സർവ്വ സൗഭാഗ്യങ്ങളുടെയും നടുവിൽ നിന്നു കൊണ്ട് സന്തോഷകരമായ ജീവിതം നയിക്കേണ്ട ഒരാൾ അഗതി മന്ദിരത്തിൽ ജീവിതം തള്ളിനീക്കുകയാണ്. കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്.
സിനിമയെ വെല്ലുന്ന യഥാർത്ഥ കഥ പുറത്തു വരുന്നത് ചെന്നൈയിൽ നിന്നാണ്. കോട്ടയം തിരുനക്കരയിൽ വലിയ ഭൂസ്വത്തിന് ഉടമയായിട്ടും ഉറ്റവരും ഉടയവരും സംരക്ഷിക്കാനില്ലാതെ ചെന്നൈയിലെ ഏതോ അഗതി മന്ദിരത്തിൽ കഴിയുകയാണ് മാഗി എന്ന മലയാളി സ്ത്രീ. അയനാവരത്തുള്ള അൻപകം അഗതി മന്ദിരത്തിലേക്ക് ചെന്നാൽ മാഗിയുടെ കരളലിയിപ്പിക്കുന്ന കഥ കേൾക്കാം.
കോട്ടയം തൂമ്പിൽ കുടുംബാംഗം പരേതനായ മാത്തന്റെ മകളാണ് മാഗി. ആരാലും സംരക്ഷിക്കപ്പെടാനില്ലാെത വഴിയരികിൽ നിന്ന് പൊലീസ് കണ്ടെത്തിയ ഇവരെ പൊലീസ് അഗതി മന്ദിരത്തിലെത്തിച്ചു. വീടിനെയും കുടുംബത്തെയും കുറിച്ച് പൊലീസ് ആരായുമ്പോൾ കൃത്യമായ യാതൊരു വിവരവും കൈമാറാനുണ്ടായിരുന്നില്ല ഇവർക്ക്. മാനസിക വൈകല്യം കീഴ്‍പ്പെടുത്തിയ ജീവിതവും പേറി ലക്ഷ്യമില്ലാതെ അലയുകയായിരുന്നു അവർ.
എന്നാൽ വിശദമായ അന്വേഷണത്തിൽ പിന്നീട് പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.
ചെന്നൈ താംബരത്തെ വീട്ടിൽ വാടകയ്ക്ക് കഴിയുകയായിരുന്നു മാഗി. സുവിശേഷകനായ ഭർത്താവ് കഴിഞ്ഞ സെപ്റ്റംബറിൽ മരിച്ചതോടെ ജീവിതത്തിന്റെ സകല പ്രതീക്ഷകളും കൊട്ടിയടക്കപ്പെട്ടു. ജിവിക്കാൻ മറ്റ് മാർഗമില്ലാതായി. ഒടുവിൽ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. മനസിന്റെ സമനില കൂടി തെറ്റിയതോടെ ലക്ഷ്യമില്ലാത്ത അലച്ചിൽ മാത്രമായി മാഗിയുടെ ജീവിതം.
ഭർത്താവിനെക്കുറിച്ച് ചോദിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നാണ് മറുപടി. സഹോദരൻ മനോജ് ചെന്നൈയിൽത്തന്നെയുണ്ടെങ്കിലും ഇയാൾ മരിച്ചുവെന്നാണ് മാഗി പറയുന്നത്.
അവ്യക്തമായ നിറഞ്ഞ കുറച്ചു മറുപടികളൊഴിച്ചാൽ ജീവിതത്തെക്കുറിച്ച് മറ്റൊന്നു പറയാനുണ്ടായിരുന്നില്ല മാഗിക്ക്. ഇതിനെ തുടർന്നാണ് മാഗിയെക്കുറിച്ച് അന്വേഷിക്കാൻ അൻപകം അൻപകം സ്ഥാപക ട്രസ്റ്റി മുഹമ്മദ് റാഫി തന്നെ രംഗത്തിറങ്ങുന്നത്. അന്വേഷണത്തിനൊടുവിൽ കോട്ടയത്തുള്ള ബന്ധു ബേബി ഈപ്പനാണ് ചിത്രം കണ്ട് ഇവരെ തിരിച്ചറിഞ്ഞത്.
അതേസമയം സഹോദരൻ മനോജിനെ ഫോണിൽ ബന്ധുപ്പെട്ടുവെങ്കിലും മാഗിയെക്കുറിച്ച് സംസാരിക്കാൻ തയ്യാറല്ലെന്നായിരുന്നു പ്രതികരണം.
മാഗിയുടെ പിതാവ് മാത്തന്‍ വ്യോമസേനയിലായിരുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും ജോലി ചെയ്ത ശേഷം ഇയാള്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കി. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ള മാഗിയുടേത് പ്രണയ വിവാഹമായിരുന്നുവെന്നും പറയുന്നു. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
മാഗിക്കും കുടുംബത്തിനും കൂടി കോട്ടയം തിരുനക്കരയിലുള്ളത് ഒന്നരക്കോടിയുടെ സ്വത്താണ്. 15 ലക്ഷത്തോളം വിലവരുന്ന 20 സെന്റ് സ്ഥലമാണ് കോട്ടയം ടൗണിനു നടുവില്ലുള്ളതെന്നാണ് കോട്ടയത്ത് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. അതേസമയം കോട്ടയത്തുള്ള സ്വത്ത് മാതാപിതാക്കള്‍ സഹോദരന്റെ പേരില്‍ എഴുതിനല്‍കിയെന്നും മാഗി പറയുന്നുണ്ട്. എന്നാല്‍, മുൻപ് മനോജ് ഈ സ്ഥലം വില്ക്കാന്‍ ശ്രമിച്ചെങ്കിലും മാഗിക്കുകൂടി അവകാശപ്പെട്ടതായതിനാല്‍ വില്‍പ്പന നടന്നില്ലെന്നാണ് അറിയുന്നത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam