതിയ രാമചന്ദ്രനെ പുത്തൻ ഉണർവോടെയാണ് മലയാളി കണ്ടത്. താൻ എല്ലാം തിരിച്ചുപിടിക്കുമെന്നും, കഴിഞ്ഞത് തന്റെ വനവാസമായിരുന്നുവെന്നും രാമചന്ദ്രൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാമചന്ദ്രന്റെ വാക്കുകൾ ഇങ്ങനെ.
ഭാര്യ ഇന്ദു എന്റെ ബിസിനസിൽ ഇടപെട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. തന്നെ മോചിപ്പിച്ചതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഭാര്യയോടാണ്. ഒരു ചെക്കിൽ എവിടെ ഒപ്പിടണമെന്ന് പോലും അറിയാതിരുന്ന ഭാര്യ, അവളാണ് തന്നെ പുറത്തെത്തിച്ചതിന് കൂടുതൽ സഹായിച്ചത്. നന്നായി നടത്തിയിരുന്ന രണ്ട് ആശുപത്രികൾ വിറ്റു. ഒന്നിൽ 1300ലധികം രോഗികളെ ഉൾക്കൊള്ളാനുള്ള സ്ഥലമുണ്ടായിരുന്നു.
തന്റെ ശിഷ്ടജീവിതം ഇന്ദുവിനുവേണ്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടികൾ വിലമതിക്കുന്ന ഡയമണ്ടെല്ലാം കുറഞ്ഞ വിലയ്ക്കു വിൽക്കേണ്ടി വന്നു. ജീവനക്കാർക്കുള്ള ശമ്പളവും ഗ്രാറ്റുവിറ്റിയുമൊക്കെ തീർക്കാനായിരുന്നു അത്. അപ്പോൾ കമ്പനിക്ക് ജനറൽ മാനേജർ പോലും ഇല്ലായിരുന്നു. എല്ലാവരും വിട്ടുപോയിരുന്നു. ഇന്ദുവാണ് ആസമയം സധൈര്യം നേരിട്ടത്. താമസിച്ചിരുന്ന വീട് നഷ്ടപ്പെട്ടില്ല എന്നത് ഭാഗ്യമാണ്. മാധ്യങ്ങളെല്ലാം പലതരം വാർത്തകൾ ചമച്ചു. അപ്പോഴെല്ലാം ഇന്ദു വിളിക്കും. ധൈര്യം പകരും. ഇതെല്ലാം പുറത്തിറങ്ങിയാൽ തീരുന്ന പ്രശ്നങ്ങളല്ലേ എന്നു ചോദിക്കും. ഒരു ദിവസം കുറഞ്ഞത് 10 തവണയെങ്കിലും ഇന്ദു വിളിക്കുമായിരുന്നു.
ജയിലിലായ സമയത്ത് പുറത്തെ വെളിച്ചം കാണാൻ ഒരുപാട് കൊതിച്ചു. നമ്മളെ ഒരു ഫ്രീസറിൽ അടച്ചുവച്ചതു പോലെ തോന്നുമായിരുന്നു. അത്രയ്ക്ക് തണുപ്പ്. സ്ഥാപനങ്ങളും വസ്തുക്കളുെമല്ലാം കുറഞ്ഞ വിലയ്ക്കാണല്ലോ വിറ്റുപോയത് എന്നാലോചിക്കുമ്പോൾ വിഷമമുണ്ട്. ഞാൻപുറത്തുണ്ടായിരുന്നെങ്കിൽ എനിക്ക് സ്ഥാപനങ്ങളെല്ലാം വിൽക്കുമ്പോൾ കൂടുതൽ വിലയക്ക് വേണ്ടി വാദിക്കാൻ കഴിയുമായിരുന്നു.
എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ചോറും പച്ചക്കറികളുമാണ്. അത് ജയലിൽ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഭക്ഷണകാര്യത്തിൽ തൃപ്തനായിരുന്നു. തന്നെ പൊലീസ് കാണണമെന്നു മാത്രമാണ് ആദ്യം ആവശ്യപ്പെട്ടത്. അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല അറസ്റ്റു ചെയ്യുമെന്ന്. ഞാൻ ഒരിക്കലും ഒളിവിലായിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസ് വിളിച്ചപ്പോൾ സംശയം തോന്നിയില്ല.
ചാരത്തിൽ നിന്ന് ഫീനികിസ് പക്ഷിയെപ്പോലെ തിരിച്ചുവരാൻ സാധിക്കും. മക്കളുടെ കാര്യം ഇനി അവർ നോക്കിക്കോളും. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന് എനിക്കു ഉറച്ച വിശ്വാസമുണ്ട്. അറ്റ്ലസ് രാമചന്ദ്രൻ പറയുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam