Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്കായ അധ്യാപകനെ വിടാതെ വിദ്യാർഥികൾ, കൂട്ടക്കരച്ചിൽ പിന്നെ പൊട്ടിച്ചിരി!!

bhagavan-1

പേര് ഭഗവാന്‍ , വയസ് ഇരുപത്തിയെട്ട്, ജോലി അധ്യാപനം.. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ വെളിഗരം സര്‍ക്കാര്‍ ഹൈസ്കൂളിലെ അധ്യാപകനെ കുറിച്ചാണ് പറയുന്നത്. പേരുപോലെ തന്നെ വിദ്യാര്‍ഥികള്‍ക്ക് ദൈവമാണ് അയാള്‍. രക്ഷിതാക്കള്‍ക്ക് ധൈര്യമാണയാള്‍. നാടിന് വെളിച്ചമാണയാള്‍.

bhagavan-teacher

തിരുവള്ളൂരിലെ തന്നെ ബൊമ്മരാജ് പേട്ടൈ എന്ന ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ഭഗവാന്‍ പഠിച്ചുവളര്‍ന്നത് കേവലമൊരു അധ്യാപകനാവുക എന്ന ലക്ഷ്യത്തോടെയല്ല. തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് കൈപിടിച്ചുയര്‍ത്തുക എന്ന വലിയ ദൗത്യം അയാളുടെ യാത്രയിലുണ്ടായിരുന്നു. 2014ലാണ് സര്‍വീസില്‍ കയറുന്നത്. വലിയ പഠനനനിലവാരം ഒന്നും ഇല്ലാത്ത വെളിഗരം സര്‍ക്കാര്‍ സ്കൂളില്‍ ആദ്യ നിയമനം. യുവത്വത്തിന്‍റെ ചുറുചുറുക്കോടെ അയാള്‍ ആ സ്കൂളിന്‍റെ പൂമുഖത്ത് എത്തിയത് വെറുതെയായിരുന്നില്ല.  നാല് വര്‍ഷം കൊണ്ട് വിദ്യാഭ്യാസത്തിന്‍റെ ഉന്നതിയിലേക്ക് വിദ്യാലയത്തെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു ഭഗവാന്‍. വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാവും, ജ്യേഷ്ടനും , സുഹൃത്തുമൊക്കെയായി ആ മനുഷ്യന്‍ മാറി. അതുകൊണ്ടാണ് അധ്യാപക–വിദ്യാര്‍ഥി ആത്മബന്ധത്തിന്‍റെ അത്യപൂര്‍വമായൊരു കാഴ്ച ഇന്ന് കാണേണ്ടി വന്നത്.

മുപ്പത്തിയഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ജൂനിയറായ ഭഗവാനെ സ്ഥലംമാറ്റിയത്. ഭഗവാന്‍ എന്ന അധ്യാപകനെ വിശ്വസിച്ചാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പല രക്ഷിതാക്കളും കുട്ടികളെ വെളിഗരത്തേക്ക് മാറ്റി ചേര്‍ത്തത്. ഇരുന്നൂറ്റി അമ്പതിലധികം വിദ്യാര്‍ഥികളുണ്ട് നിലവില്‍ ഈ സര്‍ക്കാര്‍ ഹൈസ്കൂളില്‍. ആറ് മുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഭഗവാനാണ്. അധ്യാപകന്‍റെ സ്ഥലം മാറ്റം കുട്ടികളറിഞ്ഞു. ഇന്ന് യാത്ര പറഞ്ഞ് ഇറങ്ങിയ ആ യുവ അധ്യാപകനെ കുട്ടികളൊന്നടങ്കം തടഞ്ഞു. ചിലര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു. "ഞങ്ങളെ വിട്ട് പോകരുത്”. "സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കുക" എന്നീ ആവശ്യങ്ങളെഴുതിയ പ്ലക്കാര്‍ഡുമായി ചില കുട്ടികള്‍ മുദ്രാവാക്യം വിളിച്ചു. പോവരുതെന്ന് പറഞ്ഞ് അധ്യാപകന്‍റെ കാലില്‍ വീണ് പൊട്ടിക്കരയുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ കണ്ടാല്‍ കണ്ണ് നിറയും. അധ്യാപകന് ചുറ്റും നിന്ന് കുട്ടികളും രക്ഷിതാക്കളും പോകരുതെന്ന് യാചിച്ചു. എല്ലാവരും ചേര്‍ന്ന് എടുത്തുയര്‍ത്തി ഗുരുനാഥനെ വീണ്ടും ക്ലാസിലെത്തിച്ചു. വിദ്യാര്‍ഥി സ്നേഹത്തിന് മുന്നില്‍ ഗുരുനാഥന്‍ പൊട്ടിക്കരയുന്ന കാഴ്ച മാത്രം മതി ആ മനുഷ്യന്‍റെ നന്മയറിയാന്‍. 

മണിക്കൂറുകള്‍ നീണ്ട സമരത്തിനൊടുവില്‍ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിക്കേണ്ടിവന്നു സര്‍ക്കാരിന്. കൂട്ടക്കരച്ചില്‍ പൊട്ടിച്ചിരികള്‍ക്ക് വഴിമാറി. രക്ഷിതാക്കള്‍ക്കും സമാധാനമായി. 

bhagavan-teacher-1

"മാഷ് ഇവിടെ നിന്ന് പോയാല്‍ ടിസി വാങ്ങി പോകും എന്നായിരുന്നു ആറാം ക്ലാസുകാരന്‍ തമിളരശന്‍റെ വാക്കുകള്‍. ചെറിയ ക്ലാസില്‍ തന്നെ ഇംഗ്ലീഷ് സംസാരിക്കാന്‍ പറ്റുന്നതിന്‍റെ ആത്മവിശ്വാസം തമിളരശന്‍റെ മുഖത്ത് പ്രകടം. അധ്യാപകനെ എങ്ങോട്ടും വിടില്ലെന്ന വാശിയും"

"വീട്ടുകാരേക്കാള്‍ ഇഷ്ടമാണ് എട്ടാം ക്ലാസുകാരി കാവ്യക്ക് ഭഗവാന്‍ മാഷിനെ. പഠനം മാത്രമല്ല ഭക്ഷണം കഴിച്ചോ? അസുഖമൊന്നും ഇല്ലല്ലോ? എന്നിങ്ങനെ ചോദിച്ച് അച്ഛനെപോലെ കൂടെ നില്‍ക്കുമെന്നും കാവ്യ അടിവരയിടുന്നു. പഠിച്ചുവളരുന്ന ഞങ്ങളെ തളര്‍ത്തരുതേ എന്ന അപേക്ഷയും ആ പെണ്‍കൊടിക്കുണ്ട്."

ഓരോ കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശ്രദ്ധയും ടിപ്സുകളും നല്‍കിയാണ് ഭഗവാന്‍ പഠിപ്പിക്കുന്നത്. നാലുമണിയോടെ ക്ലാസു കഴിഞ്ഞാല്‍ രാത്രി എട്ട് വരെ നീളുന്ന സ്പെഷല്‍ ക്ലാസ്. ഇംഗ്ലീഷ് പഠിക്കാനുള്ള ആവേശത്തില്‍ കുട്ടികള്‍ ഒഴുകിയെത്തും. രക്ഷിതാക്കള്‍ കാത്തിരിക്കും. അല്ലെങ്കിലും ദൈവം മുന്നില്‍ വന്ന് സംസാരിക്കുമ്പോള്‍ കുരുന്നുകള്‍ എങ്ങനെ ശ്രദ്ധിക്കാതിരിക്കും..?

തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളില്‍ സ്കൂളുകളുടെ സ്ഥിതി പരിതാപകരമാണ്. മികച്ച വിദ്യാഭ്യാസം ഭൂരിഭാഗം ഗ്രാമങ്ങളിലും ലഭിക്കുന്നില്ല. അങ്ങനൊരു നാട്ടിലാണ് ഇങ്ങനൊരു കഥ എന്നതാണ് ശ്രദ്ധേയം. കുട്ടികളുടെ ഈ സ്േനഹവും കരുതലും കിട്ടാന്‍ ആ അധ്യാപകന്‍ എത്ര കഠിനാധ്വാനിയായിരിക്കും? എത്ര വലുതായിരിക്കും ആ മനുഷ്യന്‍റെ സ്വപ്നങ്ങള്‍.... ഒരധ്യാപകന്‍റെ സ്ഥലം മാറ്റം കണ്ണീരുകൊണ്ട് തടഞ്ഞ ആ കുരുന്നുകള്‍ വരും കാല പ്രതിഭകളാകും, വെറും പ്രതിഭകളല്ല, ഉജജ്വല പ്രതിഭകള്‍.. തളരാത്തവര്‍...